നീല ജനാലകളുള്ള വീട്

നടുവളഞ്ഞ തെങ്ങിൽനിന്ന് വീണ
ഉണക്ക തേങ്ങകൾ
വേലിയേറ്റത്തിൽ,
കണ്ടത്തിൽനിന്നും
മുറ്റത്ത് വന്നു ഉമ്മെവയ്ക്കുന്ന
വടക്കേ തുരുത്തിലാണെന്റെ വീട്.
ഒന്നാം പാളി തുറക്കുമ്പോൾ
വിജാഗിരിക്ക് തുരുമ്പൊച്ച കേൾക്കുന്ന
ശരിയ്ക്കങ്ങ് തുറന്നിടുമ്പോളേക്ക്
ഉപ്പ്കാറ്റ്
നെറുകംതല വരെയടിക്കുന്ന,
ഈർപ്പമടിച്ച് മടുത്ത്
ഉറയുരിഞ്ഞ് തുടങ്ങിയ
നീല ജനലുകളുള്ള വീട്.
കുമ്മായപ്പൂശലുകൾ പൊഴിഞ്ഞുവീണ
ചോപ്പ്തറയിലേക്ക്
ഏറ്റത്തിൽ* വീടുകാണാനെത്തിയ
ഉപ്പ് വെള്ളത്തിൽ,
ചെമ്മീകുഞ്ഞുങ്ങൾടെ കലപില.
കുതിർന്ന കട്ടിലിനു മേലെ
ഒറ്റക്കയ്യൻ കസേരയും
പൂപ്പല് പടർന്ന പൂപ്പരത്തി പെട്ടിയും
രൂപക്കൂട്ടിലെ മഞ്ഞുമാതാവിനെയും
ഒതുക്കിെവച്ച്,
ഓരോ ഏറ്റത്തിലും
പെറുക്കിക്കൂട്ടി മടുത്ത
സന്ധ്യാവിന്റെ കെട്ട്യാള് വെരോണി
എടപ്പള്ളിക്ക്** നേർന്ന പൂവനെയും കെട്ടിയിട്ട്
വളംകടികൊണ്ട്
പൊറുതിമുട്ടിയ
വെരലുകൾക്കിടയിൽ
ടർപ്പന്റൈൻ, തുണിയിൽ മുക്കിയൊപ്പി,
ഉപ്പ് വെള്ളത്തിൽ കുതിർന്ന
കട്ടിലിൽ ചുരുണ്ട് കിടന്നു.
==================
*വേലിയേറ്റം
**ഇടപ്പള്ളി പള്ളിയിൽ ഗീവർഗീസ് പുണ്യാളനുള്ള പൂവൻകോഴി നേർച്ച

