മിണ്ടാപ്പെണ്ണ്

പണ്ട്,
ഒരു വായാടിത്തള്ളയുടെ വയറ്റിലെ
ഭ്രൂണമാകുമ്പോളെ,
ഞാൻ സംസാരിച്ചിരുന്നു.
വായിലെ കുഞ്ഞുതൊണ്ടുകീറി
മുല്ലമൊട്ടുകൾ മുളച്ചിറങ്ങും മുന്നേ,
കുലുകുലെ കിലുക്കാംപെട്ടിയായിരുന്നു.
തത്തയും മൈനയും ഞാനും
ഒരുപോലെയായിരുന്നു.
‘‘കൊച്ചിന്റെ വർത്താനം
കേക്കാനെന്താ രസം!’’
രസംപിടിച്ചവരെല്ലാം
ഞാനെന്ന തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചു.
കണ്ട മനുഷരോടും,
പാറ്റയോടും പല്ലിയോടും
പുഴുവിനോടും പൂച്ചയോടും, സകല
ജീവജാലങ്ങളോടും ചെടികളോടും,
ഞാൻ വാതോരാതെ മിണ്ടി.
നാലാം വയസ്സിൽ ബാലവാടിയിൽ
ചേരുമ്പോഴാണാദ്യമായ്
മിണ്ടാതിരിക്കാൻ പഠിക്കുന്നത്.
ആശാട്ടിയമ്മയുടെ പള്ളിക്കൂടത്തിൽ,
നാരായത്തിന്റെഴുത്ത്, ഓലയിൽ
തെളിയിക്കുന്ന ചുവന്നയിലയൊടിക്കാൻ,
ഞാനായിരുന്നു സ്ഥിരമോടുന്നത്.
‘‘ചോന്നചെടിയെ രണ്ടില പിച്ചുന്നേ.’’
വർഷങ്ങൾ ചട്ടിയിൽ
മിണ്ടാട്ടം വറക്കുംതോറും,
അത് ചുരുങ്ങി ചുരുങ്ങി വന്നു.
‘‘വേണ്ടുന്നിടത്തും വേണ്ടാത്തിടത്തുമൊക്കെ,
സംസാരിക്കരുത്.’’
‘‘എവിടെ, എങ്ങിനെ,
സംസാരിക്കണമെന്നു പഠിക്കണം.’’
ഞാൻ വറചട്ടിയിൽ കിടന്നു,
മൂത്തിട്ടും, ആയുസ്സ് കുറഞ്ഞിട്ടും,
പഠിക്കാതെ പോയവ.
ഇപ്പോൾ...
പറയാനുള്ള നോവ് പുറംകടക്കാതെ-
യകം പുകക്കുമ്പോഴും,
നെഞ്ച് കാർന്നു രോഷം കലഹിക്കുമ്പോഴും.
അങ്ങിനെയെണ്ണമറ്റാത്ത വിസ്ഫോടനങ്ങൾ,
പൊട്ടിയൊലിച്ചു പടർന്നു കയറുമ്പോഴും
ഞാൻ മിണ്ടാപ്പെണ്ണാകുന്നു.
അക്ഷരമാലയിൽനിന്നു
പെറുക്കിക്കൂട്ടിയെനിക്കന്നേരം,
നെയ്യാനൊക്കുന്ന ഒരേയൊരു വാക്ക്
‘ക്ഷമിക്കുക’യെന്നാകുന്നു.
കേൾവിക്കാരെക്കാളും എനിക്കാ-
വശ്യമുള്ളൊന്ന്.
പിന്നീട് വർത്തമാനങ്ങളില്ലാതെയാകുന്നു.
മിണ്ടാട്ടമില്ലാ നേരങ്ങളത്രയും,
ജീവന്റെ ഞെട്ടറക്കുന്നു.
ഞാനെന്ന നിഴൽപാവക്കു,
തീപ്പിടിക്കുന്നു.
ആത്മാവ് മണക്കുന്ന
പുകച്ചുരുളുകളാർക്കുന്നു.
ഞാനില്ലാതെയാകുന്നു!