പറയാനാവാത്ത കഥകൾ

ദുബായീക്ക് തിരിച്ചുപോവാൻ
ദിവസമെണ്ണിയിരിക്കെ
വീരാൻ ബ്രോക്കർ വന്നൂ,
ഒരു മിന്നായം പോലെ.
‘‘വടക്കേലൊരു പെണ്ണുണ്ട്,
ങ്ങക്ക് പിടിക്കാണേൽ മോൻ പോണേന്ന് മുന്നേ
നികാഹ് നടത്താന്ന് ബാപ്പാനോട് ചൊല്ലി’’
അന്നേരം തന്നെ പെരക്കാരെല്ലാരും കൂടെ
പെണ്ണ് കാണാനിറങ്ങി.
മഞ്ഞവെള്ളം ചുണ്ടിൽ വെച്ച് ഉമ്മ
പെണ്ണിന്റെ മാറും തലേം
ചുണ്ടും ചിറീം നോക്കി മോശല്ലാല്ലേന്ന്
ഇത്താത്താനോട്
ചുണ്ട് കോട്ടി.
ന്റെ ഉള്ളിലെ കനവുകളുണർന്ന് ഒളിമിന്നി.
‘‘തെക്കേലെ ഖാദർക്കാന്റെ ഇളയ മോനുമായി
മോളെ നികാഹ് ഉറപ്പിച്ചിരുന്നൂന്നും
മിനിയാന്ന് ആ ഹറാം പെറന്നോന് ഏതോ ഓളോപ്പം ഒളിച്ചോടീന്നും ന്റെ മോൾക്കെന്താ കൊറവ്, ആ ദെവസം തന്നെ ഞാൻ ഓളെ നികാഹ് നടത്തൂന്നും
പെണ്ണിന്റെ ബാപ്പ തോർത്ത് കുടഞ്ഞു.
പെണ്ണിന്റെ കണ്ണ് നിറഞ്ഞു,
തട്ടം പാറി.
അതുകണ്ട ബാപ്പാന്റെ ഉള്ള് നീറി.
അനക്കിഷ്ടായോ മോനേന്ന് ഒച്ച പൊന്തി
ഓൾക്കെന്താ
തരക്കേട് ന്ന് ഞാമൂളി,
‘‘ന്നാ പിന്നെ ഞങ്ങളിറങ്ങാ,ങ്ങൾ കണ്ട
ദെവസം തന്നെ നികാഹ് നടത്താ’’
ന്റെ വാപ്പ പെണ്ണിന്റെ വാപ്പാക്ക്
കൈ കൊടുത്തു.
ഏഴാം നാൾ
പത്തിരുപത് ആൾക്കാര് കൂടി,
പെണ്ണിന്റെ ബാപ്പന്റെ കയ്യില് മുറുക്കിപ്പിടിച്ച്
ന്റെ മോൾ അനക്ക് ന്ന് മന്ത്രിച്ചു.
ന്റെ ഖൽബില് വിളക്ക് തെളിഞ്ഞു.
അന്ന് രാത്രി
ആളും കോളും അടങ്ങി മണി
പതിനൊന്ന് കഴിഞ്ഞപ്പൊ ഓള്
ന്റെ മുറീന്റെ വാതിലടച്ചു.
ന്റെ ഉള്ളിലും പുറത്തും വല്ലാത്തൊരു
കിരുകിരുപ്പ്
വല്ലാത്തൊരു പെരുപെരുപ്പ്
‘‘ന്നാ പിന്നെ കെടക്കാ ലെ’’ ഞാനോളോട്
കണ്ണ് കാട്ടി.
‘‘അയിനെന്താ, ആവാലോ
ഞാനൊറ്റക്കാ പതിവ്
ഇനിയിപ്പോ...’’
‘‘ഇങ്ങളങ്ങട്ട് നീങ്ങിക്കിടന്നോളീൻ,’’
ഓള് പിറുപിറുത്തു തലയണ നീട്ടി.
അത് കേട്ടന്നേരം
ന്റെ നെഞ്ചിലൊരു പൊട്ട് വീണ്
കണ്ണിലൂടെ തീപാറി
ചിറക് കരിഞ്ഞുവീഴുന്ന കനവുകളെയും നോക്കി
തലയണച്ചൂടിലൊതുങ്ങി,
ഉള്ളിൽ ആർത്തലച്ച അലകളിൽ
ഞാനങ്ങനെ കണ്ണടച്ച് കിടന്നു,
ഖൽബിലൊരു കടലും പേറി
പറയാനാവാത്ത കഥകളിലവൾ
കണ്ണ് തുറന്നങ്ങനെ...

