സെബ്ദെല്ല ജോതെയിലെ സിംഹസൂര്യന്

നക്സല്ബാഡിയിലെ ശവങ്ങള് ‘കൃഷിഭൂമി കര്ഷകന്’ആയിരങ്ങളാര്ത്തലച്ചു ചെങ്കൊടിപ്പടയടുത്തു മണ്ണിലന്ന് ധീരശൂരം അമ്പെടുത്ത് വില്ലെടുത്ത് ആദിവാസി കര്‍ഷകര്‍ പങ്കുവിള നല്‍കിയില്ല കളപ്പുരകളാക്രമിച്ചു നെല്ലെടുത്ത് പകുത്തെടുത്തു ആയിരങ്ങള്‍ കൈക്കരുത്താ- ലായിരപ്പറ കൊയ്തെടുത്തു നാട്ടുജനക്കോടതിയില് ജന്മിത്തല ചോര ചീറ്റി ജന്മിമാരും പടയെടുത്തു നക്സല്ബാഡി കത്തിനിന്നു പടകൂട്ടിയോര് വെടിയുതിര്‍ത്തു പൊന്നരിവാളും തലയരിഞ്ഞു പോലീസ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
നക്സല്ബാഡിയിലെ ശവങ്ങള്
‘കൃഷിഭൂമി കര്ഷകന്’
ആയിരങ്ങളാര്ത്തലച്ചു
ചെങ്കൊടിപ്പടയടുത്തു
മണ്ണിലന്ന് ധീരശൂരം
അമ്പെടുത്ത് വില്ലെടുത്ത്
ആദിവാസി കര്‍ഷകര്‍
പങ്കുവിള നല്‍കിയില്ല
കളപ്പുരകളാക്രമിച്ചു
നെല്ലെടുത്ത് പകുത്തെടുത്തു
ആയിരങ്ങള്‍ കൈക്കരുത്താ-
ലായിരപ്പറ കൊയ്തെടുത്തു
നാട്ടുജനക്കോടതിയില്
ജന്മിത്തല ചോര ചീറ്റി
ജന്മിമാരും പടയെടുത്തു
നക്സല്ബാഡി കത്തിനിന്നു
പടകൂട്ടിയോര് വെടിയുതിര്‍ത്തു
പൊന്നരിവാളും തലയരിഞ്ഞു
പോലീസ് രാജില്‍ ഗ്രാമമെല്ലാം
ഭീതിവിളയും പാടമായി
അധികാരത്തിന്നുടയോനായ്
സൊനാങ്വാങ്ഡി8 പാഞ്ഞുവന്നു
സഖാവൊരാള് കുലച്ചെയ്ത
അമ്പിലൊന്നിലയാൾ വീണു
ആയുധങ്ങളേന്തി സ്ത്രീകള്‍
പേടിപോക്കി സംഘടിച്ചു
പോലീസ് പടകള്‍ വെടിയുതിര്‍ത്തു
പെണ്മുലകള് ചോര തുപ്പി
വിപ്ലവക്കൊലുസ്സൊലിയില് ഗ്രാമ-
മവല്‍ പൂക്കള്‍പോലെ9 നിന്നു
ധനേശ്വരി ദേവി
ഫൂല്മതി ദേവി
സംസാരി സൈബാനി...
പെണ്‍പുലികള്‍
പടനിലത്തില്‍
പാതിവഴിയിലിടറിവീണു
അമ്പെടുത്തോരിരുവാമ്പിറന്നോര്
അഞ്ചുവെടിയില് തലചിതറി
താമരത്തണ്ടു ചീന്തിയപോലിരു-
പിഞ്ചുനെഞ്ചില് വെടി തുളച്ചു
പാടമെല്ലാം ചെന്നിറത്തില്‍
ചോന്നപുല്ലുകള് കൊടി പിടിച്ചു.
തലതെറിച്ച ചങ്കിലപ്പോള്
ചോരചിതറിച്ചെഞ്ചെക്കി പൂത്തു.
സൂര്യനിഴല് വീണ പാടത്തില്‍
ചോര ഗന്ധകപ്പോര്ന്നിലം തീര്‍ത്തു.
ഉരത്തന്മാരധികാരവർഗം
ആക്രമിച്ചു തീവ്രമായി
ഉരുക്കുമുഷ്ടികളാഞ്ഞു വീഴ്കെ
സമരപര്‍വം ചോരതുപ്പി
തോറ്റസമരക്കാറ്റിലന്ന്
സഖാക്കളെല്ലാം ചിതറിയോടി
ബാക്കിയായോര് വീര്യമില്ലാ-
തോടിവേഗം കാടുകയറി.
