കുട്ടികൾ

റെംബ്രാന്റിന്റെ കടുംനിറങ്ങളില്നിന്ന് ഞങ്ങള്‍ പോയത് ആന്‍ ഫ്രാങ്കിന്റെ വിവർണമായ വീട്ടിലാണ് അവള് ഓടിക്കളിച്ചിരുന്ന ഉമ്മറം അവള് പഠിച്ചിരുന്ന പുസ്തകങ്ങളുള്ള കൊച്ചു മുറി, അവളുടെയും കൂട്ടുകാരുടെയും ചിരി മുഴങ്ങിയിരുന്ന കളിമുറി– ഓരോന്നും കാണിച്ചു തന്നു അവിടത്തെ ഗൈഡ്: രക്തസാക്ഷികള്‍ മ്യൂസിയങ്ങളായി മാറുന്നത് ഓർമിപ്പിച്ചുകൊണ്ട്. എങ്കിലും അന്ന് ഗ്യാസ് ചേംബറുകളെ വീടുകളില്‍നിന്ന് തിരിച്ചറിയാമായിരുന്നു. ഇന്ന് ഒരു നാട്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
റെംബ്രാന്റിന്റെ കടുംനിറങ്ങളില്നിന്ന്
ഞങ്ങള്‍ പോയത് ആന്‍ ഫ്രാങ്കിന്റെ
വിവർണമായ വീട്ടിലാണ്
അവള് ഓടിക്കളിച്ചിരുന്ന ഉമ്മറം
അവള് പഠിച്ചിരുന്ന പുസ്തകങ്ങളുള്ള
കൊച്ചു മുറി, അവളുടെയും കൂട്ടുകാരുടെയും
ചിരി മുഴങ്ങിയിരുന്ന കളിമുറി–
ഓരോന്നും കാണിച്ചു തന്നു
അവിടത്തെ ഗൈഡ്: രക്തസാക്ഷികള്‍
മ്യൂസിയങ്ങളായി മാറുന്നത്
ഓർമിപ്പിച്ചുകൊണ്ട്.
എങ്കിലും അന്ന് ഗ്യാസ് ചേംബറുകളെ
വീടുകളില്‍നിന്ന് തിരിച്ചറിയാമായിരുന്നു.
ഇന്ന് ഒരു നാട് മുഴുവന്‍
വിഷംകൊണ്ട് നിറയുന്നു:
പട്ടിണിയുടെ, ഭക്ഷണത്തിന്റെ,
വിദ്വേഷത്തിന്റെ, യുദ്ധത്തിന്റെ.
ചോരയൊലിച്ചു മരിച്ചുകൊണ്ടിരിക്കുന്ന
ഗസ്സയിലെ കുട്ടി, ശ്വാസം മുട്ടിപ്പിടയുന്ന
ആന്‍ ഫ്രാങ്കിനെ ആശ്ലേഷിക്കുന്നു:
ഇരകള്‍ പീഡകരാകുന്ന
കാലത്തെ ശപിച്ചുകൊണ്ട്,
ആരും ഇരകളും പീഡകരും ആകാത്ത
മനുഷ്യരുടെ കാലം സ്വപ്നം കണ്ടുകൊണ്ട്.
--------------
ആംസ്റ്റര്‍ഡാമില്‍, നാസി ഗ്യാസ്ചേംബറില്‍ കൊല്ലപ്പെട്ട ആന്‍ ഫ്രാങ്കിന്റെ വീട് സന്ദര്‍ശിച്ച ഓർമയില്‍