കടലും കാക്കയും

ആകാശക്കണ്ണാടിയില്‍
ഒരു കടല്‍ച്ചിത്രം മാത്രം കാണാം
കിളിമീനുകളുടെ ചെങ്കനല്‍
കാവടിയാട്ടത്തിന്റെ
സാന്ധ്യചിത്രം...
ഓർമകളുമായി കട്ടമരത്തുഞ്ചത്ത്
അന്തിക്കടലിനെ നോക്കി
കടല്‍ക്കാക്ക കൂട്ടിരിക്കയാണ്
കൂടണയാതെയീ
ഭഗ്‌നതീരത്തിന്
സ്ത്രീമനഃശാസ്ത്രത്തിന്റെ
ഗുപ്തസത്യങ്ങള്‍
പരുക്കന്‍ശബ്ദത്തില്‍
കാറിപ്പഠിപ്പിക്കുന്നുണ്ട്
സങ്കടംമുട്ടി മുഖംചുവന്ന
തീരത്തോടായി അത് പറഞ്ഞു
പ്രിയ കൂട്ടുകാരാ
നിന്നോടെനിക്ക്
സ്‌നേഹമാകാന്‍ കാരണം
കൊത്തിപ്പെറുക്കി തിന്നാനും
എന്തെങ്കിലുമൊക്കെ
പറയാനും നീ മാത്രമാണല്ലോ
അതിനാല്‍ നിന്റെ നൊമ്പരം
എന്റേതുകൂടിയാണ്
തിരിഞ്ഞോടുന്ന തിരയെ നോക്കി
നീ എന്തിനാണിങ്ങനെ വിചാരപ്പെടുന്നത്
അപമാനിതനായി
നീയെത്ര ഉള്ളിലേക്ക്
ഒതുങ്ങിച്ചൊതുങ്ങിയാലും
പിന്നെയുമാ ഉപ്പുചിരി
പാല്‍നുരച്ചുണ്ടിലൊളിപ്പിച്ച്
നിന്നെ തൊട്ടുവിളിക്കും
പിന്നെ
നിന്നെ കബളിപ്പിച്ച്
വന്നപോലെ തിരിച്ചുപോകും
കൂട്ടുകാരാ അതാണ്
പ്രലോഭനത്തിന്റെ
പ്രണയമരീചിക
ഒന്നൊളിഞ്ഞുനോക്കി
പറക്കാനായവേ
ഒന്നുകൂടി മൊഴിഞ്ഞു
മിത്രമേ
പ്രണയത്തിന്റെ
നീതിയും നിര്‍വൃതിയും
എന്നാണിനി പഠിക്കുക!