ചൈനീസ് കാറ്റ്
വിപ്ലവത്തിന് നാമ്പുടച്ച്
അധികാരം ജയംപാടി
ആശയില്നിരാശമാന്തി
സമരവീര്യം ചിതറിനിന്നു
വീര്യമറ്റ സഖാക്കളെല്ലാം
അന്തിക്കാറിന് മേഘമായി
ആളുനോക്കി തരം ചൊല്ലി
സഖാക്കളെയൊന്നായി
കൊന്നുവീഴ്ത്തി
കാടകങ്ങളഭയമായോര്
പേടിയോടെ പൊരുതിനിന്നു
കനുദായും മൂന്നു സഖാക്കളും
മലകള്‍താണ്ടി ചൈന കയറി
വിപ്ലവത്തിൻ പാഠശാലയില്‍
ശസ്ത്രനിർമാണത്തിന് കളരികള്‍
പരിശീലനത്തിന്നന്ത്യ നാളില്‍
മാവോസെയും ചൗ എന്‍ ലായിയും
സ്വീകരണയൊളിമുറിക്കു മുന്നില്‍
ചെറിയ കണ്ണാല്‍ ചിരിച്ചുനിന്നു
നക്സല്ബാഡിയിറങ്ങിയ സഖാക്കള്‍
ആവേശത്തിന് മാമലകയറി
മുഷ്ടിചുരുട്ടിയഭിവാദ്യംചെയ്തു
മാവോസെ തുങ് സിന്ദാബാദ്...
മാന്ഡാരിയില്നിന്നുറഞ്ഞൊരൊച്ചയില്
ചൈനീസ് സിംഹം വീര്യമെറിഞ്ഞു
‘‘ഒപ്പത്തോളൊപ്പത്തില് ചൈന
ആര്ത്തവിഷണ്ണന്മാര്ക്കൊപ്പമിരിക്കും
പടയാളികളുടെ ഹൃദയവികാരം
ചങ്കിലെടുക്കൂ; പോകൂ!
പോരിന് സാഗരമാകൂ.’’
വർഗബോധപ്പെരുമകാട്ടി
മാവോസെയും ചൗ എന്‍ ലായിയും
വാക്കുകളാലമ്പു തൊടുത്തപ്പോള്‍
ചുരങ്ങളേറി കിതച്ചിടുന്നോര്
ആയാസപ്പെട്ടാഞ്ഞു വിളിച്ചു
മാവോസെ തുങ് സിന്ദാബാദ്
ചൈനീസ് സഖാക്കള്‍
സിന്ദാബാദ്...
ഉടഞ്ഞ വിപ്ലവം മരണമണി മുഴക്കുന്നു
വസന്തത്തിന്നിടിമുഴക്കം
ഗ്രാമമൊന്നായ് പടര്‍ന്നേറി
‘വിപ്ലവം തോക്കിന്‍കുഴലിലൂടെ’
ചാരുദായുടെ വാക്കുപൊട്ടി.
ഉന്മൂലനത്തിന് കറുത്ത വാവുകള്‍
തെരുവ് സന്ധ്യയില്‍ മൃത്യുഭയങ്ങളേറ്റി
ജന്മികള് മറ്റധികാര വർഗം
തലയില്ലാതുടല് തെരുവില്വീണു
സാഹസവീര്യം ഭീകരമായി
പാഠശാലകളഗ്നിക്കൂട്ടില്
അക്ഷരമൊന്നായ് ചുട്ടുകരിഞ്ഞു
തെരുവുകളിലപ്പോള് സൈന്യമിറങ്ങി
സഖാക്കളൊന്നായ് പിടഞ്ഞൊടുങ്ങി
ലോക്കപ്പിന്റെ കനത്തയഴികള്
ചോരച്ചുമയില്; മുറികള്‍ ചോന്നു!
പാര്‍ട്ടി ചാരുസഖാവിന്കീഴില്
മിണ്ടാപ്പട്ടി കണക്കെ ചുരുണ്ടു
ധാര്‍ഷ്ട്യം ഉഗ്രതപൂണ്ട മനസ്സില്‍
സ്വയമറിയാതെ അയാള്‍ വിളിച്ചു,
‘‘മഹാനായ സഖാവെ...’’
