Begin typing your search above and press return to search.

അറേബ്യന്‍ കവിതകൾ

അറേബ്യന്‍ കവിതകൾ
cancel

സൗദി അറേബ്യയിലെ ശ്രദ്ധേയരായ മൂന്നു കവികളുടെ –അലി അല്‍ദുമൈനി, നാസിര്‍ ബൂഹൈമിദ്, ഹുദാ അദ്ദഗ്ഫഖ്– രചനകൾ പരിചയപ്പെടുത്തുകയാണ് ത​ന്റെ പ്രതിമാസ പംക്തിയായ ‘കവിതക്കൊരു വീടി’ലൂടെ കവി സച്ചിദാനന്ദൻ.മണല്‍ക്കുന്നുകള്‍ക്കപ്പുറം (Beyond the Dunes) എന്ന സൗദി അറേബ്യന്‍ സാഹിത്യ സമാഹാരത്തില്‍ കവിത, കഥ, നാടകം, നോവല്‍ ഭാഗങ്ങള്‍, ആത്മകഥകള്‍ ഇവയുടെ നല്ല മാതൃകകള്‍ ഉണ്ട്. കവിതാഭാഗത്ത് 51 കവികളുടെ രചനകളുടെ പരിഭാഷയുണ്ട്. അവരില്‍ മൂന്നുപേരാണ് ഇവിടെ. പിന്നീട് കൂടുതല്‍ ചെയ്യാമെന്ന് കരുതുന്നു.അലി അല്‍ ദുമൈനിഅലി അല്‍ ദുമൈനി -സൗദി അറേബ്യയില്‍ അല്‍ ബഹാ എന്ന സ്ഥലത്ത് 1953ല്‍ ജനിച്ചു. കുറെക്കാലം മെക്കാനിക്കല്‍ എൻജിനീയറിങ് പഠിച്ചു,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
സൗദി അറേബ്യയിലെ ശ്രദ്ധേയരായ മൂന്നു കവികളുടെ –അലി അല്‍ദുമൈനി, നാസിര്‍ ബൂഹൈമിദ്, ഹുദാ അദ്ദഗ്ഫഖ്– രചനകൾ പരിചയപ്പെടുത്തുകയാണ് ത​ന്റെ പ്രതിമാസ പംക്തിയായ ‘കവിതക്കൊരു വീടി’ലൂടെ കവി സച്ചിദാനന്ദൻ.

മണല്‍ക്കുന്നുകള്‍ക്കപ്പുറം (Beyond the Dunes) എന്ന സൗദി അറേബ്യന്‍ സാഹിത്യ സമാഹാരത്തില്‍ കവിത, കഥ, നാടകം, നോവല്‍ ഭാഗങ്ങള്‍, ആത്മകഥകള്‍ ഇവയുടെ നല്ല മാതൃകകള്‍ ഉണ്ട്. കവിതാഭാഗത്ത് 51 കവികളുടെ രചനകളുടെ പരിഭാഷയുണ്ട്. അവരില്‍ മൂന്നുപേരാണ് ഇവിടെ. പിന്നീട് കൂടുതല്‍ ചെയ്യാമെന്ന് കരുതുന്നു.

അലി അല്‍ ദുമൈനി

അലി അല്‍ ദുമൈനി -സൗദി അറേബ്യയില്‍ അല്‍ ബഹാ എന്ന സ്ഥലത്ത് 1953ല്‍ ജനിച്ചു. കുറെക്കാലം മെക്കാനിക്കല്‍ എൻജിനീയറിങ് പഠിച്ചു, പിന്നെ സാഹിത്യ പത്രപ്രവര്‍ത്തനം നടത്തി. അനേകം സാഹിത്യപത്രികകൾ നടത്തി. ‘റിയാ അല്‍ അമാകിന്‍’ (പലയിടങ്ങളിലെ കാറ്റുകള്‍) എന്നത് മുഖ്യ കവിതാ സമാഹാരം.

അടയാളങ്ങള്‍ (ഭാഗങ്ങള്‍)

1. പൊടിയുടെ അടയാളം

പൊടിക്ക് വീടുകളുണ്ട്.

ചിഹ്നങ്ങള്‍ക്ക് ഗോത്രങ്ങളും.

