Begin typing your search above and press return to search.

മുഹബത്ത് അൺലിമിറ്റഡ്

മുഹബത്ത് അൺലിമിറ്റഡ്
cancel

മനുഷ്യർ ആഹ്ലാദിക്കുകയാണ്, സുനിത വില്യംസ് തിരിച്ചുവന്നല്ലോ, മനുഷ്യർ അനുതപിക്കുകയാണ് ഗസ്സയിൽ കുഞ്ഞുങ്ങൾ പിന്നെയും കരയുന്നുവല്ലോ? അതിനിടയിലാർക്കു ശങ്ക? മലപ്പുറം മലപ്പുറമെന്നാരു പ്രാകുന്നു? കടല് പാടും കിസ്സപ്പാട്ടിൻ കര പിടിച്ചിങ്ങ് പോരൂ, ഭയക്കേണ്ട തിര മറിക്കില്ല തോണി, തുഴയുന്നു നിഴൽ മറക്കാത്ത കാലം തുഞ്ചത്തെഴുത്തച്ഛൻ ചീട്ടെടുത്തപ്പോൾ മണലിൽ തെളിഞ്ഞൊരു നാട് പാനയിൽ ജ്ഞാനം കൊളുത്തി പൂന്താനം പകർന്ന വിളക്ക് പാരിൻ വിമോചന സമരപ്പതാക ശങ്കരൻ പാറിച്ച ദിക്ക് പാട്ടബാക്കിയ്ക്കരങ്ങിൽ പന്തം പിടിച്ച മണ്ണ് ആശാരി തൻ ഖബർ പള്ളീലടക്കിയ1 പൊന്നുപൊന്നാനിക്ക് പേരാറ് പണിതിട്ട വീട് വന്ദനം, മിന്നൽ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മനുഷ്യർ ആഹ്ലാദിക്കുകയാണ്,

സുനിത വില്യംസ്

തിരിച്ചുവന്നല്ലോ,

മനുഷ്യർ

അനുതപിക്കുകയാണ്

ഗസ്സയിൽ

കുഞ്ഞുങ്ങൾ

പിന്നെയും

കരയുന്നുവല്ലോ?

അതിനിടയിലാർക്കു ശങ്ക?

മലപ്പുറം

മലപ്പുറമെന്നാരു പ്രാകുന്നു?

കടല് പാടും കിസ്സപ്പാട്ടിൻ

കര പിടിച്ചിങ്ങ് പോരൂ, ഭയക്കേണ്ട

തിര മറിക്കില്ല തോണി, തുഴയുന്നു

നിഴൽ മറക്കാത്ത കാലം

തുഞ്ചത്തെഴുത്തച്ഛൻ

ചീട്ടെടുത്തപ്പോൾ

മണലിൽ

തെളിഞ്ഞൊരു നാട്

പാനയിൽ ജ്ഞാനം കൊളുത്തി

പൂന്താനം പകർന്ന വിളക്ക്

പാരിൻ വിമോചന സമരപ്പതാക

ശങ്കരൻ പാറിച്ച ദിക്ക്

പാട്ടബാക്കിയ്ക്കരങ്ങിൽ

പന്തം പിടിച്ച മണ്ണ്

ആശാരി തൻ ഖബർ

പള്ളീലടക്കിയ1

പൊന്നുപൊന്നാനിക്ക്

പേരാറ് പണിതിട്ട വീട്

വന്ദനം, മിന്നൽ കോർത്ത നിലയ്ക്കാത്ത വാക്കിന്,2

ലോകമേ തറവാടെന്നോതിയ

വെട്ടത്തുനാടിൻ കാവ്യപ്രഭയ്ക്ക്,

വന്ദനമുറൂബിൻ

സൗന്ദര്യസാമ്രാജ്യ സങ്കൽപ്പഭൂവിലെ

സുന്ദരീസുന്ദരന്മാർക്ക്

ചമ്രവട്ടത്തെ നിറകൺചിരിക്ക്.3

ആഴിത്തിരകളവിരാമം തഴുകിടും

ചോളമണ്ഡലചാരുത തീർത്തൊരാ

കേസിയെസ്സിൻ കലാചാതുരിക്ക്!