എതിര്ത്തോരെല്ലാം
കുലംകുത്തികളായി
കനുദായും മിണ്ടാതായി
ആശയഗോപുര
വിപ്ലവ വീഥിയില്‍
വിഗ്രഹമായിട്ടയാള് നിറഞ്ഞു
ഹൃദയപക്ഷത്തിന്
സാഹസബുദ്ധിയില്
ജനങ്ങളൊന്നായ് ഭയം പിടിച്ചു
ക്ഷുഭിതയൗവനം വഴിപിഴച്ച പോല്‍
അണഞ്ഞുപോമൊരു പെരുങ്കമ്പപോലെ
നേര്‍ത്തു നേര്ത്തതിന്നന്ത്യലയമതില്
ബോധമറ്റു പിടഞ്ഞു പാതിയില്‍.
തിരിച്ചു നടത്തത്തില്‍ കനുദാ...
തീവ്രവാദമായുരാരാധന
കൊല്ലലും കൊള്ളിവെയ്പും
അരാജകത്വത്തിന്നസുരവാദ്യക്കൂറ്റില്
പടതോറ്റപ്പോള് ചൈന-
യിടഞ്ഞൊഴിഞ്ഞു
‘ചങ്കിലെ ചൈനയെവിടെ!?
സമരവീര്യം കണ്ണുരുട്ടി
പാറിനിന്ന ചെങ്കൊടിച്ചോപ്പ്
പാടവരമ്പില്‍ ചെളിയണിഞ്ഞു
ചോരചീറ്റി ചുകന്നോരു മണ്ണില്‍
മാവോവാദികള്‍ വെടിപൊട്ടിച്ചു
‘ഇതാണു വിപ്ലവമിതാണു സൂര്യന്!’
ചോരകണ്ടു മടുത്ത ഗ്രാമീണര്‍
ഏകസ്വരത്തില്‍ അവരെ വെറുത്തു
ചെങ്കൊടിയേന്തിനിന്ന കനുദാ
നേര്ചൊല്ലിക്കൊടുത്തു സഖാക്കള്‍ക്ക്
ചോരകണ്ടു ചിരിച്ച മാവോയിസ്റ്റുകള്‍
പാടേ തള്ളിക്കളഞ്ഞു സഖാവിനെ
വനസാഗരത്തില് പൊടിഞ്ഞ കണ്ണീരില്‍
വിടര്‍ന്ന ഗാനം പടര്‍ത്തി സന്ധ്യകള്‍
എത്രസ്വപ്നം പൊടിച്ചതാണീ മണ്ണില്‍
എല്ലാമൊടുങ്ങിക്കഴിഞ്ഞാലിനിയെന്ത്?
കണ്ട സ്വപ്നങ്ങളൊന്നായ് പിടയവെ
ഒറ്റയാംകടല് തീരത്തിരുന്നതിന്
കണ്ണുനീരില്‍ തകര്‍ന്ന സ്വപ്നത്തിന്റെ
പിന്നിലൂടെ കിതച്ചു കനു സന്യാല്‍.
അവസാനയാമത്തിന്‍ തൊട്ടുമുമ്പ്
‘‘വിപ്ലവം ജനഹൃദയത്തില്‍ പിറക്കണം
ആയുധമല്ല പ്രഥമം’’
ഹൃദയം മുഴക്കി കനുദാ...
ജനകീയ വിപ്ലവം
കൊടിതാഴ്ത്തി വീണു
ചാരുവിന് ദര്‍ശനം
കൊടിയേറി നിന്നു
ഉന്മൂലനത്തിന്നുയര്ന്ന പാമ്പുടല്
മണ്ണില്‍ വളര്‍ന്ന് വിഷപ്പല്ലു കാട്ടി
കാടിറങ്ങിയിടയ്ക്കിടെ വന്നവര്‍
ചോരകാട്ടി തിരികെ മറഞ്ഞു
പാടത്തുനിന്നും കര്‍ഷകര്‍ മടങ്ങി
കൊയ്ത്തുപാട്ടിന്നലയൊലി മങ്ങി
മരണതാണ്ഡവം വാടിച്ച കണ്‍കളില്‍
ഉടഞ്ഞ വിപ്ലവം ഘോരക്കിനാവു കാട്ടി
ഒടുവിലൊറ്റയാകുന്നു
ഒറ്റയായിപ്പോയവന്റെ മരണത്തിന്
പോക്കുവെയിലിന്റെ മണം
കുടുംബം, ജീവിതം,
മറന്ന വീഥികള്‍
തിരിഞ്ഞു കുത്തുന്നു
