സായകം

പാറപ്പുറത്തിരുന്ന് തട്ടാൻകാറ്റ്
വെയിലുരച്ചുരച്ച്
നോക്കവെ
ഉലഞ്ഞുവീണ
*അലിക്കത്ത് പോലൊരു നട്ടുച്ച
ഒഴുകിപ്പോകുന്നു
വായുവിൻ മീതെ.
ജീവനിൽ
കൊതിയും കെറുവുമായ്
തുളയേറെ വീണ് പഴകും
കിളിക്കുറുകൽ മുറുകിയ
നെഞ്ചിൻ കൂടിനുള്ളിലെന്നമട്ടി-
ലരവെള്ളമിരച്ചു കേറും തോണി കിടന്നകിടപ്പിൽ
തുഴഞ്ഞായുന്നു വീണ്ടും.
കൈ,വഴികളനേകം കിലുക്കി
പുഴകടന്ന് പോകും ദേശമാകെ
പൊട്ടിച്ചിതറിക്കിടപ്പാണാ-
മാരിവില്ലി*ന്നലുവളപ്പൊട്ടുകൾ.
ഞെട്ടിത്തെറി,*ച്ചളു
കാണാതായ പാത്രം കണക്കെ
കുഴൽക്കിണറിൻ
തൊണ്ട വറ്റി.
മൃതപ്രായയായ്
കുഴിക്കണ്ണായതാമതിൻ
കണ്ണിൽനിന്നും
തെറിച്ചുവീഴുന്നൊരു ഗോട്ടി
ഉരുണ്ടുമറിയുന്നു.
കുഴലിറക്കി താഴ്പ്പോട്ടാളുകൾ
അറുകൊല നടപ്പാക്കി
പിന്നെയും പിന്നെയും
ജീവനൂറ്റി
ചുവയായ് തീർന്നതിന്നൊടുക്കം
ധവളരക്തം.
മായാരൂപിയായ്
വലംവയ്ക്കും
മാരിക്കാർമുകിലിൻ
കൊണ്ടയിൽ
തൊടുത്തുവിട്ടൊരസ്ത്രമായ്
മിന്നൽപ്പിണർ പാഞ്ഞു പോകവെ,
പൊടുന്നനെ
ഇടിപൊട്ടുമാറൊച്ച മുഴങ്ങിക്കേട്ടു
തനി സ്വരൂപമായി
ഭൂമിയിൽ പതിച്ചതു
മാരിക്കൊടുമുടി കണക്കെ.
============
*അലിക്കത്ത് -മേക്കാതിൽ
*അലുവള -പണ്ട് സ്ത്രീകൾ ധരിച്ചിരുന്ന കിലുക്കവും തിളക്കവുമുള്ള വള.
*സായകം -അമ്പ്
*അളു -പാത്രത്തിന്റെ അടപ്പ്