ചിലപ്പോൾ ഒരു പൂവിനെ

അവനെന്നെ സ്നേഹിപ്പിക്കുന്ന
വഴികൾ വിചിത്രം:
ചിലപ്പോൾ ഒരു പൂവിനെ കാണിച്ചുകൊണ്ട്;
പൂവിൻ പുറംരൂപത്തിലൂടൊരു
ഉൺമയെ പായിച്ചു കാണിച്ച്.
ഇതൾ നിറങ്ങളെ നോക്കി ഞാൻ
അവനെ കാണുന്നു.
തണ്ടുകളിലൂടൂർന്ന്
വേരിലെത്തുന്നു
ജീവരസം ഉള്ളിൽ
പായുന്നതറിയുന്നു.
വരൾനിലത്തു കമിഴുമ്പോഴും
വൈകാതെയൊരു നീരുറവയെ
പ്രത്യക്ഷമാക്കുന്നു.
ആ അരുളുകൾ ഞാൻ
മടിയിൽ െവയ്ക്കുന്നു
വിലാപത്തെ നൃത്തമാക്കും വാക്കുകൾ:
*എന്റെ രട്ടു നീ അഴിച്ച്
എന്നെ സന്തോഷം ഉടുപ്പിക്കുന്നു.
നിയമാവലികൾ ഞാൻ പഠിക്കുന്നില്ല
ഹൃദയമവനിൽ ചേർന്നാൽ
നിയമാവലി താനേ ഉരുവാകും
നിയമങ്ങൾ പാലിക്കപ്പെടും.
പരമചഷകമേ,
ചാഞ്ഞു തരിക,യൽപം.
ഒരിറക്ക് മൊത്തി
കാൽച്ചുവട്ടിലെ മണ്ണിൽത്തന്നെ
നൃത്തത്തറയൊരുക്കട്ടെ ഞാൻ.
ദിക്ക് ഏതാകിലുമതിൽ
ദിക്കുകൾ സംഗമിക്കുന്നു
ആഴിയും സ്പന്ദിക്കുന്നു.
തുറന്നു മലരുന്ന
രാജ്യവാതിൽ.
ഉള്ളിന്നുള്ളിലേക്ക്
തീരെ ലഘുവാം കാൽവെപ്പ്.
=====================
* സങ്കീർത്തനങ്ങൾ (30:11). രട്ടു = ചാക്കുവസ്ത്രം