പുഴുക്കളെപ്പോലെ-
യിഴഞ്ഞ ഗലികളില്‍
ഉയിര്കൊടുത്തത്
വൃഥാവിലാകുന്നു
ഒടുവില്‍ താനൊറ്റയാകുന്നു
നാടുറങ്ങുമ്പോള്‍ കനു ദാ
മൂകനായിട്ടുറങ്ങാതെ നിന്നു
പരിഹാസ പകല്വെട്ട കൗതുകം
നിഴല്‍പ്പോലും രാത്രിക്കറുപ്പില്‍ വെളുത്തു
പാടമധ്യത്തില് തലയറ്റുവീണവര്
ഊറിച്ചിരിച്ചവരുടലു കാട്ടുന്നു
ഗലിത്തെരുവുകള്
പടുപാട്ടു പാടുന്നു
വയല്‍നിലങ്ങളില്‍
മനുഷ്യക്കാളകള്
നുകം കഴുത്തേറ്റി-
യറഞ്ഞുവീഴുന്നു
ഒറ്റമുറിവീടിന്റെ
കിളര്‍ന്ന മുറ്റത്ത്
കാല്പ്പെരുമാറ്റങ്ങള്
കാട്ടുമരങ്ങളായി ദൂരെ
ആയാസജീവിതപ്പാടവരമ്പില്
തെരുവിന്റെ ജീവന് മിണ്ടാതെയായി
ജലം സമൃദ്ധമായ് നിറഞ്ഞ ഗ്രാമക്കിണര്
ആളൊഴിഞ്ഞൊറ്റയ്ക്ക് മൂകമായി നിന്നു
വനമൗനം കുടിച്ചുതീര്ത്തൊരാള്
സ്നേഹജല ശബ്ദം കൊതിച്ചിരുന്നുവോ?
ആത്മഹത്യയ്ക്ക് തീ പിടിക്കുന്നു
രണ്ടായിരത്തി പത്താംമാണ്ട്
പകല്‍നേരത്തു വീണ്ടു-
മപരാഹ്ന സൂര്യന്
ദിനക്കലണ്ടറില് ചൊവ്വ
തെളിഞ്ഞു നിന്നനാള്‍
പതിവ് നോട്ടങ്ങളിലേ-
ക്കാഴുന്നു സന്യാല്‍
പതിറ്റടിനേരത്ത്
തുണിയലക്കി വിരിച്ചു
ജീവന്റെ വേരില്‍
കനത്ത നട്ടുച്ചകള്‍
അവസാനഭോജ്യത്തി-
ന്നവസാനയുരുളയില്
മനംപിരണ്ടതില്
കടുംങ്കല്ലു കടിച്ചു
മൗനം നിറഞ്ഞു
മടുത്ത മുറിക്കുള്ളില്‍
ഒറ്റയാന് ജീവന്റെ
വാക്കിന് കടലല
അന്ത്യവാക്കുകളു-
ച്ചം തെറിച്ചുപോയ്
ആപത്തിന്നാഴക്കടല്
കണ്ടു കേണപോല്
പക്ഷികള്വന്നിട്ട്
ജന്നലില്‍ കൊത്തുന്നു
പിന്നെ മിണ്ടാതെയായ്
സിംഹമുരള്ച്ചകള്
വെയിലേറ്റാറിച്ചുരുങ്ങിയ ലുങ്കികള്‍
അയയില്ക്കിടന്നാര്ത്ത-
ക്കടലുതീര്ക്കുന്നു
അടഞ്ഞ ജനാലയില്‍
തലയറ്റ് കാറ്റ്
ഒറ്റയാം കുടിലിന്റെ
നീളന്‍ കഴുക്കോലില്‍
കനത്ത ചങ്കുറപ്പതാ
മുറുകിയാടുന്നു
തുറിച്ച കണ്ണുകളുടഞ്ഞ
ലോകത്തെ
വലിഞ്ഞ നോട്ടത്തില്‍
മുഷ്ടിക്കരങ്ങള് നീട്ടുന്നു
തൂങ്ങിയാടുന്നതിന്
മുന്നില്‍ മുതിര്ച്ചപോല്10
ഒറ്റയായ്പ്പോയതിന്
വേദനപ്പണ്ടങ്ങള്
ഒപ്പമൊളിപ്പിച്ച്
ഒറ്റക്കസേരയും
വന്യവിഷാദത്തി-
ലാദിവാസിക്കണ്ണില്
പൊങ്ങിച്ചു കാറ്റ്
കൂട്ട നിലവിളി
കനുദാ...
