എഴുത്തും തർജമയും -പി.എൻ. ഗോപീകൃഷ്ണന്റെ കവിത

പി.എൻ. ഗോപീകൃഷ്ണൻ എന്ന ഒരാൾ മലയാളത്തിലെഴുതിയ ഈ കവിത മലയാളത്തിലേക്ക് തർജമ ചെയ്യാൻ പി.എൻ. ഗോപീകൃഷ്ണൻ എന്ന ഞാൻ പണിപ്പെടുകയാണ്. പക്ഷേ, എന്നെഴുതുമ്പോൾ ഭാഷയെ കുത്തിത്തിരിച്ച് സ്പിൻ ബൗളറായി കവി നിൽക്കുന്നു. ഫുൾസ്റ്റോപ്പിടുമ്പോൾ അയാൾ വിക്കറ്റിന് പിറകിൽ ഗ്ലൗസില്ലാതെ കീപ്പ് ചെയ്യുകയാണ്. അന്തംവിട്ട ഒരു ബിംബകൽപന അയാൾ പറത്തിവിട്ട സിക്സറാണ്. മോശപ്പെട്ട ഒരന്ത്യം അയാളുടെ തെറിച്ച വിക്കറ്റാണ്. ഞാനെന്തിന് അയാൾ ജയിച്ച, തോറ്റ ഇക്കളി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പി.എൻ. ഗോപീകൃഷ്ണൻ എന്ന ഒരാൾ
മലയാളത്തിലെഴുതിയ ഈ കവിത
മലയാളത്തിലേക്ക് തർജമ ചെയ്യാൻ
പി.എൻ. ഗോപീകൃഷ്ണൻ എന്ന ഞാൻ
പണിപ്പെടുകയാണ്.
പക്ഷേ, എന്നെഴുതുമ്പോൾ
ഭാഷയെ കുത്തിത്തിരിച്ച്
സ്പിൻ ബൗളറായി കവി നിൽക്കുന്നു.
ഫുൾസ്റ്റോപ്പിടുമ്പോൾ
അയാൾ വിക്കറ്റിന് പിറകിൽ
ഗ്ലൗസില്ലാതെ കീപ്പ് ചെയ്യുകയാണ്.
അന്തംവിട്ട ഒരു ബിംബകൽപന
അയാൾ പറത്തിവിട്ട സിക്സറാണ്.
മോശപ്പെട്ട ഒരന്ത്യം
അയാളുടെ തെറിച്ച വിക്കറ്റാണ്.
ഞാനെന്തിന്
അയാൾ ജയിച്ച, തോറ്റ
ഇക്കളി കളിക്കണം?
അയാളിൽകൂടി കടന്നുപോകണം?
എന്റെ കടമ തർജമയാണ്.
അയാളെ അയാൾ ആക്കാതിരിക്കലാണ്.
ഉദാഹരണത്തിന്
അയാൾ രക്തം എന്നെഴുതും.
ഞാനത് ചോര എന്ന് തിരുത്തും.
അയാൾ പണം എന്നെഴുതും.
ഞാൻ അത് രൂപയാക്കും.
അപൂർവമായല്ലാതെ
അയാളുടെ ഈച്ചയെ
ഞാൻ കൊതുകാക്കും.
അയാൾ കിഴക്കുനിന്ന് കണ്ട പർവതം
ഞാൻ പടിഞ്ഞാറ് നിന്നു കാണും.
അയാൾ മുകളിലേക്കളന്ന നീളം
ഞാൻ താഴേക്കളക്കും.
അയാളുടെ കണ്ണാടി
വലതു ചുവരിലെങ്കിൽ
ഞാൻ അതെടുത്ത്
ഇടതു ചുമരിലിടും.
രാവിലെ
രണ്ടുവഴിക്ക് പിരിയുന്ന ഞങ്ങൾ
രാത്രി
ഒരിടത്ത് കൂട്ടിമുട്ടുന്നത്
യാദൃച്ഛികം മാത്രം.
പക്ഷേ,
അവിടെ വെച്ച്
ആ കവിത തീർപ്പാകുന്നു
എന്നത്
അനിവാര്യതയും.