ഒരൊറ്റപ്പാട്ട്

അന്തിനഗരത്തിൽനിന്നു രണ്ടു താടിക്കാർ കവികൾ, അതിലൊരാളുടെ രാത്രി പ്പട്ടണത്തിൽ ചെന്നിറങ്ങുന്നു ഒന്നാമൻ ഓടക്കുഴൽ ധാരി രണ്ടാമൻ തോൾ സഞ്ചിക്കാരൻ പോന്ന നഗരത്തിന്റെ ബാറിൽനിന്നവർ ബിയറോരോന്നെങ്കിലുമടിച്ചിട്ടുണ്ടാവാം രാത്രിയെങ്കിലും ഒമ്പതായിട്ടില്ല കൈയാൽ പെഡലു കറക്കുമൊരു മുച്ചാടൻ സൈക്കിൾ പാഞ്ഞു പോകുന്നു ഓയ് -രണ്ടാമൻ വിളിക്കുന്നയാളെ അങ്ങനവിടേക്കാ സൈക്കിൾ തിരിയുന്നു, അത് ദൊരൈ / ദൊരൈസ്വാമി, ആന്ധ്രക്കാരൻ, ആ പട്ടണത്തിലെ മുറിക്കാലൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അന്തിനഗരത്തിൽനിന്നു
രണ്ടു താടിക്കാർ കവികൾ,
അതിലൊരാളുടെ രാത്രി
പ്പട്ടണത്തിൽ ചെന്നിറങ്ങുന്നു
ഒന്നാമൻ ഓടക്കുഴൽ ധാരി
രണ്ടാമൻ തോൾ സഞ്ചിക്കാരൻ
പോന്ന നഗരത്തിന്റെ ബാറിൽനിന്നവർ
ബിയറോരോന്നെങ്കിലുമടിച്ചിട്ടുണ്ടാവാം
രാത്രിയെങ്കിലും ഒമ്പതായിട്ടില്ല
കൈയാൽ പെഡലു കറക്കുമൊരു
മുച്ചാടൻ സൈക്കിൾ പാഞ്ഞു പോകുന്നു
ഓയ് -രണ്ടാമൻ വിളിക്കുന്നയാളെ
അങ്ങനവിടേക്കാ സൈക്കിൾ തിരിയുന്നു,
അത് ദൊരൈ / ദൊരൈസ്വാമി,
ആന്ധ്രക്കാരൻ, ആ പട്ടണത്തിലെ
മുറിക്കാലൻ യാചകൻ, ചെറുപ്പക്കാരൻ
അയാളുമാ രണ്ടാമനും തമ്മിലു
ണ്ടാഴമേറിയൊരു ഹൃദയബന്ധം,
ഒരിക്കൽ സ്റ്റാൻഡിലെ ബസിൽ പതിവുപോൽ
ഭിക്ഷ യാചിക്കേ കണ്ടതാണാദ്യം
പിന്നാ പരിചയം വളർന്നങ്ങടുപ്പമായ്.
നാട്ടിൽ വെച്ചൊരാക്സിഡന്റിൽ
കാലുപോയ, ഒരു കൈ പാതി ചത്തുപോയ
കുടുംബമങ്ങനെ പെട്ടുപോയ,
തെണ്ടിയെങ്കിലുമവർക്കിപ്പോൾ ചെലവിനു കാശയക്കുന്ന
കഥകൾ കാര്യങ്ങൾ പങ്കുവെക്കും
തെലുങ്കുമലയാള കൂട്ടുഭാഷയിൽ
അങ്ങനൊത്തിരി കുഞ്ഞുവിശേഷങ്ങൾ
കേട്ടും പറഞ്ഞും തഴച്ചതാം സ്നേഹം
ഇതുവരെ ക്രച്ചസ്സൂന്നിപ്പോന്നതേ
കണ്ടിട്ടുള്ളൂ, ദൊരേ വണ്ടിയിതാരുടെ?
ഒരു ലോട്ടറിക്കാരൻ ചേട്ടന്റെ വണ്ടി,
ഞാൻ കിടക്കും കടത്തിണ്ണയിൽ
ഈയിടെയായി വന്നുറങ്ങും തമിഴൻ
ഒരു തമിഴനും തെലുങ്കനുമിപ്പോൾ
കേരളത്തിൽ ഫ്രണ്ട്- കവിയാകുന്നയാൾ
ചിരിയാകുന്നയാൾ
അക്കവികളൽപം കഴിച്ചെന്ന കാര്യം
മണം മണത്തു പിടിച്ചറിയുന്നയാൾ,
എന്നിട്ടൊരാഗ്രഹം പങ്കുവെക്കുന്നു
അവരോടൊപ്പം കഴിക്കണമയാൾക്കും
ആ മോഹം മാനിച്ചുകൊണ്ടവരപ്പൊഴേ
ഒരു കുപ്പി വാങ്ങാൻ കാശു നീട്ടുന്നു
ഇല്ല സ്വീകരിക്കുന്നില്ലയാളാ തുക
നിങ്ങളിവിടിങ്ങനെ നിന്നാൽ മതി
വാങ്ങി വരും ഞാൻ വേണ്ട സാധനം
അവനെന്തൊരാനന്ദം അമിതോത്സാഹം
അവരോ ധർമസങ്കടത്തിലും
എത്ര തുട്ടുകൾ ചേർന്നതായിടാ
മവന്റെ നോട്ടുകൾ, എത്ര ബസുകൾ
കയറിയിറങ്ങിയുള്ളെത്ര നേരത്തിൻ
അധ്വാനത്തുള്ളികൾ, എന്നിട്ടും
വിലക്കു കേൾക്കാതെ, പോകുന്ന
പോക്കു കണ്ടില്ലേ, ഒമ്പതാകുമ്പോൾ
ഇത് തീരെ ശരിയല്ല, ഞാൻ കൂടാനില്ല
പിച്ചക്കാശിന്റെ ക്വാർട്ടറിന് പോയോനിപ്പം
പൈന്റുവാങ്ങേണ്ടി വന്നതെത്ര കഷ്ടം
എങ്ങനതിറങ്ങും- വിഷമിക്കുന്നൊന്നാമൻ
എന്തു ചെയ്യാൻ, ഇതാളുടെ സന്തോഷം
മറ്റൊന്നുമോർക്കാതെ കൂടാനാവണം-
സങ്കടത്തിൽ തന്നെ രണ്ടാമനും
ദൊരെ വന്നു, ലതിന്റെ കൂടെ
തട്ടുദോശയും ഓംലെറ്റും കരുതൽ.
ഇരുട്ടിൻ മറയുള്ളൊരിടവഴിത്തിണ്ണയിൽ
മൂവരും ചേർന്നിരിക്കുന്നു, കഴിക്കുന്നു
മെല്ലെ ഒന്നാമൻ ഓടക്കുഴലൂതുന്നു
കൂടെ രണ്ടാമൻ പാട്ടുമൂളുന്നു
ദൊരെയതിൽ ലയിച്ചിരിക്കുന്നു
തെലുങ്കിലെ വരികളോർക്കുന്നു
ആരെയൊക്കെയോ എവിടെയൊക്കെയോ
കണ്ടവൻ കൺ തുടക്കുന്നു
അക്കവി പിന്നെയും പിന്നെയുമൂതുന്നു
ആ രണ്ടുപേർ കൂടെ മൂളിയിരിക്കുന്നു
പല്ലവി-ചരണ-മനുപല്ലവി പോൽ
അവരാ രാവിൽ ഒരൊറ്റപ്പാട്ടാകുന്നു.