എനിക്ക് കാഴ്ച നഷ്ടപ്പെട്ടാല്‍

അവയുടെ ആരംഭങ്ങള്‍ എന്നെ സ്പര്‍ശിക്കും

ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ മടിയില്‍ ഒരു രാത്രി.

ഞാനല്ല കാരണഭൂതന്‍

അത് ഒരാണ്‍കുഞ്ഞാണെങ്കില്‍

അവന്‍ എന്റേതാണ്

ഒരു മോഹിനിയാണെങ്കില്‍

അത് അവളുടേതാണ്.

ഇതാ പൊടികൊണ്ട് നിറഞ്ഞ

പെട്ടികളുടെ ഒരു കൂട്ടം.

പകല്‍വെളിച്ചം അരിച്ചെത്തുന്ന

തളങ്ങളുടെ ഉടമയായ നഗരസ്ത്രീ.

പ്രണയത്തിന്റെ തൊട്ടില്‍

ഇവിടെ ഉയരുന്നു, അവിടെ താഴുന്നു,

അതിന്റെ കനലുകളില്‍നിന്ന്

വെള്ളം കുടിക്കാന്‍ ആവില്ല,

അതിന്റെ മൗനത്തില്‍നിന്ന്

ശബ്ദം കടമെടുക്കാനും.

അതിന്റെ ടര്‍ക്കിഷ് കാപ്പിനിറത്തില്‍നിന്ന്

കയ്യുകളുടെ ഒരു ചക്രവാളം

രൂപത്തില്‍ തുര്‍ക്കിയിലെ ഒരു ടാറ്റാര്‍വംശക്കാരന്‍

ഒരു പനിനീര്‍ ഇരുമ്പിന്റെ, മറ്റേതു പനയോലയുടെ,

വഴങ്ങാത്ത മറ്റൊന്ന്.

ശ്മശാനത്തിലെ പൂപ്പലില്‍നിന്ന്

ഉയിര്‍ത്തെണീക്കാന്‍ പോകുന്നവനേ,

താങ്കള്‍ ശൂന്യത എങ്ങനെ നികത്തും,

കന്യകമാരുടെ മുറിവുകള്‍ എങ്ങനെ ഉണക്കും

മരണത്തിന്റെ ചാലുകളില്‍ ചിതറിപ്പോകുന്ന

കപ്പലുകള്‍ എങ്ങനെ നന്നാക്കും?

2. കുട്ടികളുടെ അടയാളം

പുലരിയിലെ മൗനം നഗരകമാനത്തിനു മുകളില്‍

ഒരു വിളക്ക് തൂക്കിയിട്ടിരിക്കുന്നു

പക്ഷേ ഞാന്‍ പോകുന്നില്ല, ഞാനും പൊടിയും.

രണ്ടു രാത്രി ഞാന്‍ പുളിപ്പിച്ച ഒരു പാനപാത്രവും

മഞ്ഞനിറമാവുന്ന മരങ്ങളും ചേരുമ്പോഴുള്ള ഭംഗി

ഇക്കുറി ഞങ്ങള്‍ അതിന്റെ വിഷാദങ്ങള്‍

പങ്കുവെക്കുന്നു.

ഹവ്വയുടെ അടയാളം

ചുവരില്‍ ആഭരണങ്ങള്‍ പെറുക്കിയെടുക്കുന്ന

ഹവ്വയുടെ ചിത്രം എന്നെ ശരത്കാലത്തെ

അത്താഴത്തില്‍നിന്ന് പ്രലോഭിപ്പിച്ചകറ്റുന്നു

അവളുടെ പകുതി എന്റെ ഷര്‍ട്ടുകൊണ്ട്

ഞാന്‍ പൊതിഞ്ഞു സംരക്ഷിക്കുന്നു

അവളുടെ അഴിയുന്ന മുഖപടം

എന്നെ ആളിക്കത്തിക്കുന്നു

അതാ ഒരു ഏദന്‍, പീഡിതമായ മാധുര്യംകൊണ്ട്

മഷിയെഴുതിയ, പരിചിതമായ ഒരു കാലത്തിന്റെ

നിറങ്ങള്‍ വലിച്ചെടുത്ത, കണ്ണുകള്‍.

