ഖാലിദ് ബ്നു വലീദിന് ഡിസ്മിസൽ ഓർഡർ

1. അവർ നമ്മിൽനിന്ന് അറേബ്യൻ യുഗം മോഷ്ടിച്ചു നബിയുടെ വിശുദ്ധ ഗേഹത്തിൽനിന്ന് ഫാത്തിമത്തുസ്സഹ്റായെ തട്ടിക്കൊണ്ടുപോയി ഓ, സലാഹുദ്ദീൻ അവർ വിശുദ്ധ ഖുർആന്റെ ആദിമ കോപ്പി വിറ്റ് തുലച്ചു അലിയുടെ കണ്ണിലെ ദുഃഖം അവർ വിറ്റു ഓ, സലാഹുദ്ദീൻ അവർ താങ്കളെയും വിറ്റു ഞങ്ങളെ മുഴുവൻ പരസ്യമായി ലേലംചെയ്തു വിറ്റു. 2.ശാം വിജയാനന്തരം ഖാലിദിനെ അവർ സ്ഥാനഭ്രഷ്ടനാക്കി എന്നിട്ട്, ജനീവയിൽ അംബാസഡറായി നിയമിച്ചു കറുത്ത ശിരോവസ്ത്രം ധരിച്ച സിഗരറ്റിന്റെ രുചി നുകർന്ന് ഫ്രഞ്ച് കൊറിച്ചുകൊണ്ട് യൂറോപ്പിലെ ബാറുകളിൽ ഒരു കടലാസ് കോഴിയെപോലെ അദ്ദേഹം നടന്നു നീങ്ങുന്നു അവർ അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1.
അവർ നമ്മിൽനിന്ന് അറേബ്യൻ യുഗം മോഷ്ടിച്ചു
നബിയുടെ വിശുദ്ധ ഗേഹത്തിൽനിന്ന്
ഫാത്തിമത്തുസ്സഹ്റായെ തട്ടിക്കൊണ്ടുപോയി
ഓ, സലാഹുദ്ദീൻ
അവർ വിശുദ്ധ ഖുർആന്റെ ആദിമ കോപ്പി വിറ്റ് തുലച്ചു
അലിയുടെ കണ്ണിലെ ദുഃഖം അവർ വിറ്റു
ഓ, സലാഹുദ്ദീൻ
അവർ താങ്കളെയും വിറ്റു
ഞങ്ങളെ മുഴുവൻ
പരസ്യമായി ലേലംചെയ്തു വിറ്റു.
2.
ശാം വിജയാനന്തരം ഖാലിദിനെ
അവർ സ്ഥാനഭ്രഷ്ടനാക്കി
എന്നിട്ട്, ജനീവയിൽ അംബാസഡറായി നിയമിച്ചു
കറുത്ത ശിരോവസ്ത്രം ധരിച്ച
സിഗരറ്റിന്റെ രുചി നുകർന്ന്
ഫ്രഞ്ച് കൊറിച്ചുകൊണ്ട് യൂറോപ്പിലെ ബാറുകളിൽ
ഒരു കടലാസ് കോഴിയെപോലെ
അദ്ദേഹം നടന്നു നീങ്ങുന്നു
അവർ അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങൾ തട്ടിപ്പറിച്ചു
സൈന്യത്തിൽനിന്ന് നീക്കി
സമാധാനക്കോടതിയിലേക്ക് സ്ഥലം മാറ്റി
യുദ്ധം ജയിച്ച കുറ്റത്തിന് തരംതാഴ്ത്തുകയും ചെയ്തു
സൈനിക കോടതിയുടെ കവാടങ്ങളിൽ
ഖഡ്ഗം ചുമന്നതിന് പ്രതിയായി നിൽക്കേണ്ടിവന്നു
ഒരു കാലം വന്നോ?
ദേശീയഗാനം ആലപിച്ചും
ആയിരം പ്രാവുകളെ പറപ്പിച്ചും
പനിനീർ പുഷ്പവൃഷ്ടി നടത്തിയും നമ്മൾ ഇസ്രായേലിനെ സ്വാഗതംചെയ്യുന്ന ഒരു കാലവും വന്നോ?
മകനേ, എനിക്കൊന്നും മനസ്സിലാകുന്നില്ല
ഇല്ല മകനേ, എനിക്കൊന്നും മനസ്സിലാകുന്നില്ല.
3.
