സ്വപ്നപാതയിൽ

ഹൈവേയിലേക്കു കയറിയപ്പോൾ
പൂതത്താൻകുന്നു കുറുകെ വന്നു.
കണ്ടുനിൽക്കാനൊന്നും നേരമില്ല
പണ്ടുവേറെ പണിയൊന്നുമില്ല.
ചങ്ങാത്തമോതി വഴിമുടക്കാൻ
നാണവും മാനവും കെട്ടുപോയോ?
അപ്പോൾ പറയുന്നു കുന്നൊരാള്,
മിണ്ടിപ്പറഞ്ഞിട്ടു പോക നല്ലൂ.
എത്രയോവട്ടം നാമൊപ്പമന്നു
ചുറ്റിക്കറങ്ങിയതോർമയില്ലേ.
പാട്ടും കുളിരും പകുത്തനേരം
സന്ധ്യയിൽ മുങ്ങിക്കിടന്നതല്ലേ.
പോകാൻ വരട്ടെയെന്നപ്പളാരോ
ഉച്ചത്തിലലറി പറയണണ്ട്
നിർത്തെടാ വണ്ടിയെന്നുള്ള കൂറ്റിൽ
എൻജിൻ ഓഫായി പതുങ്ങിനിന്നു.
കുന്നായ കുന്നെല്ലാമൊത്തുവന്നു
കുത്തിപ്പിടിക്കുന്നുടുപ്പിലപ്പോൾ.
ഉയ്യെന്റെ ദൈവമേയെന്നൊരാന്തൽ
ചങ്കിൽ കുടുങ്ങിയമർന്നുനിൽക്കെ,
പെട്ടെന്നു ഞെട്ടിയുണർന്നനേരം
മേഘമല, മുന്നിൽ വന്നുനിൽപ്പൂ.
കേട്ടാൽ പൊളിയെന്നു തോന്നരുതേ
നാം തന്നെ നട്ടുമുളച്ചതല്ലേ.