തോറ്റം

മുള പൂത്തകാലം കുയിൽ പാടാനേരം
ഉറുമ്പു വഴിച്ചാല് വെക്കാനേരം
ഉടുമുണ്ടിനരഭാഗമുറപ്പിച്ചുടുത്തവർ
കവിതയായ് വന്നെന്നുറക്കം കെടുത്തുന്നു.
വറ്റിരക്കും കുടിവെച്ച ചിന്തകൾ
ഇറ്റിവീഴും മഴത്തുള്ളിക്കനവുകൾ
ചുട്ടുപൊള്ളും കണ്ണീർക്കിനാവുകൾ
മുള്ളുകോർത്ത കരിനിഴൽപ്പാടുകൾ
നാലുംകൂട്ടി കറുപ്പിച്ച പല്ലുകൾ
എല്ലു തീയായ് കുരുത്ത പറമ്പുകൾ
ചോദ്യചിഹ്നം കോർത്ത വിളവുദൈവങ്ങൾ
കവിതയായ് വന്നെന്നുറക്കം കെടുത്തുന്നു.
അരുവല കണ്ടാലറയ്ക്കും പരലുകൾ
ഒട്ടിയ കുടിൽക്കൂട്ടിൽ, വട്ടി, കൊട്ട, പാനിയിൽ
പെരക്കത്തിലോടുന്ന ‘കന്നി’ ശൽക്കങ്ങൾ
മിന്നി പിടയ്ക്കുന്ന വെയിലുച്ചയിൽ
മുടിയാട്ടമാടിക്കടന്നു പോം... പാരമ്പര്യങ്ങളെ...
മധുരമില്ലാ പാനീയമായെന്റെ
കവിതതൻ ദാഹം കൊടുത്തുവോർ... നിങ്ങൾ...
സ്വത്വവേഗങ്ങളേന്തി പിടിയ്ക്കുവാൻ
കവിതയാകുന്ന ചൂട്ടുമായ് ഞാനിതാ
മാരിപ്പൊട്ടി, വസൂരിക്കുരുപ്പുകൾ
ചുട്ടുപൊള്ളിച്ച് പിരാന്തിന്റെ രാത്രിയിൽ
കായൽപോളകടന്നെത്തും –മാരുതനൊപ്പമായ്
ആര്യവേപ്പിൻ അശ്വനി ചാരുത –തികട്ടിയെത്തുന്ന
*മരുത്തനായ് ഞാനിതാ
‘ചേര്’ പൂക്കുന്ന മേനിവട്ടങ്ങളില്‍
ചേറെടുക്കുന്ന ‘താനി’ വട്ടങ്ങളായ്
പേരെടുക്കാത്ത *ചെമ്മാരിക്കൂട്ടമേ
പറപൊലിയ്ക്കുന്ന നിന്റെ വായ്ത്താരികള്‍
കവിതയായ് വന്നെന്റെ ഉറക്കം കെടുത്തുന്നു.
ചെറ്റയുന്തിയ ഏമാന്റെ വിരുതിനെ
ചെത്തിചെറുത്ത ചെറുമക്കിടാത്തിയെ
ചെളിയിലിട്ട് കരിച്ച കാലത്തിന്റെ
നാണമില്ലാ നാരദ വേഴ്ചതന്‍
അലമ്പൊലിപ്പാട്ടിന്, ചിലമ്പൊലി മുഴക്കും
കുയില്‍ക്കിളി ചങ്കുകള്‍ കുത്തിയുടച്ച
കരളുറപ്പിന്റെ കറുത്ത മക്കള്‍ കവിതയായ്
വന്നെന്റെ ഉറക്കം കെടുത്തുന്നു.
നഷ്ടബോധങ്ങളാടി തിമിര്‍ക്കുന്ന
നട്ടുച്ചയില്‍ പൂത്ത പൂമരക്കൊമ്പത്ത്
രക്തസാക്ഷികള്‍ തുന്നിയ ചെങ്കൊടി
തണലുതിര്‍ക്കുന്ന കവിതയായ് മാറുന്നു.
ചുട്ടനിനവുകള്‍ വെടിയുണ്ടയായ് വന്ന്
വക്കടര്‍ത്തി ചുംബിച്ച കൊടികളെ,
വറുതി പെയ്യുന്ന കായല്‍ തലപ്പത്ത്
പനനാരിനാല്‍ തളച്ചിട്ട ധീരരെ,..
സഖാവെന്ന് വിളിച്ചെന്റെ പൂർവികര്‍.
കണ്ണുടയ്ക്കും സർവേരിക്കല്ലുകള്‍
ഭ്രഷ്ടിന്റെ സൗവര്‍ണ ഗർജനസീമയായ്
ധ്വനിചന്തമേകി തെക്കിരിക്കുമ്പോള്‍
തെക്കുനില്‍ക്കും പുളിമരച്ചോട്ടില്‍
നീരൊഴുക്കിയ ധീരരെ,..
‘സഖാവെന്നു’ വിളിച്ചെന്റെ പൂർവികര്‍
കനലുകൊയ്യുന്ന കവിതയായ് വന്നെത്തി
ഉറക്കമില്ലാ രാവെനിക്കേകുന്നു.
കണ്ണിലെ, കലിയുടെ കല്മഷ നീരിനെ
ഏറ്റം പറഞ്ഞുണര്‍ത്തിച്ച നാവിനെ
പിഴുതെടുക്കാന്‍ വന്ന കരാളഹസ്തങ്ങളെ
ചുട്ടെരിക്കാന്‍ വില്ലുവണ്ടിയില്‍ വന്നവന്‍
രൗദ്രഭീമനെപ്പോലാടിത്തിമിര്‍ത്തവന്‍
രക്തമിറ്റിച്ച കടലാസുമായ് വന്ന്
കുന്തമുനകൊണ്ട് കാവ്യം രചിക്കുവാന്‍
അന്തിയില്‍ അന്തിച്ച മനമോട് കൽപിച്ച്
തേരുരുട്ടി കടന്നുപോവുമ്പോള്‍...
നാരായമില്ലാകാലത്തെ പുല്‍കിയോര്‍
സൂര്യനേക്കാള്‍ കത്തിജ്വലിച്ചെന്റെ
കവിതയില്‍ വൃത്തവും വൃത്തിയുമില്ലാ-
ത്തടയാളമിട്ട് അന്തസ്സു കാക്കുമ്പോള്‍
ചോര കത്തുന്ന ഞരമ്പുയിര്‍കൊണ്ട്
കോമരം തുള്ളുന്ന കവിതയാകുന്നു... ഞാന്‍.
------------------
*മരുത്തന്‍, *ചെമ്മാരി - ഉത്തര കേരളത്തിലെ മലബാറില്‍
പുലയ സമുദായത്തില്‍പ്പെട്ടവരുടെ സ്ഥാനീയ നാമങ്ങള്‍