Begin typing your search above and press return to search.

പ്രാചീന കൊറിയന്‍ കവിതകള്‍

പ്രാചീന കൊറിയന്‍ കവിതകള്‍
cancel

കൊറിയയുടെ കാവ്യ പാരമ്പര്യമാണ്​ ത​ന്റെ പംക്തിയിൽ കവി സച്ചിദാനന്ദൻ പരിചയപ്പെടുത്തുന്നത്​. പ്രാചീന കൊറിയൻ കവിതകളുടെ ഘനഗാംഭീര്യം വായിച്ചറിയാം ഇത്തവണ.ചോ ചീ വോണ്‍ (857-‍?) ഏഴാം നൂറ്റാണ്ടിന്റെ നടുവിലാണ് സില്ല എന്ന സ്ഥലത്ത് ഒരു ദേശീയ അക്കാദമി സ്ഥാപിച്ചത്. എല്ലാ ചൈനീസ് രൂപങ്ങളിലും അന്ന് കവിതകള്‍ എഴുതപ്പെട്ടു. യീ ക്യൂ ബോ എന്ന കവി മാത്രം 1500 കവിതകള്‍ എഴുതി. പഴയ ചൈനീസ് കവികളെയൊക്കെ അന്നത്തെ കവികള്‍ പഠിക്കുകയും അനുകരിക്കുകയും ചെയ്തു. സില്ലയിലെ ഏറ്റവും പ്രസിദ്ധനായ കവിയും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചോ ചീ വോണ്‍. ഒമ്പതാം നൂറ്റാണ്ടിലെ വലിയ അനേകം ഉദ്യോഗങ്ങള്‍ അദ്ദേഹം വഹിച്ചു. ഒപ്പം,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

കൊറിയയുടെ കാവ്യ പാരമ്പര്യമാണ്​ ത​ന്റെ പംക്തിയിൽ കവി സച്ചിദാനന്ദൻ പരിചയപ്പെടുത്തുന്നത്​. പ്രാചീന കൊറിയൻ കവിതകളുടെ ഘനഗാംഭീര്യം വായിച്ചറിയാം ഇത്തവണ.

ചോ ചീ വോണ്‍ (857-‍?)

ഏഴാം നൂറ്റാണ്ടിന്റെ നടുവിലാണ് സില്ല എന്ന സ്ഥലത്ത് ഒരു ദേശീയ അക്കാദമി സ്ഥാപിച്ചത്. എല്ലാ ചൈനീസ് രൂപങ്ങളിലും അന്ന് കവിതകള്‍ എഴുതപ്പെട്ടു. യീ ക്യൂ ബോ എന്ന കവി മാത്രം 1500 കവിതകള്‍ എഴുതി. പഴയ ചൈനീസ് കവികളെയൊക്കെ അന്നത്തെ കവികള്‍ പഠിക്കുകയും അനുകരിക്കുകയും ചെയ്തു. സില്ലയിലെ ഏറ്റവും പ്രസിദ്ധനായ കവിയും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചോ ചീ വോണ്‍. ഒമ്പതാം നൂറ്റാണ്ടിലെ വലിയ അനേകം ഉദ്യോഗങ്ങള്‍ അദ്ദേഹം വഹിച്ചു. ഒപ്പം, ക്ലാസിക്കുകളായി മാറിയ കവിതകളും എഴുതി. 886ലാണ് അദ്ദേഹത്തിന്റെ കൃതികള്‍ സമാഹരിക്കപ്പെട്ടത്, കൊറിയനിലും ചൈനീസിലും. ഈ രചനകളുടെ ലാളിത്യം സംഘകവിതകളെ ഓർമിപ്പിച്ചേക്കാം.

1. വഴിയില്‍

പൊടി നിറഞ്ഞ വഴിയില്‍

കിഴക്കും പടിഞ്ഞാറും കറങ്ങി

ഒറ്റയ്ക്കൊരു ചാട്ട

മെലിഞ്ഞ കുതിര -എന്തധ്വാനം

അറിയാം, വീട്ടില്‍ തിരിച്ചുപോകുന്നതു നന്ന്:

പക്ഷേ ഇനി ഞാന്‍ പോയാലും

വീട്ടില്‍ പട്ടിണി തന്നെ ആയിരിക്കും.

