ഘരേ ബായ് രേ

ഹൗറ പുഴയ്ക്കു മീതെപാതയിൽ ഒഴുകുന്ന മനുഷ്യർ വഴികാട്ടുന്ന ചന്ദ്രൻ നിലാവും വെളിച്ചവും വീണ നദി ഇരമ്പുന്ന മനുഷ്യസമുദ്രത്തിൽ ഒരു തുള്ളിയായി അലിഞ്ഞു പോകുന്നു. ചാരുലതജൊരസങ്കോയുടെ മുറ്റത്ത്പാലമരത്തിന്റെ കൊമ്പിൽ അദൃശ്യമായൊരൂഞ്ഞാലുണ്ട് നിഷിദ്ധമായൊരു പ്രണയത്തിന്റെ ഒളികൺ നോട്ടങ്ങൾ അതിൽ കനവായി, കവിതയായാടുന്നു വെളിച്ചമേ നീയുള്ളപ്പോൾ രാത്രിയേത് പകലും സന്ധ്യകളുമേത്? കാലത്തേയും അതിന്റെയിരുളിനേയും മായ്ച്ചുകളയുന്നൊരു മഷിത്തണ്ട് പാട്ടായും പദമായും ചിത്രമായും ഉരുക്കിത്തെളിഞ്ഞ നൽ വാക്കായും നീർ തുടിച്ചു നിൽക്കുന്നു അറുനൂറ് മുറികളുടെ ഇരുളിടുക്കുകളിൽപ്പോലും വെളിച്ചം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഹൗറ
പുഴയ്ക്കു മീതെ
പാതയിൽ ഒഴുകുന്ന മനുഷ്യർ
വഴികാട്ടുന്ന ചന്ദ്രൻ
നിലാവും വെളിച്ചവും വീണ നദി
ഇരമ്പുന്ന മനുഷ്യസമുദ്രത്തിൽ
ഒരു തുള്ളിയായി അലിഞ്ഞു പോകുന്നു.
ചാരുലത
ജൊരസങ്കോയുടെ മുറ്റത്ത്
പാലമരത്തിന്റെ കൊമ്പിൽ
അദൃശ്യമായൊരൂഞ്ഞാലുണ്ട്
നിഷിദ്ധമായൊരു പ്രണയത്തിന്റെ
ഒളികൺ നോട്ടങ്ങൾ
അതിൽ കനവായി, കവിതയായാടുന്നു
വെളിച്ചമേ നീയുള്ളപ്പോൾ രാത്രിയേത്
പകലും സന്ധ്യകളുമേത്?
കാലത്തേയും അതിന്റെയിരുളിനേയും
മായ്ച്ചുകളയുന്നൊരു മഷിത്തണ്ട്
പാട്ടായും പദമായും ചിത്രമായും
ഉരുക്കിത്തെളിഞ്ഞ നൽ വാക്കായും
നീർ തുടിച്ചു നിൽക്കുന്നു
അറുനൂറ് മുറികളുടെ ഇരുളിടുക്കുകളിൽപ്പോലും
വെളിച്ചം കുതികുത്തുന്നു.
ഗ്രാമം
പൊടി പുരണ്ട നിരത്തുകളിൽ
കരകവിയുന്ന ഒച്ചകൾ
മൗനിയായൊരു കാളക്കൂറ്റൻ
ധ്യാനത്തിൽ മുഖം കുനിക്കുന്നു
ഗ്രാമത്തിന്റെ ഗന്ധവും പേറി
കൂടെ വരുന്നൊരു നായ്ക്കുട്ടി
കാലുകളിലുരുമ്മാനായുന്നു
ഏതാനന്ദത്തിലും ഉടപ്പിറപ്പായ ഭയം
ഉള്ളിൽ നഖമുരയ്ക്കുന്നു
പാതയിൽ ചിതറിയ ആട്ടിൻകൂട്ടം
ഞാൻ മുമ്പേയെന്ന
കുഞ്ഞിക്കുതിച്ചോട്ടങ്ങൾ
അവയുടെ കറുപ്പിനെ
എണ്ണയിട്ട് മിനുക്കുന്നു
കരുണയില്ലാത്ത നട്ടുച്ച വെയിൽ.
