കാടും വീടും

കാട് തീരുന്നിടത്തായിരുന്നു
‘വീട്’.
പാത്രങ്ങളിൽ,
അലങ്കാരച്ചെടികളിൽ,
ജനൽ കർട്ടനുകളിലെല്ലാം
പലതരം നഖപ്പാടുകൾ…
ഓർമകൾ തുന്നിക്കെട്ടിയ
മുറികൾക്കുള്ളിൽ
പക്ഷികൾ
അടയിരിക്കാനെത്തുന്നു
അവയഴിച്ചിട്ട തൂവലുകൾകൊണ്ട്
ഞാൻ കുപ്പായം തുന്നുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
പക്ഷിച്ചിറകുകൾക്കുള്ളിൽ
സ്വപ്നം മുറിയാതെ
ഉറങ്ങുന്നു.
വന്യമൃഗങ്ങളുടെ
മുരൾച്ചകൾ അവർക്ക്
പാട്ടായ് തിരിയുന്നു.
മൃഗങ്ങളുടെ
തീറ്റയിൽനിന്ന്
കുറേശ്ശയായി
വീട്ടിലെത്തുന്നവർക്ക്
വിളമ്പുന്നു.
പരിചയിച്ചിട്ടില്ലാത്ത ചുവ തേടി
പലരും വിരുന്ന് പാർക്കാനെത്തുന്നു.
ഉച്ചയുറക്കത്തിനു ശേഷം
പലപ്പോഴും
ഞാനെന്റെ കൊമ്പുകൾ മുറിഞ്ഞോ എന്നും
ചിറകുകൾ അടർന്നോ എന്നും
തടവി നോക്കുന്നു.
പച്ചില തിരുമ്മി
മുറിവിലിറ്റിക്കുന്നു.
വേദനയുടെ വിടർന്ന വായ്
കാട്ടുപൂവിൻ മണംകൊണ്ട്
അടഞ്ഞുപോകുന്നു
വീട്ടിലെ പ്രേമത്തിന്റെ
വിത്ത് കൊത്തിപ്പറക്കുന്ന പക്ഷികൾ
അവ
വിതച്ച് കൊയ്യുന്നു
ഞങ്ങൾ
നിറം തിങ്ങിയ തൂവലുകളണിഞ്ഞ്
ദൂരദിക്കിലേക്കുയരാറുണ്ടിടയ്ക്ക്.
ചിറക് തളർന്ന്
പരസ്പരമണച്ച്
മരക്കൊമ്പുകളിൽ
പകലന്തികൾ ചെലവിടാറുണ്ട്.
മറ്റു ചിലപ്പോൾ
കൊമ്പ് മുട്ടിച്ച്
മിനുത്ത തോലുരുമ്മി
കനത്ത ഇരുട്ടുകൊണ്ട്
ഗുഹച്ചുവരിൽ
ഭൂതകാലത്തിന്റെ ചിത്രങ്ങൾ
കോറിയിടുന്നു.
മൃഗങ്ങൾ
നൃത്തംചെയ്യുന്ന
വീടും മുറ്റവും...
ശ്വാസവും
കുതിപ്പും…
അവ ഉപയോഗിച്ചു പഴകിയ
വാക്കുകൾകൊണ്ട്
ഞാൻ കവിതകളെഴുതുന്നു.
അതേ ഭാഷകൊണ്ട് നിങ്ങളവ വിടർത്തി നോക്കുന്നു.