എട്ട് സി. ആമിന, സന്ധ്യ, മേരി

ഉച്ചയൂണിന് ബെല്ലടിച്ചു. എട്ട് സി ക്ലാസിലെ ഡെസ്‌ക്കുകൾ തീൻമേശയായ്. ആമിനയും സന്ധ്യയും മേരിയും ചുറ്റുമിരുന്നു. ചോറ്റുപാത്രങ്ങൾ നിരന്നു, ഇറച്ചിയുടെ മണംതൂവി, വറുത്ത് മൊരിഞ്ഞ മീനിലേക്ക് ആ കണ്ണുകൾ ഊളിയിട്ടു. സാമ്പാറും അവിയലും നാവിൽ രസക്കൂട്ടൊരുക്കി. ആ കൈകൾ പാത്രങ്ങളിൽനിന്ന് പാത്രങ്ങളിലേക്ക് ചലിച്ചുകൊണ്ടേയിരുന്നു. പോത്തിറച്ചിയും അയലയും മുരിങ്ങയും വെണ്ടയും പപ്പടവും ഉണ്ണിമാങ്ങയും അവരെ ഊട്ടി. മനസ്സിലാരോ കെട്ടിയ മതിലുകൾ ക്ലാസ്സുമുറിയിൽ ഇടിഞ്ഞു വീണു. ബെല്ലടിച്ചു. സാമൂഹ്യശാസ്‌ത്ര പിരീഡ്. ബുദ്ധനും രാമനും നബിയും യേശുവും ക്ലാസിലെത്തി. ‘നന്മ’യുടെ വെളിച്ചം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഉച്ചയൂണിന് ബെല്ലടിച്ചു.
എട്ട് സി ക്ലാസിലെ ഡെസ്‌ക്കുകൾ
തീൻമേശയായ്.
ആമിനയും സന്ധ്യയും മേരിയും ചുറ്റുമിരുന്നു.
ചോറ്റുപാത്രങ്ങൾ നിരന്നു,
ഇറച്ചിയുടെ മണംതൂവി,
വറുത്ത് മൊരിഞ്ഞ മീനിലേക്ക്
ആ കണ്ണുകൾ ഊളിയിട്ടു.
സാമ്പാറും അവിയലും
നാവിൽ രസക്കൂട്ടൊരുക്കി.
ആ കൈകൾ പാത്രങ്ങളിൽനിന്ന്
പാത്രങ്ങളിലേക്ക് ചലിച്ചുകൊണ്ടേയിരുന്നു.
പോത്തിറച്ചിയും അയലയും
മുരിങ്ങയും വെണ്ടയും
പപ്പടവും ഉണ്ണിമാങ്ങയും
അവരെ ഊട്ടി.
മനസ്സിലാരോ കെട്ടിയ മതിലുകൾ
ക്ലാസ്സുമുറിയിൽ
ഇടിഞ്ഞു വീണു.
ബെല്ലടിച്ചു.
സാമൂഹ്യശാസ്‌ത്ര പിരീഡ്.
ബുദ്ധനും രാമനും
നബിയും യേശുവും
ക്ലാസിലെത്തി.
‘നന്മ’യുടെ വെളിച്ചം തൂവിയ ക്ലാസ്‌മുറിയിൽ
പോത്തിറച്ചി കൈവശംെവച്ചതിന്
കൊല്ലപ്പെട്ടവന്റെ നെഞ്ചിലമർന്ന
കഠാരയുടെ
സാമൂഹ്യപാഠം മാത്രം
മനസ്സിലാകാതെ
ആമിനയുടെ കണ്ണു നിറഞ്ഞു.
സന്ധ്യയും മേരിയും
അവളുടെ കരം കവർന്നു.
ചരിത്ര ക്ലാസ്.
ഗാന്ധിജിയുടെ അഹിംസ പഠിക്കവേ
മണിപ്പൂരിൽ
കൂട്ടമാനഭംഗത്തിനിരയായവളുടെ
ദൈന്യമാം മുഖമോർത്ത്
മേരി വിതുമ്പി.
കരിമ്പിൻക്കാട്ടിലെ ചതുപ്പിൽ
കുഴിവെട്ടിമൂടപ്പെട്ടവർ
മണിപ്പൂരി നൃത്തചുവടുമായി
ക്ലാസ് മുറിയിലാകെ നിറഞ്ഞു.
ആ മോഹനഭാവങ്ങളിൽ
മേരിയുടെ ഉള്ളം പിടഞ്ഞു.
ആ പിടച്ചിലിലേക്ക്
കണ്ണീർ മഴയായ്
ആമിനയും സന്ധ്യയും പെയ്‌തിറങ്ങി.
പൊളിറ്റിക്കൽ സയൻസ് ക്ലാസ്.
ഛത്രപതി ശിവജിയുടെ
വീരകഥ, ഭരണതന്ത്രം പഠിക്കവേ
മുംബൈ താജ് ഹോട്ടലിൽ
തോക്കിൻമുനയിൽ പിടഞ്ഞവരുടെ
നിലവിളി സന്ധ്യയെ പൊതിഞ്ഞു.
മേജർ സന്ദീപ്,
ഹേമന്ദ് കാർക്കറേ...
വീരസേനാനികളുടെ
ഓർമയിൽ ക്ലാസ്‌മുറി നിശ്ശബ്‌ദമായി.
തേങ്ങലുകളുയരുന്ന വീട്ടകങ്ങളിലേക്ക്
കണ്ണുംനട്ടിരുന്ന സന്ധ്യയുടെ
കവിളിൽ തലോടി
ആമിനയും മേരിയും.
ബെല്ലടിച്ചു.
സ്‌കൂൾ വിട്ടു.
ആരവമൊഴിഞ്ഞു.
സാമൂഹ്യ ശാസ്‌ത്രവും ചരിത്രവും
പൊളിറ്റിക്കൽ സയൻസും
ക്ലാസ്‌മുറിയിൽനിന്നിറങ്ങി
അക്ഷരത്താളുകളിലുറങ്ങി.
അവസാന ബെഞ്ചിൽ
ആമിനയും സന്ധ്യയും മേരിയും
കൈകൾ കോർത്ത്,
പരസ്‌പരം ബലമേകി,
ഒരു മെയ്യായങ്ങനെയിരുന്നു.

