ചെറ്റസന്ദേശം (ബാബുപ്രസാദിന്, കൊടുങ്ങല്ലൂര്‍ക്കാലം, 1979)

തെങ്ങോല മേഞ്ഞ പുരകളിലെ ചെറ്റത്തുളകളെന്ന കലിഡോസ്കോപ്പിലൂടെ സൂര്യൻ എന്ന സംവിധായകന്‍ കരിയും ചാണകവും തേച്ച ഞങ്ങളുടെ നിലപാടുതറകളില്‍ ഓലകളുടെ വെയില്‍ച്ചിത്രം തീര്‍ക്കുന്നു മധ്യാഹ്നമയക്കത്തില്‍ ഉറക്കംകിട്ടാതെ ഞങ്ങളുടെ വള്ളിട്രൗസറുകള്‍ ആ ചെറ്റോലസിനിമ കണ്ട് പുളകിതരാവുന്നു. എങ്ങനെയുണ്ട് ഞങ്ങളുടെ കാരണോലകളുടെ തണലും തലോടലുമെന്ന് തെങ്ങുകള്‍ മാര്‍ച്ചിലെ വെയിലില്‍ കുളിച്ച് തലതുവര്‍ത്തി ചോദിക്കുന്നു. ഭരണിക്കാവില്‍നിന്ന് ഇരുപത് പൈസയ്ക്ക് കഴിഞ്ഞ കൊല്ലം വാങ്ങിയ ജയന്റെ ഫിലിം കഷണങ്ങള്‍ മേളിലെ ഓട്ടകളില്‍ തിരുകിവച്ച് കൂട്ടുകാരന്‍ ആണ്ടു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തെങ്ങോല മേഞ്ഞ പുരകളിലെ
ചെറ്റത്തുളകളെന്ന കലിഡോസ്കോപ്പിലൂടെ
സൂര്യൻ എന്ന സംവിധായകന്‍
കരിയും ചാണകവും തേച്ച
ഞങ്ങളുടെ നിലപാടുതറകളില്‍
ഓലകളുടെ വെയില്‍ച്ചിത്രം തീര്‍ക്കുന്നു
മധ്യാഹ്നമയക്കത്തില്‍ ഉറക്കംകിട്ടാതെ
ഞങ്ങളുടെ വള്ളിട്രൗസറുകള്‍
ആ ചെറ്റോലസിനിമ കണ്ട്
പുളകിതരാവുന്നു.
എങ്ങനെയുണ്ട് ഞങ്ങളുടെ
കാരണോലകളുടെ
തണലും തലോടലുമെന്ന്
തെങ്ങുകള്‍ മാര്‍ച്ചിലെ വെയിലില്‍
കുളിച്ച് തലതുവര്‍ത്തി ചോദിക്കുന്നു.
ഭരണിക്കാവില്‍നിന്ന്
ഇരുപത് പൈസയ്ക്ക്
കഴിഞ്ഞ കൊല്ലം വാങ്ങിയ
ജയന്റെ ഫിലിം കഷണങ്ങള്‍
മേളിലെ ഓട്ടകളില്‍ തിരുകിവച്ച്
കൂട്ടുകാരന്‍ ആണ്ടു
മലയാളസിനിമയെ
ചെറ്റത്തറകളിലെത്തിക്കുന്നു
മീനമാസത്തിലെ സൂര്യന്‍
പ്രോജക്ടര്‍ കറക്കുന്നു.
കാര കടപ്പുറത്തുനിന്നുള്ള
കഠാരവെയില്‍
ഞങ്ങളെ കുത്തിപ്പൊള്ളിക്കുന്നു.
ഉപ്പുമാവ് രണ്ടാംവട്ടോം തരുമോ മാഷേ
എന്ന് ചോദിച്ചതിന്
ചെറ്റത്തരം കാണിക്കരുത് പുണ്ടേന്ന്
ആണ്ടുവിനെ പുരുഷോത്തമന്‍ മാഷ്
ചെവി പറിച്ചത്
സൂര്യചന്ദ്രന്മാര്‍ മറച്ചുവെയ്ക്കുന്നു.
വെയിലും നിലാവും മുഖംമറയ്ക്കുന്നു.
ഒന്നുംമിണ്ടാതെ മടങ്ങുംവഴിയേ
ചട്ട ചുളുങ്ങിയ പുസ്തകങ്ങള്‍ നിലത്തിട്ട്
പടാകുളത്തിനരികിലെ
കുഞ്ഞന്‍തെങ്ങിനെ
പൂണ്ടടക്കം കെട്ടിപ്പിടിച്ച്
ആണ്ടു പൊട്ടിക്കരയുന്നു
ചെറ്റകളാകുംമുമ്പുള്ള
പച്ചയുടെ കരുത്തില്‍
ഓലകള്‍ അവനായൊരിളംകാറ്റിന്‍റെ
സന്ദേശമയയ്ക്കുന്നു.
പുസ്തകങ്ങള്‍ കയ്യിലെടുത്ത്
ആണ്ടു നിവര്‍ന്നുനടക്കുന്നു.