മൂകമായോരേടത്തിരുന്നതില്
ചോരകല്ലിച്ചൊരീപ്പെരുങ്കാവ്യം
ഈണമോടന്നാ ബാബുളിന് ഗീതം
ഏകതാരയില്11 കണ്ണീരുപെയ്തു
‘‘അമി ഒപ്പാര് ഹോയെ12
ബൊഷെ ആച്ചി
ഒഹെ ഡോയെ അമ്മാര്‍
പാരേ ലൊയെ ജാ അമായ്...’’

ഇരുട്ടില്‍നിന്നും കാഴ്ചയിലേക്ക് വെളിച്ചത്തെയെറിഞ്ഞ്
അതിര്‍ത്തിയിലെ
ചൈനീസ് മാര്‍ക്കറ്റില്‍
വില്ക്കുവാന്വെച്ച
മനുഷ്യചിത്രങ്ങള്‍
മാവോ, സന്യാല്‍, മജുംദാര്‍...
നേതൃഹൃദയങ്ങള്ക്ക്
സഖാക്കളെന്നുപേര്
ചിരിമറന്ന മുഖങ്ങളില്‍
ചോരകത്തുന്നു
മലങ്കാടിന്നറകളില്
മാവോയിസ്റ്റുകള്‍
വെടിമിന്നിക്കുന്നു
കാനനാതിര്ത്തിയില്
ചോരകള്‍ പാറുന്നു
ഉപ്പു ചാക്കുകള്‍
അസ്ഥിയെ നുറുക്കുന്നു
ജനം നോക്കിനില്‍ക്കേ
ചിത്രമനുഷ്യരില്
കുതിരവേഗത്തില്‍
ജീവന്റെയോട്ടം
രക്തം സിരകളില്‍
ചെമ്പട്ടുടുക്കുന്നു
മാവോയും സന്യാലും
വായുവിലേക്കുയരുന്നു
‘‘അരുത്!’’
വാനവീഥിയില്‍
ഗർജനം പൊട്ടുന്നു
‘‘കാടകംവിട്ട്
നാട്ടകത്തേക്ക് മടങ്ങുക
ഉടഞ്ഞ വിപ്ലവത്തിനിനി
ചോരപ്പൂക്കള്‍ വേണ്ട
സാഹസികതക്കൊട്ടും
സാധ്യതയില്ലാത്തൊരിന്ത്യ
ജനാധിപത്യത്തിന്
ബലംകുറയാതെ
തളിര്ക്കട്ടെയിന്ത്യ
സ്വതന്ത്ര രാഷ്ട്രമായ്...’’
ജനം നോക്കിനില്‍ക്കേ
രണ്ടു നക്ഷത്രങ്ങളാകാശവീഥിയില്
തോളോടു തോള് ചേര്-
ന്നിരു രാജ്യങ്ങളൊന്നായ്
രാഷ്ട്രസീമതന് മണ്ണില്‍ക്കുഴിച്ചിട്ട
മുള്ളുവേലിയില്‍ കാല്കുരുങ്ങീടാതെ
ചോന്നതുമ്പിച്ചിരിത്തുമ്പു തൊട്ടതില്‍
രാജ്യം കടന്നു പെരിയ സഖാക്കള്‍
ഉഗ്രവിപ്ലവ സിംഹ ജന്മങ്ങളില്
ചെറിയോരതിര്ത്തിതന്
കുടുസ്സുഭൂമികള്
വരഞ്ഞിടാറില്ല
മനസ്സിന്കോട്ടയില്
രണാങ്കണങ്ങള്‍ വിശ്വ-
മവര്ക്കൊരൊറ്റ ഭൂമിക.
----------------
കുറിപ്പുകള്‍
8. നക്സല്‍ ബാരിയിലെ പൊലീസ് ഓഫിസര്‍
9. ചുവന്ന വെല്‍വെറ്റ് പൂക്കള്‍ (കോഴിപ്പൂവ്)
10. കാളിക്കുള്ള മുതിരപ്പുഴുക്ക്
11. ബാബുള്‍ സംഗീതോപകരണം
12. ഈ ഏകാന്തമായ അനാഥത്തില്/ ഞാന്‍ തനിച്ചിരിക്കയാണ് എനിക്ക് ഇതെല്ലാം താണ്ടണം/ ദയമയീ നീ എവിടെ?
------------
കടപ്പാട്
1 The First Naxal Kanu Sanyal - Bappaditya Paul
2. കനുസന്യാലിന്റെ ജീവചരിത്രം, വിവര്‍ത്തനം–റോയ് കുരുവിള
3. നക്സല്‍ ദിനങ്ങള്‍–ആര്.കെ. ബിജുരാജ്
4. ലാലന് ഫക്കീര്‍ (ബാബുള്‍ സംഗീതം)