Begin typing your search above and press return to search.

വീണ്ടെടുപ്പുകൾ

poem
cancel

വെള്ളകൾ കളകളായി പെരുകുന്നു

കാമ്പുകളുടെ വെള്ളമൂറ്റിക്കൊഴുക്കുന്നു

വെള്ളപുതപ്പിക്കൽ വെള്ളതേയ്ക്കൽ

വെള്ളച്ചേലകൾ വെള്ളച്ചന്തങ്ങൾ

വെള്ളപ്പറവകൾ

വെള്ള പുതപ്പിക്കുവോളം

നിങ്ങളെന്നെ പെടാപ്പാടിലാക്കി

നുകത്തിൽത്തളച്ച് വേലയെടുപ്പിച്ചു

ഒരു പേരിനുള്ള ഇടംപോലുമില്ലാതെയാക്കി

എന്റെ ഉടൽവളവുകൾ നിവർത്തി

പെട്ടിച്ചതുരത്തിൽ ഇറക്കുമ്പോൾ

ഉയിര് എപ്പൊഴേ കാറ്റ് വിളിക്കുന്നിടത്തേക്ക്

പറന്നിരിക്കും

വെള്ള പൂശിയത്

കരുമനയും കൊടുമയും മറയ്ക്കാനല്ലേ?

മഴയും വെയിലും ആ വെള്ളച്ചായം തുടച്ചുമാറ്റും

നിങ്ങടെ കടും നേരുകൾ തുറന്നുകാട്ടി

കല്ലുകൾ വെള്ളാരത്തേക്കങ്ങൾ പാടും

വെള്ളയുടുപ്പിച്ച് ഉടലാകെ മറച്ച് തെരുവിലും പൊതുവിടത്തിലും നിരയായി നിർത്തി

പെരുക്കപ്പട്ടികയിലെ ഒരക്കം മാത്രമെന്ന് എന്നെച്ചൂണ്ടരുത്

വെള്ളച്ചേലയിൽ കനവുകളുടച്ച്

എനിക്ക് മാലാകയും തേവിയുമാവണ്ട

ചാവ്ചേലചുറ്റി പേരില്ലാതെ നാവില്ലാതെ കണ്ണുംകാതുമടച്ച് അറിയാവഴിയേ ആട്ടിത്തെളിക്കണ്ട

വെള്ളച്ചന്തങ്ങളെണ്ണിപ്പറഞ്ഞെന്റെ

കരിന്തോല് പൊളിക്കരുത്

വെള്ളച്ചിയെന്ന് കടവെട്ടി

വിളക്കാക്കണ്ണി മുറിച്ച്

നോവിൻപത്തികളാഴ്ത്തി വണങ്ങിനിന്നോ

എന്റെയാളോരുടെ വേലകൾ മിഴിവുകൾ പാട്ടുകളാട്ടങ്ങൾ ചേലുകൾ

ഓലയിലില്ലെന്നറിഞ്ഞ്

മലത്തേവരായി കടലമ്മയായി അലച്ചെത്തി

മുച്ചൂടും മുടിച്ചെന്ന ഈണം കേട്ട്

കുത്തൊഴുക്കിൽ കടലേറ്റത്തിൽ

ഉയിരൊടുക്കി പലപാട് ചിതറുമ്പോൾ

പാകമാവില്ലെനിക്കീ വെള്ളച്ചന്തങ്ങൾ

വെള്ളപ്പറവയെന്ന് കൊതിച്ച്

റാഞ്ചിപ്പിടിച്ച് മെരുക്കിയതും

ചിറകരിഞ്ഞ് ഓമനിച്ചതും

അരുമപ്പിറാവെന്ന് ആകാശം മറച്ചതും

നെഞ്ചിടിപ്പായി കൂടെയുണ്ട്

തുളഞ്ഞിറങ്ങിയ മുള്ളുകൾക്ക്

ചീന്തിയ ഉടൽപ്പുറങ്ങൾക്ക്

ഒടിഞ്ഞുടഞ്ഞ എല്ലുകൾക്ക്

ചിതറിത്തെറിച്ച ചോരപ്പാടുകൾക്ക്

അറിയാമെന്റെ ചേലുകൾ

മടങ്ങണമെനിക്ക്

കാറ്റായി വെയിലായി ചോലയായി

പാടിയാടി പെയ്തിറങ്ങണം

പൂവായി കനിയായി വിത്തായി

കാലങ്ങൾക്കപ്പുറം മുളപൊട്ടണം

എല്ലാ നിറങ്ങളും ചന്തം ചേർക്കും

മാനത്തെ മഴവില്ലഴകാകണം.


Show More expand_more
News Summary - Malayalam poem