പതിമൂന്ന് കണ്ണറപാലം

ചെരിവും തിരുവും താണ്ടി
പുകച്ചുരുൾ പുതച്ച തീവണ്ടി
ഇരുൾ തുരങ്കത്തിന്നകമേ
കിതപ്പോടെ കയറുന്നു
ഇടയ്ക്കിടെ ചൂളം വിളിച്ച്
കളിക്കും ചങ്ങാതിപോൽ
സമയസഞ്ചാരത്തെ
കൂകിയുണർത്തിപ്പായും വണ്ടി
തുണിസഞ്ചി നിറച്ചുള്ള
മുറുക്കുമച്ചപ്പവും
കിഴക്കിന്റെ രുചി നീട്ടി
കയറും ബോഗി തോറും
പുറത്തെ പച്ചലോകം
എനിക്കൊപ്പം ചലിക്കവെ
കുരുന്നു കൗതുകത്തിൻ കൈ
വെളിയിലേക്കാഞ്ഞിടുന്നു
കറങ്ങും മരത്തിന്റെ
ചില്ലമേൽ ചാടിക്കേറി
പലവട്ടം മരഞ്ചാടി
കുരങ്ങായി തുടർന്നു ഞാൻ
ഇടയിൽ പുഴയിലേക്കിറങ്ങി
കുളിച്ചിട്ടും നനയാത്തുടുപ്പിനെ
അഴികൾക്കിടയിലൂടാട്ടി
ഞങ്ങളുണക്കുന്നു.
പിണങ്ങിപ്പായും
മേഘവിരിപ്പിൽനിന്നെത്ര-
ചാടിയിറങ്ങി വീണ്ടും
തീവണ്ടി പിടിച്ചിരുന്നെന്നോ
തുരങ്കമിറങ്ങിയാലുടൻ രണ്ട്
മലകളിറങ്ങി പരസ്പരം
കൈ കൊടുക്കുംപോൽ
പതിമൂന്ന് കണ്ണറപാലം വരും
ഒരിക്കലാ പാലത്തിന്റെ
നടുവിലായൊരാൾ തന്റെ
കഴുത്തിൽ കുരുക്കിയ
കയറിൽ തൂങ്ങിനിൽപ്പതുണ്ടായ്
ജീവിക്കാതെയിരിക്കാനും
ജീവിതമെന്ന് തോന്നിക്കാനും
പതിമൂന്നു കണ്ണറപ്പാലം
കുലുങ്ങാതെ നിൽക്കുന്നുണ്ട്
പാലത്തിൻ മേലേറവേ
ഭയത്തിന്റെ കരിമൂർഖൻ
പെരുവിരൽ കടിച്ചങ്ങ്
നീലിച്ചപോൽ നിൽക്കാറുണ്ട്
പലപ്പോഴും പേടിച്ചു ഞാൻ
കൂട്ടർക്കൊപ്പം വീണിടുമ്പോൾ
പുഴവക്കിൽ തൊട്ടിലാട്ടി
നികുഞ്ജങ്ങൾ ചിരിക്കുന്നു
ആട്ടത്തിൽ ഞാൻ തിരയുന്നു
ആനവാൽ മോതിരം,
പാൽ വറ്റിയ മുലഞ്ഞെട്ട്,
അരയിൽ ഓതിക്കെട്ടുമരഞ്ഞാൺ.
എങ്കിലും ശിലകൾ
മെത്തപോൽ വിരിച്ചിട്ട
കാട്ടിൽ പതിവായി വീണു
മരിച്ചു പോകാറുണ്ട്
ക്ഷണത്തിൽ തന്നെയെന്നെ
വലിച്ചു ജീവിതത്തിൻ
പുതിയ ബോഗിയിൽ കയറ്റിയിരുത്തി
വണ്ടി പായും
കാലമിത്ര കടന്നെങ്കിലും
ഞാനിപ്പോഴും പതിമൂന്ന്
കണ്ണറപാലം പൂകും
കുട്ടിയായിത്തുടരുന്നു.
=================
*കൊല്ലം ചെങ്കോട്ട റെയിൽപാതക്കിടയിൽ മലകളെ ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാർ നിർമിച്ച ചരിത്രപ്രാധാന്യമുള്ള പാലം. ഈ പാലത്തിലൂടെയുള്ള സ്കൂളിലേക്കുള്ള യാത്രാനുഭവം