അവളുടെ കിരീടം ഞാനെങ്ങനെ പൊടിയുടെ

ഈ കപ്പലില്‍ കയറ്റും, എങ്ങനെ?

ഞാന്‍ അവളെ തിരഞ്ഞെടുക്കുന്നു,

പട്ടാളക്കാരുടെ കാവലില്‍, അഗ്നിക്കും

വഞ്ചനക്കും ഇടയില്‍ നില്‍ക്കുന്ന അവളെ.

നാസിര്‍ ബൂഹൈമിദ് 1931-2019

1931ല്‍ റിയാദില്‍ ജനിച്ചു, ബഹ്റൈനില്‍ പഠിച്ചു. 1962ല്‍ ‘ഖലാഖ്’ എന്ന കവിതാസമാഹാരത്തിൽ അറബ് ദേശീയതയുടെ സ്വാധീനമുണ്ട്. ഗദ്യത്തിലുള്ള കവിതയുടെ വഴികാട്ടികളില്‍ ഒരാള്‍.

1. നിങ്ങള്‍ എന്തിനെക്കുറിച്ചാണ്

സ്വപ്നം കാണുന്നത്?

നിങ്ങള്‍ എന്തിനെക്കുറിച്ചാണ്

സ്വപ്നം കാണുന്നത്?

അപേക്ഷ നിറഞ്ഞ കണ്ണുകളുമായി

വിശന്നും ക്ഷീണിച്ചും അലഞ്ഞുതിരിയുന്നവരേ,

നിങ്ങളുടെ ചുണ്ടുകളില്‍ ഒരു ചോദ്യം

ചുറ്റിപ്പറക്കുന്നുണ്ട്, നിങ്ങളുടെ വിളറിയ

നെറ്റികളില്‍ ഇനിയും പറയാത്ത എന്തോ ഉണ്ട്

നിങ്ങള്‍ എന്തിനെക്കുറിച്ചാണ്

സ്വപ്നം കാണുന്നത്?

വിശക്കുന്ന പറ്റങ്ങളേ,

സന്ധ്യക്ക് വെളിച്ചമില്ലാതെ പുറപ്പെട്ട്

ഒന്നുമെടുക്കാതെ സമതലങ്ങള്‍ കടക്കുന്നവരേ,

നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സ്വപ്നം കാണുന്നത്?

പട്ടിണി കിടന്നു മെലിഞ്ഞ കൊച്ചു കുഞ്ഞുങ്ങളുമായി

മണല്‍ക്കൂനകളില്‍ തണല്‍ തേടുന്ന

മണലില്‍ അലഞ്ഞുതിരിയുന്ന

വിഷാദിയായ ആട്ടിടയാ,

നിങ്ങള്‍ എന്തിനെക്കുറിച്ചാണ്

സ്വപ്നം കാണുന്നത്?

വിഷമങ്ങളില്‍പെട്ട്

ഭൂമിയോട് കലി തുള്ളി

മൂടല്‍മഞ്ഞിനോടു സഹായം തേടി

മരീചികകളുടെ കാലടികള്‍ പിന്തുടരുന്നവരേ,

നിങ്ങള്‍ എന്തിനെക്കുറിച്ചാണ്

സ്വപ്നം കാണുന്നത്?

ജലത്തിന്റെയും തണലിന്റെയും

സമൃദ്ധിയുടെ ലോകം,

സ്വന്തം ജീവനെ ഭയന്ന്

ആകാശത്തോട് യാചിക്കുന്ന

വിശക്കുന്നവര്‍ക്ക് അപ്പം–

ഇവയാണ് വിശ്രമമില്ലാതെ പണിയെടുക്കുകയും

പാറയിലും മലയിലും

വീടു കൊത്തിയുണ്ടാക്കുകയും

ചെയ്യുന്ന മനുഷ്യരുടെ സ്വപ്നം.

വിശന്നു വലഞ്ഞു ചുറ്റിത്തിരിയുന്നവരേ,

നിങ്ങള്‍ എന്തിനെക്കുറിച്ചാണ്

സ്വപ്നം കാണുന്നത്?

