എ.ഐ ക്ലാസിലൊരു കുട്ടി

രാവിലത്തെ മദ്രസ കഴിഞ്ഞിട്ടോടിയെത്തിയ
ക്ലാസിലന്ന്
മൂന്നാം പിരീഡിൽ തുറന്ന
കമ്പ്യൂട്ടർ ലാബിന്റെ വാതിൽ രാത്രിയായിട്ടും
പൂട്ടിയിട്ടില്ലെന്നുറങ്ങാൻ കിടക്കുന്നേരം
കണ്ടുപിടിച്ച കുട്ടി
പമ്മിയകത്തു ചെന്നിരിപ്പുറപ്പിച്ചു
തിളങ്ങുന്ന സ്ക്രീനിൽ
തൊടുമ്പോൾ
തെളിയുന്നു-
വാപ്പച്ചിയന്ന് പറഞ്ഞപോലെ;
നോക്കുന്നിടത്തെല്ലാം
തകർന്ന വീടുകൾ
മാത്രമുള്ളൊരിടത്ത്,
പിറന്ന മണ്ണ് പുരണ്ട റൊട്ടിയിൽ
പിടിമുറുക്കും
പട്ടാളക്കാരനെ നോക്കുന്നൊരുവൻ-
പി.റ്റിയ്ക്കൊപ്പമോടുന്നവൻ
അഞ്ച് സിക്കാരൻ ഉമർ
െവെകുന്നേരമൊരുമിച്ച്
വരുന്ന വഴീലത്തെ വീട്ടിലെ
അവന്റെയുമ്മ തന്ന
തണ്ണിമത്തൻ ജൂസ്...
കണക്ക് സാറിന്റെ
കുറിയിട്ട മുഖവും
പുച്ഛനോട്ടവുമുള്ള
പട്ടാളക്കാരന്റെ പിടിയിൽ
മുറുകിവലിയും റൊട്ടിയിൽ
നിന്നും കൈ വിട്ട്
നിവർന്ന് നിൽക്കുമ്പോളവന്റെ കുഞ്ഞുവിരലുകൾ
തിരയുന്ന കല്ല്-
ആ കല്ല് മാറ്റിയവൾ-
ആയിഷ
പെട്ടെന്നവന്
പൊക്കം വെപ്പിച്ചു
കൈയിലൊരു തോക്ക്
മതിയാകുമോ
എന്നോർത്തിട്ടൊടുക്കമവനെ
വീണ്ടും വലുതാക്കി
ഇത്തവണ
ആകാശത്തോളം.
പട്ടാളക്കാരന്റെ
തലേൽ പൊട്ടിച്ച ബോംബിന് ടീച്ചറിന്റെ തല്ല് പേടിച്ച്
കുട്ടിയൊന്ന് തിരിഞ്ഞു കിടന്നപ്പോഴേക്കും
ലോകമതുവരെ
കൈമാറിയ
നാണയങ്ങളുടെ
കിലുക്കത്തിൽ
നിന്നുമൊന്നുണർന്ന്
അതിന്റെ ദേഹത്ത്
പുതുതായി
മുളച്ചൊരൊലീവിൻ
തണൽ തിരയുന്നതായ്
നടിച്ചു.
ശേഷം
തണ്ണിമത്തന്റെ
കുരുക്കളൊളിപ്പിച്ച
കുപ്പായമുള്ള
കുട്ടിയെ തിരഞ്ഞ്
പട്ടാളക്കാർ
പുറപ്പെട്ട് കഴിഞ്ഞിരുന്നു.

