Begin typing your search above and press return to search.

ആ നിൽപല്ലയോ നിൽപ്

ആ നിൽപല്ലയോ നിൽപ്
cancel

കാറ്റിനെ പിടിച്ചുകെട്ടി

കട്ടമരത്തെ പായിച്ച്

അലയലയായി പോയ കാലമേ

ആ കാലത്തിലിരുന്ന്

തുഴഞ്ഞുപോയയാളെയല്ലയോ

ഞാൻ അപ്പാ എന്ന് വിളിച്ചത്

ഉപ്പുവെള്ളം ഊറയ്ക്കിട്ട ചുണ്ടിൽ

പാട്ട് പോലൊരു ഏക്കം വന്ന്

കൊപ്ലിച്ച താളത്തിൽ

വീര് തുടച്ചല്ലയോ

അയാൾ കാലം കഴിച്ചത്

കീറിയ ചരത്തിന്റെ വിളുമ്പിൽ

പാക്കും ചുണ്ണാമ്പും കെട്ടിയിട്ട്

ഇടയ്ക്കിടെ ചവച്ചു തുപ്പി പറയണ ചേലല്ലയോ ചേല്

മുള്ള് കൊണ്ട കാലിന്റെ നടുക്ക്

കത്തികൊണ്ട് കീറി

ചാടിയ ചുടുരക്തത്തെ

ചൂണ്ടുവിരലാൽ വടിച്ച് നക്കിയ

ചുവയല്ലയോ ചുവ

മോന്തിയ്ക്ക് വാനം നോക്കി

വെള്ളി നോക്കി

തണുപ്പ്, മീന്, ഇടിവെട്ട്

അതിന്റെ ചുറ്റിലും വെറച്ചുനിക്കണ കാലക്കേട്

വേർതിരിച്ചെടുക്കുന്ന

എടുപ്പല്ലയോ എടുപ്പ്

ദേശകാലത്തോ തെറ്റിയോ

പറവകൾ വന്നുപോയാൽ

അതിന്റെ നഖത്തിന്റെ കൂർപ്പിൽ

നങ്കൂസോ സ്‌ലാമ്പോ കെട്ടി

മറുകരയ്ക്ക് വിട്ട

നിനവല്ലയോ നിനവ്

അങ്ങനെയൊരാൾ

അലയിലോ പാട്ടിലോ

ചേലിലോ ചുവയിലോ

എടുപ്പിലോ നിനവിലോ

പരന്നു നിൽക്കുന്നിണ്ടപ്പഴും

ആ നിൽപല്ലയോ നിൽപ്.


Show More expand_more
News Summary - Malayalam poem