Begin typing your search above and press return to search.

സായാഹ്നം

സായാഹ്നം
cancel

ഭൂമിയിൽനിന്ന് തിരിച്ചുപോകുന്നവരുടെ വഴിയാണിത്. വേരുകൾ അറ്റുപോയ സമയം ഭാരഹീനമായി പാറിവീഴുന്ന പകലിന്റെ അടിത്തട്ട്. ജീവിതത്തിൽ പുതഞ്ഞുകിടന്ന് ചിറകുമുളച്ച നിഴലുകൾ മടങ്ങിയെത്തുകയാണ്. ഉറുമ്പുകളുടെ പണിശാലയിൽ അവസാനത്തെ വെയിൽ ഊഴം കാത്തുകിടക്കുന്നു. ഭാവിയിലേക്ക് പറന്നുപോയ വെളിച്ചത്തിന്റെ വിരൽപ്പാടുകളെ ഭൂമിയിൽനിന്ന് മടങ്ങിപ്പോകുന്നവരുടെ മാർഗഭൂപടമായി വായിക്കുകയാണ് നാം. പല ലോകങ്ങളുടെ ആനന്ദങ്ങൾ മുറിവേൽപിച്ച ചിറകുകളുമായി പറന്നിറങ്ങിയതാണ് നീ. ആകാശത്തിന്റെ ലിപികൾ മാഞ്ഞുപോയ ഇലകൾ വയലിനുകളായ് വിതുമ്പുന്നത് കാതോർക്കുകയാണ് ഞാൻ. പകലിനെ മുറിച്ചൊഴുകുന്ന ഉച്ചസമയത്തിന്റെ മറുകരയിലാണ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഭൂമിയിൽനിന്ന് തിരിച്ചുപോകുന്നവരുടെ

വഴിയാണിത്.

വേരുകൾ അറ്റുപോയ സമയം

ഭാരഹീനമായി പാറിവീഴുന്ന

പകലിന്റെ അടിത്തട്ട്.

ജീവിതത്തിൽ പുതഞ്ഞുകിടന്ന്

ചിറകുമുളച്ച നിഴലുകൾ

മടങ്ങിയെത്തുകയാണ്.

ഉറുമ്പുകളുടെ പണിശാലയിൽ

അവസാനത്തെ വെയിൽ

ഊഴം കാത്തുകിടക്കുന്നു.

ഭാവിയിലേക്ക് പറന്നുപോയ

വെളിച്ചത്തിന്റെ വിരൽപ്പാടുകളെ

ഭൂമിയിൽനിന്ന് മടങ്ങിപ്പോകുന്നവരുടെ

മാർഗഭൂപടമായി വായിക്കുകയാണ് നാം.

പല ലോകങ്ങളുടെ ആനന്ദങ്ങൾ

മുറിവേൽപിച്ച ചിറകുകളുമായി

പറന്നിറങ്ങിയതാണ് നീ.

ആകാശത്തിന്റെ ലിപികൾ

മാഞ്ഞുപോയ ഇലകൾ

വയലിനുകളായ് വിതുമ്പുന്നത്

കാതോർക്കുകയാണ് ഞാൻ.

പകലിനെ മുറിച്ചൊഴുകുന്ന

ഉച്ചസമയത്തിന്റെ മറുകരയിലാണ്

നമ്മുടെ വീടുകൾ.

അവിടെ,

വള്ളിച്ചെടികളായ് പടർന്നുനിൽക്കുന്ന

അമ്മമാർക്കിടയിൽ

വിഷാദിയായ ദൈവം ചിറകനക്കുന്നുണ്ട്.

ഓർമ അണഞ്ഞുപോയ

നിന്റെ സ്നേഹിതയുടെ കവിതകൾ

പുളിയിലകളുടെ മഴയായി

ഉതിർന്നുനിറയുന്നുണ്ട്.

മറവിയിലേക്ക് വറ്റിപ്പോയ

പുഴയുടെ അടിത്തട്ടിൽ

മിടിപ്പൊടുങ്ങാത്ത ഒറ്റ നക്ഷത്രത്തിന്

മത്സ്യങ്ങൾ കാവൽ നിൽക്കുന്നു.

തുറന്നടയുന്ന കണ്ണുകളായി

പെയ്തിറങ്ങുന്ന കാറ്റ്

നമ്മുടെ കാഴ്ചയുടെ കര കവിയുന്നു.

നിശ്ശബ്ദത പോറലുകൾ വീഴ്ത്തിയ

ജലക്കണ്ണാടിയിൽ

സ്വന്തം പ്രതിബിംബങ്ങളുടെ

വിരൂപമായ മറുപുറം കാണുകയാണ് നാം.

വെളിച്ചത്തെ ചിറകുകളായ് അണിഞ്ഞിരുന്ന നീ

എന്നിൽനിന്നു വേർപെട്ട്

വിവസ്ത്രനായ്‌ നടന്നു മറയുന്നു.

ഇരുട്ടും വെളിച്ചവും ഉപേക്ഷിച്ചുപോയ

ഭൂമിയുടെ ഈ ശൂന്യ സമയത്തെ

ചിറകടികളും മുരൾച്ചകളും കയ്യടക്കുന്നു.

ഭാഷയില്ലാത്തവയുടെ

അഗാധമായ കരച്ചിലുകൾക്ക് കൂട്ടിരിക്കുന്നു

നിനക്കു മുമ്പേ ഇല്ലാതായ ഞാൻ.


News Summary - Malayalam Poem