ഉടലുകൾ

നിഴലുകൾ വേരുപടർത്തുന്ന മണ്ണിൽ
നീ ഒരു ഉടലിനെ പറിച്ചുനടുന്നു
കളിമണ്ണിന്റെ ഓർമയിൽനിന്ന്
ഭൂമിയുടെ വറ്റിപ്പോയ ഭാഷകളെ
കണ്ടെടുക്കുകയാണ് നീ.
മരിച്ചവരുടെ ഉറഞ്ഞുപോയ ഏകാന്തതയാണ്
കളിമണ്ണ്.
അതിന്റെ നിശ്ചലതയ്ക്ക് കുറുകെ
മുറിവുകളുടെ നദിയെ നീ ഒഴുക്കിവിടുന്നു.
പർവതങ്ങൾ ശ്വസിക്കുന്ന മേടുകളിൽ
കുളമ്പടികളുമായി നിന്റെ വിരലുകൾ
സവാരിചെയ്യുന്നു
നിലവിളികൾ അടക്കം ചെയ്ത പെട്ടകങ്ങളുമായി
തുഴഞ്ഞെത്തുന്ന മഴ
നിന്റെ കാഴ്ചയിലാണ് നങ്കൂരമിടുന്നത്.
ഭൂമിയുടെ നഗ്നതകൊണ്ട് രചിക്കുന്ന
ഒഴുകുന്ന ഉടലാണ് ജലം.
നിന്റെ അനാട്ടമിയുടെ പെൻസിൽ ക്ഷതങ്ങൾ
ഇപ്പോൾ ഒരു ജലഭൂപടം.
പ്രതിബിംബങ്ങളെല്ലാം കെടുത്തി
കണ്ണാടികൾ ഉറങ്ങുന്ന
നഗരത്തിലായിരുന്നു നീ.
രൂപമില്ലായ്‌മകൾ താണ്ടി
ഉടൽ തേഞ്ഞ തുമ്പികളാണ് നിന്നെ
കളിമണ്ണിലേയ്ക്ക് കരകയറ്റിയത്.
സ്വപ്നത്തിൽ നിന്റെ കാമുകി
പുഴയെ ഗർഭം ധരിക്കുന്നു.
നിന്റെ കിടക്കവിരി നിറയെ
അവൾ പൊഴിച്ചിട്ട ചെതുമ്പലുകൾ.
വിഷാദം പച്ചകുത്തിയ ഉടലുകളുമായി
ഇലക്കൂടുകളിൽ കുഞ്ഞുങ്ങൾ വിരിയുന്ന ഗന്ധം.
ഹൃദയങ്ങൾ വയലിനുകളായ് രൂപാന്തരപ്പെട്ട
പ്രണയികൾ
മുറിവുകളെല്ലാം നിന്നെയേൽപിച്ച്
പറന്നു മറയുന്നു.
കളിമണ്ണിന്റെ ദ്വീപിൽ നീ തനിച്ചാവുമ്പോൾ
ജീവിതത്തിൽനിന്ന് പറന്നെത്തുന്ന ഒരു ചെറുശലഭം
ഒരു നക്ഷത്രമുദ്ര നിനക്കു സമ്മാനിക്കുന്നു.
പല വാഴ്‌വുകളുടെ സഹനം പേറിയെത്തുന്ന ഒച്ചുകൾ
ഉടലിന്റെ ആദിമരഹസ്യങ്ങൾ
നിനക്ക് കൈമാറുന്നു.
മണ്ണിന്റെ ഒളിയിടങ്ങളിൽ
അപരലോകത്തെ പണിതുയർത്തുന്ന
ചിതലുകളുടെ വാസ്‌തു.
പുഴുക്കൾ ഉഴുതിടുന്ന അടിമണ്ണിൽ
വിത്തുകളായ് ഉറങ്ങുന്നവരുടെ ഓർമയാണ്
നീ പണിതെടുക്കുന്ന മണ്ണുടൽ.
ഉള്ളിൽ ആകാശത്തിന്റെ
പ്രവാഹം നിലക്കാത്ത മരങ്ങൾ
ഭൂമിയിലെ മറ്റൊരു ഏകാകിക്ക് കൂടി
കാവൽ നിൽക്കുന്നു.

