തലയിൽ കുരുങ്ങിയ കാട്

പൂച്ചട്ടി വിൽപനക്കാരനിൽനിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ മുഴുത്തു പെരുത്ത ചട്ടികളുടെയിടയിൽ ഇരുപത് ചട്ടികൾക്ക് ഒരെണ്ണം സൗജന്യമെന്നും പറഞ്ഞു എടുത്ത് വച്ചോരു വെള്ളക്കുള്ളൻ ചട്ടി. ഒരു വശം മിനുത്തതും, മറുവശം മുഖാകൃതിയും. വെളുപ്പിലെ നേർത്ത- വടിവുകളെ പിൻതുടർന്നാൽ മുഖചിത്രമൊന്നു തെളിയും. നീണ്ട മൂക്ക് ഉരുണ്ട ചുണ്ടുകൾ പാതിയടഞ്ഞ കണ്ണുകൾ ചരിഞ്ഞ കവിളുകൾ തട്ടുള്ള ചെവികൾ കൃതാവിന്റെ കഷ്ണം പിന്നെയും മേൽപ്പോട്ട് പോയാൽ, നെറ്റിക്ക്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പൂച്ചട്ടി വിൽപനക്കാരനിൽനിന്നും
കുറഞ്ഞ വിലയ്ക്ക് വാങ്ങിയ
മുഴുത്തു പെരുത്ത ചട്ടികളുടെയിടയിൽ
ഇരുപത് ചട്ടികൾക്ക്
ഒരെണ്ണം സൗജന്യമെന്നും പറഞ്ഞു
എടുത്ത് വച്ചോരു
വെള്ളക്കുള്ളൻ ചട്ടി.
ഒരു വശം മിനുത്തതും,
മറുവശം മുഖാകൃതിയും.
വെളുപ്പിലെ നേർത്ത-
വടിവുകളെ പിൻതുടർന്നാൽ
മുഖചിത്രമൊന്നു തെളിയും.
നീണ്ട മൂക്ക്
ഉരുണ്ട ചുണ്ടുകൾ
പാതിയടഞ്ഞ കണ്ണുകൾ
ചരിഞ്ഞ കവിളുകൾ
തട്ടുള്ള ചെവികൾ
കൃതാവിന്റെ കഷ്ണം
പിന്നെയും മേൽപ്പോട്ട് പോയാൽ,
നെറ്റിക്ക് മുകളിലോട്ട്-
തിരഞ്ഞാൽ,
തലയുടെ-
തലഭാഗം കാണില്ല.
മേൽനെറ്റിയും,
മുടിച്ചുരുളുകളുടെ അഗ്രവും കടന്നാൽ
അനന്തമായ ശൂന്യതയാണ്...
ചട്ടിക്കുള്ളിലേക്ക് നീളുന്ന-
അനന്തമായ ആഴമാണ്...
ആഴം നിറയ്ക്കാൻ
മണ്ണ് തേടിയിറങ്ങിയ മനുഷ്യൻ.
മേൽമണ്ണ്
പൊടിമണ്ണ്
പൂഴിമണ്ണ്
ചകിരി
ചാരം
വളം
വീണ്ടും വീണ്ടും ചട്ടി
വാ പിളർത്തി.
ചട്ടിയിലേക്കൊരു വിത്ത് നട്ടു,
വിത്ത് കരിഞ്ഞു പോയി.
തായ്വേര് ചേർത്ത്
പിഴുതെടുത്തൊരു തൈ നട്ടു,
തൈ വാടിപ്പോയി.
തണ്ട് ചേർത്തൊരു ഇല പിഴുത്
ഇളമുളച്ചിയെ വളർത്തി,
ഇല കൊഴിഞ്ഞു വീണു.
ഹനുമാൻ മരുത്വ മലയെന്നതുപോലെ
ഒടുക്കം
ഒരു കാടിളക്കി ചട്ടിയിലേക്ക് നട്ടു.
കാടേറി
കാട് കയറി
കാടിളക്കി
കാടിരുണ്ട്
ചട്ടി നിറഞ്ഞു.
പല കാലങ്ങളിൽ
പല ദേശങ്ങളിൽ
പല ജീവികൾ
പല മനുഷ്യർ
കാടറിഞ്ഞു.
സ്വീകരണമുറിയിലെ
ജനാലയ്ക്കരികിൽ
കാട് ചുമക്കുന്ന ചട്ടിയെ
പറിച്ചു നട്ടു.
തലയ്ക്കുള്ളിൽ കാടും
തലയ്ക്കു മുകളിൽ കാടും ചുമന്ന്
മനുഷ്യന്റെ-
മുഖച്ഛായയുള്ള ചട്ടി
മുറിയുടെ മൂലയ്ക്കൊതുങ്ങി.
ജനാല വഴി
വല്ലപ്പോഴും വന്നെത്തുന്ന കാറ്റിൽ
കാടുലഞ്ഞു.
കാറ്റിൽ കാടറിഞ്ഞു.
കാടിനും
കാടിന്റെ വഴിയിലെ ജനാലയ്ക്കുമപ്പുറം
ഭൂമിയുരുണ്ടു
സൂര്യൻ കറങ്ങി...
ഭ്രമണപഥത്തിലൂടെ
തലയിൽ കാട് വളർന്ന മനുഷ്യർ
നടക്കാനിറങ്ങി...