ആശ്ചര്യ ജാലകം

എന്റെ
ചികിത്സാ മുറിയുടെ
ജനാലയിലൂടെ നോക്കിയാൽ
കുമ്മായമടർന്നു
പഴകിയ ഒരു മതിൽ
മാത്രം കാണുന്നു.
ആർത്തലച്ചുവന്ന പേമാരിയിൽ
മുറിയിലേക്ക് വെള്ളമടിച്ചു കയറാതിരിക്കാനായി
അതും ഞാൻ അടച്ചുകളഞ്ഞു.
വായുസഞ്ചാരമില്ലാത്ത
ഈ മുറിയിൽ
ഭീകരമായ ഒറ്റപ്പെടൽ
എന്നെ പരിഭ്രാന്തയാക്കിക്കളയുന്നു.
പ്രപഞ്ചമേ,
ഒരു ജാലകമില്ലാതെ പറ്റില്ല.
വെള്ളമിരച്ചു കയറിയാലും
ഞാൻ കുത്തിയൊലിച്ചുപോയാലും
ഒറ്റയ്ക്ക് വയ്യ.
ഇന്ന്,
തുറന്നിട്ട ജാലകത്തിനപ്പുറം കണ്ടത്
ഇലകൾ പൂക്കും കാട്!
ഞാൻ അത്ഭുതംകൊണ്ട്
കൈകൾ നിന്നിലേക്കുയർത്തി.
ഹരിതവർണമുള്ള ഒരു വലിയ ഇലയുടെ തുമ്പിൽ തൊട്ടു.
തോർന്ന മഴയുടെ അവശേഷിപ്പ്!
ഉറ്റാനൊരുങ്ങുന്ന ആശ്ചര്യം.
ഇലാഹീ,
എത്ര വേഗമാണ്
നീയെനിക്ക് കൂട്ടുവന്നത്?
വലിയ ഇലകളുള്ള
ഒരു പൂച്ചെടിക്കും
ഉറ്റാനൊരുങ്ങുന്ന മഴത്തുള്ളിക്കുമിടയിൽ
എന്റെ ചൂണ്ടുവിരൽ ചേർത്തുവെച്ചത്?