Begin typing your search above and press return to search.
പോസ്റ്റ് പാർട്ടം
Posted On date_range 16 Feb 2026 3:00 AM GMT
Updated On date_range 2026-02-16T08:30:12+05:30

വരണ്ട ഭൂമി;
ആകാശത്തോളം അതിന്റെ വാട.
കല്ലിച്ച ചോര;
ഉറുമ്പുവായോളം ഭയത്തിന്റെ അരുചി.
കണ്ണ് കാണാത്ത കുഞ്ഞിന്റെ കയ്യിൽ
ഒട്ടിയ കിരീടം വിറക്കുന്നു.
അതിരുകൾക്കിടയിൽ അവളുടെ കാലുകൾ,
ഉഷ്ണക്കാറ്റിൽ അവയുടെ വേവ്.
താഴ്ന്നു വന്നൊരു കാറ്റിൽ
കഴുകന്റെ മുഖം അവളുടെ മുടി തൊട്ടു.
അതിന്റെ മൂർച്ചയിൽ
ഒരു മുറിവിന്റെ പകപ്പ്.
തുറന്ന കണ്ണിൽ വെളിച്ചം
ചിത്രം തുന്നുന്നു.
അവളുടെ ദീർഘ ശ്വാസത്തിൻ
പ്രതിധ്വനി പടച്ചട്ടകളിൽ.
അതിലേക്ക് നീളുന്ന
ഓർമയൊരു ചുഴലി.
നടന്നു നടന്നു ഓർമയുടെ മണം
ഭൂതത്തെ ചെന്നു തൊട്ടു.
ശാപവാക്കിന്റെ കൊളുത്ത്
ആരെ കുടുക്കേണ്ടു?
ചേരി തിരിവിന്റെ രേഖ
എവിടെ വരയ്ക്കേണ്ടു?
ഒഴിഞ്ഞ ഭൂമി?
നിരന്ന കബന്ധങ്ങൾ നിറയ്ക്കുന്ന ശൂന്യതയിൽ
അനക്കമില്ലാത്ത ശബ്‌ദത്തിന്റെ ബഹളം.
വരണ്ട ഭൂമി, അതിൽ ഉപ്പിന്റെ നനവ്.
ആകാശത്തോളം അതിന്റെ പടർപ്പ്.

