മുരിക്കിൻ പൂവ്

മാങ്ങപെറുക്കാൻ ഓടിയ കാലുകൾ വയൽ കടന്ന് തൊടി കടന്ന് അവളുടെ വീട്ടിൽ അവൾ പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് തിന്നുന്നു പുളിപ്പ് ചങ്കിലൂടെ അകത്തു കേറി തലയ്ക്കു ചുറ്റും കറങ്ങി. എന്റെ കൂരയിൽ ഇരുട്ട് അടുപ്പൂതുന്നു അവളുടെ അരികിലിരുന്നു. കസവു പാവാടയിൽ വിരൽ തൊട്ടു അവൾ ചിരിച്ചു. മുറ്റം നിറയെ മുല്ലപ്പൂക്കൾ പഴുത്തമാങ്ങ മുറിച്ചുതന്നു. പിറകിൽ വെട്ടുകത്തിയുടെ വായ്ത്തല ഓട്ടത്തിനിടയിൽ വീണുപൊട്ടിയ മുട്ടുമായി നിലവിളിച്ചു ചോരത്തുള്ളികൾ നിലത്തുവീണ് വിത്തുകളായി. ഭൂമിയിൽ ആദ്യമായി മുരിക്കിൻമരങ്ങളുണ്ടായി മുള്ളിലും പൂക്കളുണ്ടാകുമെന്ന് ഞങ്ങൾ പഠിച്ചു. ആരും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മാങ്ങപെറുക്കാൻ
ഓടിയ കാലുകൾ
വയൽ കടന്ന് തൊടി കടന്ന്
അവളുടെ വീട്ടിൽ
അവൾ
പച്ചമാങ്ങ ഉപ്പും
മുളകും ചേർത്ത്
തിന്നുന്നു
പുളിപ്പ്
ചങ്കിലൂടെ
അകത്തു കേറി
തലയ്ക്കു ചുറ്റും
കറങ്ങി.
എന്റെ കൂരയിൽ
ഇരുട്ട് അടുപ്പൂതുന്നു
അവളുടെ അരികിലിരുന്നു.
കസവു പാവാടയിൽ
വിരൽ തൊട്ടു
അവൾ ചിരിച്ചു.
മുറ്റം നിറയെ
മുല്ലപ്പൂക്കൾ
പഴുത്തമാങ്ങ
മുറിച്ചുതന്നു.
പിറകിൽ
വെട്ടുകത്തിയുടെ
വായ്ത്തല
ഓട്ടത്തിനിടയിൽ
വീണുപൊട്ടിയ മുട്ടുമായി
നിലവിളിച്ചു
ചോരത്തുള്ളികൾ
നിലത്തുവീണ് വിത്തുകളായി.
ഭൂമിയിൽ ആദ്യമായി
മുരിക്കിൻമരങ്ങളുണ്ടായി
മുള്ളിലും
പൂക്കളുണ്ടാകുമെന്ന്
ഞങ്ങൾ പഠിച്ചു.
ആരും കാണാതെ
മുരിക്കിൻ പൂകൊണ്ട്
നഖങ്ങളുണ്ടാക്കി
അവളെന്റെ ഹൃദയത്തിലും
ഞാനവളുടെ ഹൃദയത്തിലും പതുക്കെ
നഖങ്ങളാഴ്ത്തി.
ചുവന്ന പൂക്കൾ
ചെങ്കൊടികളായി മാറുന്ന
അത്ഭുതക്കാഴ്ചയിൽ
ഞങ്ങൾ
മുരിക്കിൻ പൂകൊണ്ട്
താലി കെട്ടി
ചക്രവാളം സാക്ഷി.
‘‘മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ
മുറുക്കിത്തുപ്പിയതാരാണ്...’’
കുന്നിൻമുകളിലെ
വെളിച്ചമുള്ള വീട്ടിൽ
എന്റെ അമ്മ
ഞങ്ങടെ കുഞ്ഞിനെ
പാട്ട് കേൾപ്പിക്കുന്നു.

