വെളിച്ച പ്രമാണി

പുലർച്ചെ ടോർച്ചും,
കണ്ണും തെളിച്ചു നടക്കുമ്പോള്‍
കണ്ണിമീൻ തുള്ളികൾ
ആകാശത്തിലെത്തി നോക്കും
വിദൂര ഗോപുരമുരുമ്മി.
മുളങ്കമ്പായുധപാണി,
പല്ലൻ ചിരിക്കൊമ്പിലെ
‘സ്സാറേ വണക്ക’ത്തിൽ
സൈക്കിൾ വാഹനൻ,
മണിയടിച്ചൊഴുക്കൻ
റോന്തുചുറ്റലായ് വിഘ്നേശൻ.
ആദ്യം മുളയ്ക്കും ചായ-
ത്തിളപ്പ് ഗ്ലാസ്സിലാക്കും
‘ഏകാംബര’,നുപദ്വീപ്.
മണത്തോ ചായ, വാലോങ്ങി
വരുന്നു നായ്ക്കുരവകള്‍,
നാവിലൊരു തുള്ളി
വൈരനിര്യാതന പേമൊഴി.
ഇരുട്ടെഴുന്നേറ്റില്ലേയില്ലേ
കൊച്ചു കൊച്ചു മിന്നിപ്പുകളിന്
വെട്ടം ചൂടിച്ചു നോക്കി,
മഞ്ഞു വറ്റുകളെല്ലാം വടിച്ചെടുത്ത്
ഇല്ലാ മുഖത്തിൽ തുളിച്ചു നോക്കി,
ആകാശപ്പൊടി തിളങ്ങും
കിളികളാലലാറം പൊഴിച്ചും,
ആദ്യതീവണ്ടിക്കീറ്റലും
ഒറ്റക്കൺ മുഴപ്പും കൊള്ളിച്ചു നോക്കി.
തിരിഞ്ഞങ്ങനേ കിടക്കുന്നു
ബൈക്കിറങ്ങും വഴിക്കും,
ജങ്ഷനുറങ്ങും പീടിക-
പ്പുറത്തും, കൊക്കിലും ചിറകിലും.
ഇരുട്ടിനിഷ്ടം ഭൂമി തന്നെ,
വെളുത്താലും ഇരുട്ടാകാമല്ലോ...
ടോർച്ചടിച്ചതിരാവിലെ നടത്തം,
എതിരേല്പൂ പുറത്തേയ്ക്കുള്ള വഴി.
വഴി നിറയെ പൂമാലകൾ
ചിരിച്ചാനയിക്കുന്നോ, ദൂരെ-
പുഴയോരമോ, ഒരാളെരിഞ്ഞു
ഗന്ധമായ വഴിത്തിരിവിതോ(1),
പാടവരമ്പിലെ വീട്ടിൽനിന്നും
പുഴവരമ്പിലെച്ചുടുകാട്ടിലേ-
ക്കാദ്യന്തം പൂക്കളാലലംകൃതം.
പൂക്കളെ ചവിട്ടി നടക്കവെ,
പൂക്കൾ ഞെരുങ്ങും മുഖങ്ങൾ,
വളമുറികൾ ചാറിയ പോലെ
പൂമാലകൾ, പടക്കത്തോടുകൾ...
കൊട്ടും പാട്ടും, ചവിണ്ട ചില
തേങ്ങൽ മേമ്പൊടികളും...
ടോർച്ചിലെ ചന്ദ്രനെ കെടുത്തി,
പുഴവക്കില്‍ പുകപോലുള്ള മഞ്ഞി-
ന്നുള്‍ കരണത്തൊന്നു പൊട്ടിച്ച്,
എതിരെയീ പൂ വഴി തെളിയിച്ച്
മറ്റൊരാള്‍ തീയില്‍ കുരുത്തു
വെയിലായ് തോളുരുമ്മി,
നടത്തം തീർന്നില്ലയോയെന്ന്
ദ്വയാർഥത്തിൽ രണ്ടാം ചായയ്-
ക്കടുപ്പു കത്തിച്ചു ചോദിക്കവെ.
ചുണ്ടില്‍ കൊണ്ട പൊള്ളലില്‍
ജീവിതമേ, യെന്നൊരു പാട്...
അതില്‍ പൂവിട്ടു നിന്നു
വെളിച്ച പ്രമാണി സൂര്യന്...
-----------
1. ശ്മശാനത്തിലേക്ക് ആഘോഷത്തോടെ പോകുന്ന രീതി