ചരമക്കുറി

ഏറെനാൾ പൂട്ടിക്കിടന്ന വീട് തുറക്കുമ്പോൾ നിലത്തും ചുമരിലും കസേരയിലും കട്ടിലിലും പറ്റിപ്പിടിച്ചിരിക്കും പൊടി ആരോ അരിപ്പയിൽ അരിച്ച മാതിരി. പൊടിയടരിലൂടെ പ്രാണികൾ വരവുപോക്കുനടത്തിയതിൻ പാടുകൾ ആളില്ലെങ്കിലും ആളില്ലായ്കയെ അറിയിക്കാതിരിക്കാൻ അവർ നടത്തിയ ധീര ശ്രമങ്ങൾ. മോന്തായത്തിലെ പൊത്തിൽനിന്ന് ഒരു മാടത്ത ചിറകടിച്ച് പായുന്നു. ജനൽപ്പാളി തുറക്കുമ്പോൾ വീടിന്നകംവന്നു മലർന്നടിച്ചുവീഴുന്നു വെയിൽ. ടക് കടക് കടകടക് ടക് കടക് കടകടക് ടക് കടക് കടകടക് കറങ്ങിനിർത്തിയേടത്തുനിന്ന് പങ്ക വീണ്ടും കറങ്ങാൻ തുടങ്ങുമ്പോൾ തെന്നിത്തെറിക്കുന്നു ഒരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഏറെനാൾ പൂട്ടിക്കിടന്ന
വീട് തുറക്കുമ്പോൾ
നിലത്തും ചുമരിലും
കസേരയിലും കട്ടിലിലും
പറ്റിപ്പിടിച്ചിരിക്കും പൊടി
ആരോ അരിപ്പയിൽ അരിച്ച മാതിരി.
പൊടിയടരിലൂടെ പ്രാണികൾ
വരവുപോക്കുനടത്തിയതിൻ പാടുകൾ
ആളില്ലെങ്കിലും
ആളില്ലായ്കയെ
അറിയിക്കാതിരിക്കാൻ
അവർ നടത്തിയ
ധീര ശ്രമങ്ങൾ.
മോന്തായത്തിലെ പൊത്തിൽനിന്ന്
ഒരു മാടത്ത ചിറകടിച്ച് പായുന്നു.
ജനൽപ്പാളി തുറക്കുമ്പോൾ
വീടിന്നകംവന്നു
മലർന്നടിച്ചുവീഴുന്നു വെയിൽ.
ടക് കടക് കടകടക്
ടക് കടക് കടകടക്
ടക് കടക് കടകടക്
കറങ്ങിനിർത്തിയേടത്തുനിന്ന്
പങ്ക വീണ്ടും കറങ്ങാൻ
തുടങ്ങുമ്പോൾ
തെന്നിത്തെറിക്കുന്നു
ഒരു പല്ലി
വീണിടത്തുനിന്ന്
രണ്ടായി പകുത്തുപോകുന്നു.
ഉറക്കത്തിൽ
കഴുത്തറ്റംവരെ വന്ന്
വെള്ളം വെള്ളം
എന്ന് കിണറ്റിൽനിന്ന്
ഉയർന്നുപൊങ്ങുന്നു
ആളില്ലാത്തൊട്ടി.
ദാഹത്തൊണ്ടയില്‍
മുറുകുന്നു
കൂരിരുട്ടിന്റെ കൈ.
ഝിൽഝിൽ ഝിൽഝിൽ ജിൽ
ഝിൽഝിൽ ഝിൽഝിൽ ജിൽ
ഝിൽഝിൽ ഝിൽഝിൽ ജിൽ
പിറ്റേന്നു കാലത്ത്
കട്ടിലിനുകീഴെ
മലർന്നുകിടക്കുന്നു
ഒരു കൂറയുടെ ജഡം
മരിച്ചിട്ടും മുന്നോട്ടായുന്ന
അതിന്റെ മുൾമീശയിൽച്ചുറ്റി
പുറത്തേക്കിടുമ്പോൾ
ഭയം പാറ്റച്ചിറകുപോലെ
പതംവന്നിരുന്നു.
രംപരം പരമ്പരം പരം പരം
രംപരം പരമ്പരം പരം പരം
രംപരം പരമ്പരം പരം പരം
വെയിലിൽ അടക്കം ചെയ്തു
ഞാനതിനെ.
എനിക്കുപകരം മരിച്ച
കൂറയുടെ ജഡം.