പ്രളയം
ഏറെ ദൂരദൂരം
പാടങ്ങളെ മുക്കിക്കൊല്ലുന്ന
ജലത്തിന്റെ നായാട്ടു പാതകൾ
മരത്തിൽ പാതി മുങ്ങിയ മരങ്ങൾ
ഏതോ നഷ്ടമോർത്ത്
വിങ്ങിവിങ്ങി നിൽക്കുന്നു
ജലത്തിന് മേലെ പറക്കുന്ന
കൊറ്റികളുടെ ഇരട്ടകൾ
വെള്ളത്തിൽ പറന്നു നോക്കുന്നു
ചിറകു കുഴഞ്ഞ മൺപുരകൾ
ചാഞ്ഞുവീഴാൻ തുടങ്ങുന്നു.
പാതയുടെ പാട്ടുകൾ
ദുർഗയും അപുവും
കണ്ട കാശപ്പുല്ലുകൾ.
വെള്ള വിശറികൾ നീട്ടി
മെല്ലെ മെല്ലെ വിളിക്കുന്നു
ജലത്തെയറിഞ്ഞ മൺകുടിലുകൾ
അവ കണ്ടെന്തോ ഓർത്ത് നിൽക്കുന്നു
ഈ പുരകളിൽ ജീവിതം
ഉണങ്ങിപ്പിടിച്ച പാടുകളിൽ
വെയിൽ കഥയെഴുതുന്നു
ഏകാന്തതക്കൊപ്പം മറവിയും കൊറിക്കുന്നു കാലം.
സ്വപ്നം
ഉള്ളിൽ നിറച്ചും പൂമ്പാറ്റകൾ
അവ ഒരു മൺപാതയിലൂടെ പറന്ന്
ചുറ്റുപാടും നിറയുന്നു
അവളെ കണ്ടുവെന്നോ
നിങ്ങളവനേയും
വരമ്പിലോടി നടക്കുന്ന കുട്ടികളാകാൻ
അവരിനിയും വരുമെന്നോ.
ശിൽപികളുടെ ഗ്രാമം
എത്ര രൂപങ്ങൾ
എത്ര മുഖംമൂടികൾ
അവക്കുള്ളിലേതിൽ ഞാൻ
നീ
അവയഴിച്ചുവെക്കൂ വരൂ
കുളക്കടവിൽ ജലത്തിനു മീതെ
നടക്കുന്ന പാട്ടിന്റെ പദങ്ങൾ
അത് ജലത്തെ തൊടുന്നില്ല
വെയിലിനേയും
അതിന് രൂപമില്ല, നിഴലും
കുളത്തിനക്കരെ പടരുന്ന പാട്ടിൽ
ഞാൻ ജലത്തെ വായിക്കുന്നു.
വേദനയുടെ വിത്തുകളെ
ഉള്ളിലിട്ടുരുക്കിയുരുക്കി
ആനന്ദത്തിന്റെ സ്നേഹകമൊഴുക്കുന്നു
ഈ നിറഞ്ഞ ഏക്താര
വെള്ളത്തിന് മുകളിൽ കാറ്റിളക്കുന്ന
അലകൾപോലെ സ്വപ്നങ്ങൾ
കാറ്റ് നിലക്കും ഓളങ്ങളടങ്ങും
നിശ്ചലത ബാക്കിയാവും
മനുഷ്യരുടേയും
മൃഗങ്ങളുടേയും ശിൽപങ്ങൾക്ക്
ബുദ്ധൻ കാവൽ നിൽക്കുന്നൊരു വീടുണ്ട്
കൊട്ടയിലും വട്ടിയിലും കലപ്പയിലും
ഇളവേൽക്കുന്ന ദൈവത്തെ
നിങ്ങൾക്കവിടെ ദർശിക്കാം
മീൻ പിടിക്കുന്ന കുരുത്തിക്കുള്ളിൽ
അവന്റെയാത്മാവ് ഒളിച്ചുകളിക്കുന്നത്
നിങ്ങൾ കണ്ടുപിടിച്ചെന്നിരിക്കും
ദൈവത്തെ ആവേശിച്ചെടുക്കാനൊരുങ്ങിയ
പലനിറ മുഖംമൂടികൾ
ചുമരിലിരുന്ന് ചിരിക്കുന്നത് കാണാം
വിരലുകളിൽ പൂമ്പാറ്റകൾ വസിക്കുന്ന
വെറും പച്ച മനുഷ്യർ
പടർത്തിവിട്ട ജീവിതച്ചെടികൾ കാണാം
അവയിലെ പൂക്കൾ നുള്ളാതിരിക്കാൻ
മൗനത്തെ പരിശീലിക്കൂ
ഇനിമേലാർക്കും നോവാതിരിക്കട്ടെ.

