അന്നം നഷ്ടപ്പെട്ടവർ

ആംബുലൻസ് ഒന്ന് വന്നുനിന്നു
ഞങ്ങൾ ട്രോളിയുമായി ഓടിയെത്തി
കാലുകളിൽ പഴകിയ വ്രണങ്ങളോടെ
ഒരു മുഷിഞ്ഞ വൃദ്ധൻ
വൃദ്ധൻ വളരെ ഭയപ്പെട്ട നിലയിലായിരുന്നു
വൃദ്ധൻ നന്നായി വേദന സഹിക്കുകയായിരുന്നു
മുഷിഞ്ഞു മുഷിഞ്ഞു മുഷിഞ്ഞ വസ്ത്രമായിരുന്നു
അപാരമായ അസ്വസ്ഥ ഗന്ധമായിരുന്നു
വൃദ്ധനെ ട്രോളിയിൽ ഇറക്കിയതും
രക്ഷപ്പെടലിന്റെ ദീർഘനിശ്വാസം
ആംബുലൻസ് ഡ്രൈവറിൽനിന്നും
കൂടെ വന്നവരിൽനിന്നും
പുറംവായുവിൽ കലർന്നു
ഇത്തരം ദീർഘനിശ്വാസങ്ങൾ
അലിഞ്ഞലിഞ്ഞ് ചേർന്നാണ്
ആശുപത്രിയിലെ വായുവിന്
വല്ലാത്ത മന്ദത
വൃദ്ധൻ ഇപ്പോൾ
നോ ബൈസ്റ്റാൻഡറാണ്
ഇനി ഞങ്ങൾക്കാണ് ജോലി
വൃദ്ധൻ വളരെ വളരെ
ഭയപ്പെട്ടവനായി മാറുന്നു
ഞങ്ങൾ ഒരു മാസ്കിന് മീതെ മറ്റൊന്ന്
ഒരു ഗ്ലൗസിന് മീതെ വേറൊന്ന് എന്ന്
കൂടുതൽ കരുതൽ കാട്ടി
എന്നിട്ടും ദുർഗന്ധം മാസ്കിനുള്ളിൽ
ഉറുമ്പുകളെപ്പോലെ അരിച്ചരിച്ചു കയറി
അവ കൂട്ടംകൂടി മാസ്കിനുള്ളിൽ
ഓക്കാനിക്കാനുള്ള പുറപ്പാടിലാണ്
ആഹാരം കഴിച്ചിട്ടില്ല
ഇത് കഴിഞ്ഞിട്ടാകാമെന്നായിരുന്നു
എന്നാലിതിനി കഴിയുന്ന മട്ടേയില്ല
പതിവുപോലെ അന്നം ഇന്നും തുറന്നുപോലും
നോക്കാതെ വലിച്ചെറിയണം
വൃദ്ധന്റെ പഴകിയ വസ്ത്രം
മാറ്റാൻ ശ്രമിച്ചു
മുറിഞ്ഞ കാലിലെ വേദനയാകെ കടിച്ചമർത്തി
സർവശക്തിയുമെടുത്ത്
അയാൾ ഞങ്ങളെ തൊഴിച്ചു
ഞങ്ങൾ കൂടുതൽ ശക്തിയോടെ
വൃദ്ധനെ വൃത്തിയുള്ള വസ്ത്രമുടുപ്പിച്ചു
വൃദ്ധൻ അസ്വസ്ഥനായി നിലവിളിച്ചു
‘‘നിങ്ങളൊക്കെ ആരാണ്
നിങ്ങളെന്താണ് ചെയ്യുന്നത്
നിങ്ങൾക്ക് ഞാനാരാണ്...’’
ബാർബറെ വിളിച്ചു
വൃദ്ധൻ ഉറക്കെ നിലവിളിച്ചു
ബാത്ത്റൂമിലിരുത്തി
ഉരച്ചു കഴുകി കുളിപ്പിച്ചു
വൃദ്ധൻ അറപ്പ് തോന്നുന്ന ചീത്തകൾ
ഉറക്കെയുറക്കെ വിളിച്ചു
വൃദ്ധൻ വൃത്തിയായി
വ്രണങ്ങൾ ശുദ്ധിയായി
ദുർഗന്ധം അകലെയായി
ഡോക്ടർക്ക് തൃപ്തിയായി
ആകെ മൊത്തം ഹാപ്പിയായി
ഇപ്പോൾ വൃദ്ധൻ ബെഡിലാണ്
കണ്ണുകൾ ജനാലവഴി
ആകാശത്തേക്കാണ്
അയാൾ ആരോടെന്നില്ലാതെ മുരടനക്കയാണ്
‘‘എന്റെ വേഷം
എന്റെ ആഹാരം
എന്റെ ജീവിതം.’’