2. ഉഗാന്ഗ് സ്റ്റേഷനില്‍

മണല്‍ത്തിട്ടയില്‍ ഇറങ്ങി ഞാന്‍

തോണി കാത്തുനില്‍ക്കുന്നു

അതിരില്ലാത്ത പുകയും തിരകളും,

അറ്റമെഴാത്ത ദുഃഖം

കുന്നുകള്‍ തേഞ്ഞു പരന്നുപോകുമ്പോള്‍,

ഭൂമിയിലെ വെള്ളം വറ്റിത്തീരുമ്പോള്‍,

അപ്പോള്‍ മാത്രമേ മനുഷ്യരുടെ ലോകത്തില്‍

വിരഹം ഇല്ലാതാകൂ.

3. ശരത്കാല മഴയില്‍

ശരത്കാറ്റില്‍ ഞാന്‍ വേദനയോടെ പ്രാർഥിച്ചാലും

ഈ വലിയ ലോകത്തില്‍

എനിക്ക് സുഹൃത്തുക്കള്‍ ഉണ്ടാവില്ല

മൂന്നാം യാമത്തില്‍ പുറത്ത് മഴ പെയ്യുന്നു

എന്റെ ഹൃദയം വിളക്കേന്തി

അനവധി നാഴികക്കപ്പുറത്തേക്ക് പറന്നുപോകുന്നു.

4. പോസ്റ്റോഫീസിലെ രാത്രിമഴ

ഒരു സത്രത്തില്‍ ഇടവപ്പാതി നിലയ്ക്കുന്നു

ശാന്തമായ രാത്രി. തണുത്ത ജനലില്‍ ഒരു വിളക്ക്.

ഞാന്‍ നെടുവീര്‍പ്പിട്ട് ദുഃഖത്തിലാണ്ടിരിക്കുന്നു

ധ്യാനിക്കുന്ന സന്യാസിയെപ്പോലെ.

 

5. ഷാന്‍ യാങ്ങില്‍ അടുത്ത ഗ്രാമത്തിലെ ഒരാളെ കാണുമ്പോള്‍

ചൂ മലയില്‍ നാമൊന്നിച്ച്

ഹ്രസ്വമായ ഒരു വസന്തം ആസ്വദിച്ചു

ഇപ്പോള്‍ താങ്കള്‍ പോകുന്നു,

എന്റെ തൂവാല കണ്ണീരില്‍ മുങ്ങുന്നു.

മ്ലാനനായി കാറ്റിനെ തുറിച്ചുനോക്കി

ഞാന്‍ ഇരിക്കുന്നുവെങ്കില്‍

അത് വിചിത്രമായി കരുതരുതേ

വീട്ടില്‍നിന്ന് ഇത്ര ദൂരെ

ഒരു കൂട്ടുകാരനെ കാണുക വിഷമമാണ്

6. കായാ മലയില്‍ ഒരു പഠനമുറിയില്‍ കൊത്തിവെച്ചത്

ചിതറിക്കിടക്കുന്ന പാറകളില്‍

വെള്ളത്തിന്റെ കുത്തൊഴുക്ക്

മലകളില്‍ അലര്‍ച്ചയാകുന്നു

ഒരിഞ്ച് അകലെ നിന്ന് പോലും

മനുഷ്യരുടെ സംസാരം തിരിയുന്നില്ല

ശബ്ദവ്യത്യാസങ്ങള്‍ നിങ്ങളുടെ

കാതില്‍ എത്തുമെന്ന

മാറാത്ത ഭയംകൊണ്ട്

പായുന്ന വെള്ളം മലയെ

മുഴുവന്‍ കൂട്ടിലാക്കുന്നു.

ചൈനയില്‍ എന്നപോലെ തന്നെ കൊറിയയിലും സെന്‍ കവികളുടെ ഒരു വലിയ പാരമ്പര്യമുണ്ട്. ചിന്ഗാക്, പീഗണ്‍,തയീഗോ, നവോന്ഗ് എന്നിവര്‍ അവരില്‍ ചില പ്രമുഖരാണ്. അവരുടെ രചനകളുടെ ചില മാതൃകകള്‍ താഴെ.