ഹുണ്ടികക്കാർക്ക് സൂര്യനെ അവർ പണയംവെച്ചു
ഏതാനും മിലീമുകൾക്ക് ചന്ദ്രനെ അവർ വിറ്റു കൈമാറി
ഉമറിന്റെ ഖഡ്ഗം
അവർ പൊട്ടിച്ചെറിഞ്ഞു
അദ്ദേഹത്തിന്റെ പാദുകപ്പാടുകളുടെ
ചരിത്രം അവർ കഴുവേറ്റി
അവർ കുതിരയെ വിറ്റു
ശുഭ്രവർണാങ്കിതമായ ശിരോവസ്ത്രവും സുന്ദരികളായ ബദവിപ്പെൺകൊടികളുടെ
നീലോൽപല മിഴികളും അവർ വിറ്റു
ഗർഭസ്ഥരാകും മുമ്പേ
അവർ നമ്മെ വന്ധ്യകളാക്കി
നമുക്കവർ ഗുളികകൾ നൽകി
ആൺകുട്ടികളെ പ്രസവിക്കുന്നത് തടയുന്നു
ഗർഭനിരോധന ഗുളികകൾ
ഫലസ്തീന്റെ മുറിവുകളെ ഈത്തപ്പന തോപ്പുകളാക്കി മാറ്റുന്നത് തടയുന്ന ഗുളികകൾ
കുതിര ശബ്ദങ്ങളെ
കൊന്നൊടുക്കുന്ന മരിജുവാന നൽകി
ഉറച്ച നിലപാടുകളില്ലാത്ത
മനുഷ്യരെ സൃഷ്ടിക്കുന്ന പാനീയം കുടിപ്പിച്ചു കൈകളിൽ അധികാരപ്പട്ടങ്ങൾ വെച്ചുതന്നു
ഗ്രൂപ്പുകളുടെ രാജാക്കന്മാരായി വാഴിച്ചു.
4.
കോഴ തിന്ന അറേബ്യൻ പൗരുഷത്തിന്റെ മുഖത്ത് മൂത്രമൊഴിച്ചു
അരങ്ങത്ത് നടക്കുന്നതെന്താണ്?
വെൽവെറ്റ് തിരശ്ശീലയുടെ ചരട് വലിക്കുന്നതാരാണ്?
തിരക്കഥ രചിക്കുന്നതാരാണ്?
അറിയില്ല
പൊതുജനത്തിനുമറിയില്ല, മകനേ
ആരാണ് സംവിധായകൻ? ആരാണ് യവനികക്ക് പിന്നിൽ?
സ്വരാജ്യമെന്ന് വിളിക്കുന്ന പെൺകുട്ടിയെ അവർ തട്ടിക്കൊണ്ടുപോയി
പാദസരങ്ങൾക്ക് പകരം അവർ അവളുടെ
പാദസരോജങ്ങൾ വിറ്റു മാറുന്നു
എസ്റ്റേറ്റുകൾക്ക് പകരം
അഴകാർന്ന അവളുടെ
മിഴികൾ അവർ ചൂഴ്ന്നുകൊടുക്കുന്നു
അനാദികാലം മുതൽക്കേ മുലത്തടങ്ങളുടെ
കിളിവാതിൽക്കൽ
കൂടുകൂട്ടി പാർക്കുന്ന അരുമപ്പൈങ്കിളികളെ
അവർ വിറ്റു കാശാക്കുന്നു
രണ്ടു കോപ്പ വിസ്കിക്ക് പകരം
ദേശീയ സമ്പത്ത് മുഴുവൻ വിൽപന നടത്തുന്നു.
5.
ഓ, സലാഹുദ്ദീൻ
ഇത് വിമതകലാപത്തിന്റെ കാലമാകുന്നു
അതിശക്തമായ ജനകീയ വേലിയേറ്റത്തിന്റെ കാലം
അബൂബക്കറിന്റെ വീടിന് അവർ തീ കൊളുത്തി
നബി കുടുംബത്തെ രായ്ക്കുരാമാനം അറസ്റ്റ് ചെയ്തു
ഓ, സലാഹുദ്ദീൻ
അവർ അങ്ങയെ വിറ്റു കഴിഞ്ഞു
ചന്തയിൽ പരസ്യമായി ലേലംചെയ്തു
ഇനി, എന്തിന് നാം കവിതകളെഴുതണം...
മൊഴിമാറ്റം: വി.എ. കബീർ
===================
സൂചിക:
ഖാലിദ് ബ്നു വലീദ്: നബിയുടെ കാലത്തെ വീര സൈന്യാധിപൻ
ഫാത്തിമത്തുസ്സഹ്റാ: നബിയുടെ മകൾ
സലാഹുദ്ദീൻ: കുരിശ് പടയെ തോൽപിച്ച സൈന്യാധിപൻ
കറുത്ത ശിരോവസ്ത്രം: ജൂത പുണ്യസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ കറുത്ത തൊപ്പി ധരിക്കണമെന്ന ആചാരം ഓർക്കുക
മിലീം: ഈജിപ്ഷ്യൻ നാണയം

