അച്ഛൻ

അച്ഛന്റെയൊപ്പമുള്ള ഓരോ ദിവസവും ഓരോ യാത്രയായിരുന്നു. വരാന്തയിലെ ചാരുകസേരയിൽ അച്ഛനും. ചെറിയ സ്റ്റൂളിൽ വലിയ കണ്ണുകളോടെ ഒരു ചിമ്മീസിട്ട ഞാനും. ആദ്യം സച്ചിദാനന്ദനോടൊപ്പം അങ്ങകലെ യൂറോപ്പിൽ, സ്വീഡിഷ് സായാഹ്നങ്ങളിലേക്ക്,* ചെഗുവേരയുടെ ക്യൂബൻ കാടുകളിലേക്ക്, പ്രാഗിലെ മഴ നനഞ്ഞുകൊണ്ട് ചാൾസ് ബ്രിഡ്ജിലേക്ക്. പിന്നെ, ഗോർബച്ചേവിനോടൊപ്പം, സോവിയറ്റ് യൂനിയനിലേക്ക്, ചുവന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അച്ഛന്റെയൊപ്പമുള്ള
ഓരോ ദിവസവും
ഓരോ യാത്രയായിരുന്നു.
വരാന്തയിലെ ചാരുകസേരയിൽ
അച്ഛനും.
ചെറിയ സ്റ്റൂളിൽ
വലിയ കണ്ണുകളോടെ
ഒരു ചിമ്മീസിട്ട
ഞാനും.
ആദ്യം
സച്ചിദാനന്ദനോടൊപ്പം
അങ്ങകലെ യൂറോപ്പിൽ,
സ്വീഡിഷ് സായാഹ്നങ്ങളിലേക്ക്,*
ചെഗുവേരയുടെ
ക്യൂബൻ കാടുകളിലേക്ക്,
പ്രാഗിലെ മഴ നനഞ്ഞുകൊണ്ട്
ചാൾസ് ബ്രിഡ്ജിലേക്ക്.
പിന്നെ,
ഗോർബച്ചേവിനോടൊപ്പം,
സോവിയറ്റ് യൂനിയനിലേക്ക്,
ചുവന്ന കമ്യൂണുകളിലേക്ക്,
ഗ്ലാസ്നോസ്റ്റിന്റെയും പെരിസ്ട്രോയ്ക്കയുടെയും
സ്വപ്നബിംബങ്ങളിലേക്ക്.
ചിലപ്പോൾ,
സോക്രട്ടീസിനും പ്ലാറ്റോയ്ക്കുമൊപ്പം,
തത്ത്വചിന്ത പഠിക്കാൻ,
ഗ്രീസ് തെരുവുകളിലേക്ക്,
മറ്റു ചിലപ്പോൾ,
ബീഥോവന്റെ സിംഫണികൾ,
നിറഞ്ഞൊഴുകുന്ന
വിശുദ്ധ താഴ്വാരങ്ങളിലേക്ക്,
ഇന്ന്,
ന്യൂഡൽഹിയിലെ,
വിയർപ്പുമണമുള്ള തിരക്കിനിടയിൽ,
ഓർമയുടെയും മറവിയുടെയും
ഇടക്കുള്ള
ചെറിയ കവാടം തേടി,
ജനിമൃതികൾക്കപ്പുറമുള്ള
യാത്രകളെ തേടി,
ഇടക്കൊക്കെ ഞാൻ പോകാറുണ്ട്.
*സച്ചിദാനന്ദന്റെ ‘ഒരു സ്വീഡിഷ് സായാഹ്നത്തിന്റെ ഓർമക്ക്’ എന്ന കവിത അവലംബം

