ബിംബവും പ്രതിബിംബവും

കണ്ണാടിയിൽക്കൂടിയാണ്
നമ്മൾ നമ്മളെ കണ്ടത്
ജീവനുള്ളവയാകട്ടെ
അല്ലാത്തവയാകട്ടെ
ആർക്കും സ്വയം
കാണാൻ കഴിയില്ല
കണ്ണാടിയിൽക്കാണുന്നത്
നമ്മുടെ പ്രതിബിംബമല്ല.
നമ്മൾ കണ്ണാടി നോക്കണമെന്നു-
തീരുമാനിച്ച നിമിഷത്തിന്റേതാണ്.
പുഴയോരത്തെ വീടുകൾ
രാത്രിയിൽ
പുഴയിൽ പ്രതിബിംബിക്കുന്നു.
ആ പ്രതിബിംബത്തിനകത്ത്
മീനുകൾ സഞ്ചരിക്കുന്നുണ്ടാവും.
അവയൊരിക്കലും
വീടുകളുടെ പ്രതിബിംബത്തിലാണെ-
ന്നറിയുന്നില്ല.
നിഴലുകൾ പ്രതിബിംബമാകുന്നേയില്ല.
എന്തോ ഉണ്ട്
എന്നു തോന്നിപ്പിക്കുക മാത്രമേ
ചെയ്യുന്നുള്ളൂ.
നിഴൽ, നിഴൽ മാത്രമാണ്.
പ്രതിബിംബത്തെ
ഒരിക്കലും
വിശ്വസിക്കാൻ പറ്റില്ല.
ഭൂമിക്ക് പ്രതിബിംബം ഉണ്ടോ?
കറങ്ങിക്കൊണ്ടിരിക്കുന്നതിന്
പ്രതിബിംബമുണ്ടാകുമോ?
ഉണ്ടെങ്കിൽതന്നെ
എവിടെ പതിയും
അതിന്റെ പ്രതിബിംബം.
ആ പ്രതിബിംബത്തിന്
ഭൂമിയുടെ വേഗം ഉണ്ടാകുമോ?
ബിംബത്തിന്റെ നേർരൂപം
മാത്രമേ പ്രതിബിംബത്തിലുള്ളൂ
പുറകിലെ
വശങ്ങളിലെ
രൂപമെപ്പോഴും മറഞ്ഞിരിക്കുന്നു.
ബിംബത്തിന്റെ
ഒരു സ്വഭാവവും പ്രതിബിംബം
കാണിക്കുന്നില്ല.
പ്രതിബിംബം
നമ്മുടെ കണ്ണുകളെ പറ്റിക്കുകയാണ്.
ഒഴുകുന്ന പുഴയിൽ
വീണു കിടക്കുന്ന ചന്ദ്രൻ
ഒഴുകുന്നില്ലല്ലോ.
ആ വെളിച്ചം ഒഴുകി
എവിടെയും പോകുന്നില്ലല്ലോ.