കാലം വിരിച്ച കാൻവാസിൽ

പട്ടം പറത്തി മറഞ്ഞവൾക്ക്,4

നീ വരച്ചപ്പോൾ മാത്രം

പൂങ്കുല പൊഴിച്ച പാഞ്ചാലിക്ക്

നെഞ്ചുപിടഞ്ഞ ഭീമന്5

പന്തലിൽ കല്യാണരാവ്

പെണ്ണിനു പൂന്തിങ്കൾ മോറ്

പിന്നില് പപ്പടം കാച്ചും

ചങ്ങായിമാർക്കെന്തു ചേല്

കാണുവോർ കാണുവോർ

കെട്ടിപ്പിടിയ്ക്കും, ചിരിക്കും

പന്തിയിൽ പ്രേമം വിളമ്പും

പാലട പോലൊരു നാട്

പാരിന് നെയ്ച്ചോറ് വെച്ചതോ

പുഴമണൽ പൂഴിപ്പരപ്പ്

കാലിൽ കൊരുത്ത തരിപ്പ്

പന്തുതട്ടുമ്പോൾ കുതിപ്പ്

മഞ്ചേരി ബീടിഎം ഗ്രൗണ്ടിൽ

മഴവില്ല് പോലൊരു ഗോള്

മൂക്കോല ജങ്ഷനിൽ ബീരാന്റെ ഹോട്ടൽ

‘കേറിവാ മക്കളേ, മുഹബത്ത് അൺലിമിറ്റഡ്’

മുന്നിൽ തെളിയുന്നു ബോർഡ്

പാടുന്നു നാരായണീയം

ഞെരളത്തിടയ്ക്കയിൽ

നിളയിൽ നിലാതഴപ്പായിൽ

പൂംപുലർ പുലരിയ്ക്ക്

സുബ്ഹി നിസ്കാരം

വാഗണിൽ കൊന്നുതള്ളീട്ടും

ചോരാത്ത വീര്യം കാണണോ?

നിങ്ങൾ നിന്നോളൂ പട പതിനായിരം,

ഞങ്ങളീനൂറുപേർ പോരും, കേൾക്കണോ

മൃത്യുവും വിറയ്ക്കും

മാമാങ്കവീര്യം?

നാടിതു മലപ്പുറം, പോരൂ

നമ്മളൊന്നെന്ന6 കൂറ്, കൊടിപ്പടം

നെഞ്ചിൽ തറച്ചോരിടം

പിന്നെയാർക്കെന്തു ചേതം?

‘‘കെട്ടിയിടേണമോ താങ്കൾക്കീയാനയെ?

കറ്റക്കയറുകൾ പോരാ,

മുറ്റും മൃദുലമാം പൂങ്കരൾ നൂറ്റൊരു

പട്ടുനൂലെങ്കിലോ പറ്റും.’’7

-----------------------

കുറിപ്പുകൾ

1. പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദ് നിർമാണത്തിന് നേതൃത്വം വഹിച്ച ആശാരിയുടെ ഖബർ പള്ളിക്കകത്ത് തന്നെ സ്ഥാപിക്കുകയായിരുന്നു. ആശാരി തങ്ങൾ എന്ന പേരിൽ പിന്നീട് ഇദ്ദേഹം അറിയപ്പെട്ടു

2. മിന്നൽ കോർത്ത നിലയ്ക്കാത്ത ഭാഷണമെന്ന് എം. ഗോവിന്ദനെ കുറിച്ച് ആറ്റൂർ

3. സി. രാധാകൃഷ്ണന്റെ നോവൽ

4. ടി.കെ. പദ്മിനിയുടെ അവസാനത്തെ പെയിന്റിങ് -Girl who flies the kite

5. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങൾ

6. നമ്മളൊന്ന് -ചെറുകാടിന്റെ നാടകം

7. ഇടശ്ശേരിയുടെ മലയാളി എന്ന കവിതയിലെ വരികൾ

News Summary - Malayalam Poem