ചെകുത്താൻ പൂട്ട്

വിപണിതൻ ചതിവെളിച്ചം
ഇരുട്ടാറ്റും പാതിരയിൽ
കുന്നിറങ്ങി വെളിപ്പെടുന്നു
ചെകുത്താൻ ചൂട്ട്...
ഇരതേടി വാ പിളർക്കും നാവിലെത്തുന്നു
കയ്യിലാരും കാണാത്തൊരാ
ലഹരിച്ചൂട്ട്...
സൂചിമുനക്കുഴലിലൂടെ
മിടിക്കും ഹൃത്തടങ്ങളെ
കണികയായ് വിഷലിപ്തമാക്കും
തരുണരക്തം
പുലിയിറങ്ങിയ പൊന്തയിലും
പുതുമോടി ശകടങ്ങളിലും
ഇരയെ കാത്തിരിക്കുന്നു
ചെകുത്താൻ ചൂട്ട്
നാന്തകങ്ങൾ തിടമ്പേറിയെഴുന്നള്ളുമ്പോൾ
കോമരങ്ങൾ ചോര ചിന്തിയുറഞ്ഞു തുള്ളുമ്പോൾ,
ഇരുൾപ്പർദ്ദ മൂടി നിൽക്കും പള്ളിമുറ്റങ്ങൾ
വയദ് രാവിന്നനുസ്യൂതം കാതോർക്കുമ്പോൾ/
സെമിനാരികൾ വിശുദ്ധ ഞായർ
സ്തോത്ര മരുളുമ്പോൾ
അതിഗൂഢം വിനിമയം രാസലഹരി...
പരിക്ഷീണിത മിഴികളുമായ് പുലരിയെത്തുമ്പോൾ,
പത്രം ചോര വാർന്നു മരിച്ചു കിടപ്പുണ്ടുമ്മറപ്പടിയിൽ
പല നിറത്തിൽ പല കൊടികൾ വിരൽ ചൂണ്ടുമ്പോൾ,
അതിവേഗ നിരത്തിനോരം
കുതിച്ചോടുമ്പോൾ
അതിഗൂഢം വിനിമയം ലഹരിച്ചൂര്...
‘ഓലയെഴുത്താണികളെ കാട്ടിലെറിയിച്ചി’-
ട്ടോമനയാമുണ്ണികളെ വല വീശുന്നു...
‘നാട്ടിലില്ലാ വീട്ടിലില്ലാ നാലാൾ കൂടുന്നേടത്തില്ലാ’-
വാലിയക്കാരൂളിയിട്ട് ചൂട്ടു വാങ്ങുന്നു.
അടിപ്പെടില്ലെന്നുറക്കെ ഘോരം
വിളിക്കയല്ലാതെ
അമർച്ച ചെയ്യാനാവുമോയീ ലഹരിച്ചൂട്ട്.