ചിന്ഗാക് (1178-1234)

1. സൂര്യനെപ്പോലെ

അസ്തിത്വം, നാസ്തിത്വം -ഇവ വെട്ടി വീഴ്ത്തുക

അപ്പോള്‍ സർവം പ്രത്യക്ഷമാകും

ബുദ്ധപ്രകൃതിയുടെ ഒരു ബിന്ദു

അത് സൂര്യനെപ്പോലെ തിളങ്ങുന്നു.

അത് പെട്ടെന്ന് ഗ്രഹിക്കാം,

പക്ഷേ, ഒരു വടിയില്‍നിന്നുപോലും

രക്ഷപ്പെടാനാവില്ല

അപ്പോള്‍ പിന്നെ എങ്ങനെ അലസമായിരുന്നു

ചിന്തിക്കാന്‍ ഒരു നിമിഷം ലഭിക്കും?

2. രാത്രിമഴ

ഒരു കാരണവുമില്ലാതെ മഴ പെയ്യുന്നു,

യാഥാർഥ്യത്തിന്റെ മർമരങ്ങള്‍.

എത്ര മധുരമായ ഗാനം,

തുള്ളി തുള്ളിയായി.

ഇരുന്നും കിടന്നും ഞാന്‍ കേള്‍ക്കുന്നു

ശൂന്യമായ മനസ്സോടെ.

എനിക്ക് ചെവി വേണ്ടാ

എനിക്ക് വേണ്ടാ മഴയും

മാസ്റ്റര്‍ പേഗുണ്‍ (1299-1375)

1. കളിമണ്‍കാള

രണ്ടു കളിമണ്‍കാളകള്‍ പരസ്പരം പോരടിക്കുന്നു

പിന്നെ അവ അമറിക്കൊണ്ട് കടലിലേക്ക് ചാടുന്നു

ഭൂതവും വര്‍ത്തമാനവും ഭാവിയും

പിറകേ ഓടിപ്പോകുന്നു

പക്ഷേ അവയെ കലങ്ങിയ

വെള്ളത്തില്‍ കാണാനാവുന്നില്ല.

2. മലയില്‍

മഞ്ഞ ജമന്തികള്‍, പച്ച മുള

അവ മറ്റുള്ളവരുടെ സ്വന്തമാവില്ല

തിളങ്ങുന്ന ചന്ദ്രന്‍, തെളിഞ്ഞ കാറ്റ്,

രണ്ടും ഇന്ദ്രിയങ്ങളുടെ മണ്ഡലത്തിനു പുറത്ത്

അവയെല്ലാം എന്റെ വീട്ടിലെ നിധികളാണ്-

ഇഷ്ടംപോലെ അവ വീട്ടില്‍ കൊണ്ടുവരൂ

ഉപയോഗിക്കൂ, അവയെ അറിയൂ.

 

3. പൊട്ടലക* അന്വേഷിക്കുന്ന ഒരു സുഹൃത്തിനോട്

ബുദ്ധന്റെ ഉടല്‍ എല്ലാവിടെയുമുണ്ട്

കരുണയുടെ ദേവത കിഴക്കന്‍ കടലിലാണോ വാസം?

പച്ചയുള്ള ഓരോ മലയും ബോധോദയത്തിന്റെ ഇടമാണ്;

എന്തിനാണ് നിങ്ങള്‍ പൊട്ടലക മല തന്നെ അന്വേഷിക്കുന്നത്?

* * *

*തിബത്തിലെ ഒരു പർവതക്ഷേത്രം

ത്’ ഈഗോ (1301-1381)

1. ശൂന്യത

നിശ്ചലമായി എല്ലാം പ്രത്യക്ഷമാകുന്നു

അനങ്ങുന്നത് ഒന്നുമില്ല

എന്താണ് ശൂന്യത?

ജമന്തികള്‍ മൂടല്‍മഞ്ഞില്‍ പൊട്ടിവിരിയുന്നു.

2. മരണശയ്യയില്‍

ജീവിതം കുമിളപോലെയാണ്

എണ്‍പത് വര്‍ഷം, ഒരു വസന്തസ്വപ്നം

ഇനി ഞാന്‍ ഈ തോല്‍സഞ്ചി വലിച്ചെറിയും

ചുകന്ന ഒരു സൂര്യന്‍ പടിഞ്ഞാറന്‍

കൊടുമുടിയില്‍ താഴുന്നു.

News Summary - Malayalam Poem