ശാന്തിയുടെ വീട്ടിൽ
തുറന്ന പാതകൾ
ചരിത്രമിരുന്ന മരച്ചുവടുകൾ
ആരോ വളച്ചുകെട്ടിയ
പുതിയ ജയിലറകളിൽ
കാറ്റിനെ തടവിലിട്ട ശിൽപങ്ങൾക്ക് മേലെ
മൗനത്തിന്റെ തുള്ളിയിറ്റുന്നു
ഇരുമ്പുവേലിക്കുള്ളിലൊരു *‘സന്താൾ കുടുംബം’
ജലം തേടിപ്പോയ സ്ത്രീകളോട് ചോദിക്കുന്നു
പുലിയെ കണ്ടോ പുലി വരുന്നുണ്ടോ
സന്താളിപ്പെണ്ണുങ്ങളുടെ പതിഞ്ഞ
മറുപടിയെ നിശ്ശബ്ദമാക്കി ചുറ്റിലും
ഒരേ ഗർജനം മുഴങ്ങുന്നു
അശാന്തിയുടെ കാട് പൂത്തുലയുന്നു.

സ്വാതന്ത്ര്യം എന്ന് പേരായ കവിത
അലിപ്പൂരിലെ ചുമരുകൾക്കുപോലും
വേദനയുടെ ഞരമ്പുകളുണ്ട്
വേദന വലിഞ്ഞുമുറുകുമ്പോൾ
അവ മുദ്രാവാക്യം മുഴക്കും
പൊട്ടിത്തെറികളുടെ ഒച്ചയിൽ
നട്ടുച്ച കോരിത്തരിക്കും
ഇതു കൂടി ഇതു കൂടി
ഈ ജീവനും കൂടിയെടുക്കൂ
ഈ രക്തത്തെ സ്വാതന്ത്ര്യമാക്കി
മൂശകളിൽ ഉരുക്കിയൊഴിക്കൂ
പുതിയൊരു നാടുണ്ടാക്കൂ
തീയുടെ നിറമുള്ളത്
ജലത്തിന്റെ വഴക്കമുള്ളത്
സൂചിക്കുഴകളൊടിക്കൂ
എല്ലാ ഒട്ടകങ്ങളും വെളിച്ചത്തിലേക്ക്
നടന്നുപോകട്ടെ
ചരിത്രത്തിന്റെ
പൊടിപുരണ്ടൊരു ബെഞ്ചിൽ
പണ്ടാരോ ബാക്കിവെച്ചു പോയ
ഓർമകളുടെ ബാക്കി വിരിച്ച്
ഒരു ഞാനിരിപ്പുണ്ട്
ഈ ഞാനിന്നലെയുണ്ടായിരുന്നില്ല
ഇനിയുണ്ടാകുമോയെന്നുമറിയില്ല
ഈ നിമിഷത്തിൽ ഇവിടെയൊഴുകുന്ന
ചരിത്രത്തിെന്റ നദിയിൽ
ഒരു തുള്ളി കുളിരാകുന്നു
മറ്റെന്തിനി വേണം?