 

ഹുദാ അദ്ദഗ്ഫഖ്

1967ല്‍ ജനനം. അധ്യാപിക, സാഹിത്യ പത്രപ്രവര്‍ത്തക. സൗദി സാഹിത്യപഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗദ്യത്തിലും പദ്യത്തിലും കവിത എഴുതുന്നു. രണ്ടു കവിതാസമാഹാരങ്ങള്‍.

1. പ്രതിധ്വനി

ചിലപ്പോള്‍ ഞങ്ങളുടെ മുറിയില്‍ കയറിവരുന്ന

ഈ ചന്ദ്രനുവേണ്ടി ഞാന്‍ നിലവിളിക്കുന്നു

അതിന്റെ കൈകള്‍, ക്ലോക്കിന്റെ കൈകള്‍പോലെ

തിളങ്ങുന്നത് ആരുടെ കുറ്റമാണ്?

എന്നും വൈകുന്നേരം ഞാന്‍ അതിനെ

ഏകാന്തതക്ക് വിധിക്കുന്നു

അത് എനിക്ക് അതിന്റെ ശൃംഗാരം നിറഞ്ഞ

കണ്ണുകള്‍ തരുന്നു.

ഒരു ചെറിയ മരം

അവരവരെത്തന്നെ ആശ്ലേഷിക്കുന്ന

ആ പാറകള്‍ ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍

പതുക്കെ കരയുന്നതു കേള്‍ക്കാം

അവര്‍ യുഗങ്ങളായി ഒരഗ്നിപര്‍വതം

വളര്‍ത്തിയെടുക്കുകയാണ്

അവരവരെത്തന്നെ ആശ്ലേഷിക്കുന്ന

ആ പാറകളുടെ വയറ്റില്‍

ഇപ്പോള്‍ കാണാനാകാത്ത

ഒരു കൊച്ചു മരമുണ്ട്.

2. കാടുകള്‍ (ഭാഗങ്ങള്‍)

1

പറന്നുപോയ ഒരു

മരച്ചില്ലയാണ് കുരുവി

അവ പറന്നുപറന്നു പോകുന്നു.

അങ്ങനെ മരക്കൊമ്പില്‍

ചില്ലകള്‍ കൂടുന്നു.

2

മരമേ, നിന്റെ ഇഴ കോര്‍ത്ത

തണലുകള്‍ വിശ്രമിക്കട്ടെ,

ഒഴുകൂ, മൃദുമാനസരായ മരങ്ങളേ,

ഇടവഴിയെ മുക്കിക്കളയൂ,

നിങ്ങളുടെ പ്രവാഹം സൂര്യന്റെ

വിളക്കു മെല്ലെ കെടുത്തും.

പക്ഷേ, എന്റെ കണ്ണുകള്‍

വിളക്കുകള്‍പോലെ തെളിയും

നിശാശാന്തിയില്‍ നൃത്തംചെയ്യുന്ന

നിന്റെ താഴ്ന്ന സ്വകാര്യങ്ങളിലാണ്

അവയുടെ ആനന്ദം.

3

വൃക്ഷം... ഒരു ശാഖ മാത്രം

കരഞ്ഞു കരഞ്ഞു കരഞ്ഞ്

അതിന്റെ കണ്ണീര്‍ ഒരു കാടാകുന്നു.

4

പച്ചില എന്നെ വിളിക്കുന്നു

ഞാന്‍ വിളിക്കുമ്പോള്‍ ഇല മഞ്ഞ.

 

5

പച്ച മരക്കൊമ്പ് ഭൂമിയുടെ

കറുത്ത മുഖത്തോട്

അടുക്കുന്നു, അടുക്കുന്നു,

അടുക്കുന്നു, എന്തിന്?

വാത്സല്യം

അവന്റെ ഉള്ളംകൈ വെളുത്ത

അപ്പക്കഷണത്തെ തലോടുന്നു,

അതിന്റെ മുഖം വീര്‍ക്കുന്നു

അപ്പം ഇപ്പോള്‍ ചുവന്നിരിക്കുന്നു

അതിന്റെ കൊതിപ്പിക്കുന്ന സുഗന്ധം

അപ്പം ചുടുന്നവന്റെ പ്രണയം.

News Summary - Malayalam poem