ചരിത്രത്തിന്റെ മുഖങ്ങൾ
ഏത് മഹാവനത്തിലായിരിക്കും
ഒരിക്കലാ മരം ഇലകൾ നീർത്തിയത്
അതിന്റെ തായ്ത്തടിയെ
ഉണക്കം തട്ടാത്ത കല്ലായി
സൂക്ഷിച്ചുവെച്ചിരിക്കുന്നു ഭൂമി
പുരാതന ഫോസിലുകൾക്കിടയിൽ
ഭൂമിയുടെ ജീവൻ ശൈശവത്തിൽനിന്ന്
വാർധക്യത്തിലേക്ക് വളരുന്നു
കല്ലും മണ്ണും മരവുമെല്ലും
മറഞ്ഞുപോയ സത്യത്തെ
വീണ്ടെടുത്ത് മുന്നിൽ നിരത്തുന്നു
ഇനിയും പടരാനിടം തേടുന്ന നഗരത്തിൽ
പഴമയുടെ ഒറ്റയൊറ്റ മുറികൾ, മുറിവുകൾ
ബുദ്ധനും ശിവനും അവലോകിതേശ്വരനും
അലസമുറങ്ങുന്ന കൽക്കെട്ടുകൾക്ക്
അശോകസ്തംഭം കാവൽ നിൽക്കുന്നു.

ജനാരണ്യ
കോഫീ ഹൗസിൽ
നിസ്സംഗതയുടെ രൂപമുള്ളൊരു പൂച്ച
അലസത കൊറിച്ചിരിക്കുന്നു
ഇടയ്ക്ക് അതിഥികളുടെ
മേശകൾക്ക് കീഴിലെത്തി
കുറുകിയ അന്വേഷണങ്ങൾ
ജീവിതത്തെ കാലം
ഒറ്റുകൊടുത്തപ്പോൾ
നിങ്ങളേതടുപ്പിൻ ചോട്ടിൽ തീ കാഞ്ഞു
നിങ്ങളുടെ കടലാസുകൾ പൊരിക്കുമ്പോൾ
പൊട്ടാത്ത മലർ വിത്തുകളെത്ര
എണ്ണിയെടുക്കൂ കാലത്തെ, ജീവിതത്തെ
വിത്തിനുള്ളിൽ മരിച്ച വസന്തങ്ങളെ
നിരത്തുകളിൽ, ഗലികളിൽ
പഴകിയ കെട്ടിടങ്ങളിൽ
മെട്രോയുടെ തണുപ്പുമുറികളിൽ
ദ്രുതമൊഴുകുന്ന ജീവിതം
റോഡരികിലെ പൈപ്പിൻ ചോട്
പദ്മയും മേഘ്നയുമാകുന്നു
അതിലൊരാൾ മുങ്ങിനിവരുന്നു
നിരത്തുവക്കിൽ മുടിവെട്ടുന്ന
മനുഷ്യന്റെ ഏകാഗ്രതയിലേക്ക്
ഹോണുകൾ അലറുന്നു
മുറിഞ്ഞ കഴുത്തുകളോടെ
അപൂർണമായ കൈകളോടെ
അനുഗ്രഹിക്കാനും
അഭയം നൽകാനുമാവാതെ
നിസ്സഹായരായ ദൈവങ്ങളാവാം
കുമാർതുളിയിലെ രാപ്പകലുകളെ
നിഴലും പൊടിയുംകൊണ്ട് നിറച്ചത്
നാട് വിട്ട ഏതൊരാൾക്കും
പല ഭാഷകളുണ്ട്
ഓർക്കാനൊന്ന്, പറയാനൊന്ന്
ഓർക്കാപ്പുറത്ത് നാണിക്കാൻ
ഇത് രണ്ടുമല്ലാത്തതൊന്ന്
ഭാഷകൾ കലർന്നും പടർന്നും
പുതിയ താളങ്ങൾ ജനിക്കുന്നു
വിട്ടുപോന്ന ഭാഷയുടെ വേരുകളിൽ
അവർ ഊഞ്ഞാൽ കെട്ടുന്നു
അൽപനേരം മാത്രമെത്തുന്ന യാത്രികർ
അതിലാടി മറഞ്ഞുപോകുന്നു
ഓർമകൾ കാഴ്ചകളുടെ ഭാഷ സംസാരിക്കുന്നു.
------------------
*ഘരേ ബായ് രേ –വീട്ടിലും പുറത്തും, ടാഗോറിന്റെ നോവലും സത്യജിത് റായിയുടെ സിനിമയും
**സന്താൾ ഫാമിലി –രാംകിങ്കർ ബെയ്ജിന്റെ ശിൽപം