Begin typing your search above and press return to search.

കീറാമുട്ടി

കീറാമുട്ടി
cancel

1. കവിത ഒരു കീറാമുട്ടിയായി നിൽക്കുന്നു (തുടരും) 2. കീറാമുട്ടിയെന്നു ആദ്യം കേൾക്കുന്നത് ഒരു വേനലിലാണ്. ചെത്തൂളുകൾ* തെറിച്ച് തെറിച്ച് കാതലങ്ങനെ കനത്തിൽ നിൽക്കും. നേക്കിലൊരു വെട്ടിൽ പിളരാൻ പാകത്തിന്, എല്ലാ വേനലിനും അടുക്കളപ്പുറത്ത് മഴുവേന്തിയെത്തുന്നൊരാൾക്കായി അടക്കിപ്പിടിച്ചു നിൽക്കും. ഒന്നെന്നെ തൊടണേ.. ചിതറാതെ, അവിടവിടെച്ചെന്നു തറക്കാതെ, ഒതുക്കത്തിൽ കാത്ത കാതലിതാ ഉള്ളിൽ. ഒന്നെന്നെ നടുക്കത്തിൽ തൊടണേ.. കീറാമുട്ടി വിരിയുന്നന്ന് രാത്രി വീടിന് മുഴുവൻ പാൽപ്പാടയുടെ മണം, ചോറുണ്ടാക്കുന്ന ഇടത്തെ മാത്രം. അടുക്കള എന്നുവിളിച്ചാൽ പോരാ.. 3. ‘‘സമയല്ലാത്ത നേരത്ത് ഓരോരോ.., ചുള്ളി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

1. കവിത ഒരു കീറാമുട്ടിയായി നിൽക്കുന്നു

(തുടരും)

2. കീറാമുട്ടിയെന്നു ആദ്യം കേൾക്കുന്നത്

ഒരു വേനലിലാണ്.

ചെത്തൂളുകൾ* തെറിച്ച് തെറിച്ച്

കാതലങ്ങനെ കനത്തിൽ നിൽക്കും.

നേക്കിലൊരു വെട്ടിൽ

പിളരാൻ പാകത്തിന്,

എല്ലാ വേനലിനും അടുക്കളപ്പുറത്ത്

മഴുവേന്തിയെത്തുന്നൊരാൾക്കായി

അടക്കിപ്പിടിച്ചു നിൽക്കും.

ഒന്നെന്നെ തൊടണേ..

ചിതറാതെ, അവിടവിടെച്ചെന്നു തറക്കാതെ,

ഒതുക്കത്തിൽ കാത്ത കാതലിതാ ഉള്ളിൽ.

ഒന്നെന്നെ നടുക്കത്തിൽ തൊടണേ..

കീറാമുട്ടി വിരിയുന്നന്ന് രാത്രി

വീടിന് മുഴുവൻ പാൽപ്പാടയുടെ മണം,

ചോറുണ്ടാക്കുന്ന ഇടത്തെ മാത്രം.

അടുക്കള എന്നുവിളിച്ചാൽ പോരാ..

3. ‘‘സമയല്ലാത്ത നേരത്ത് ഓരോരോ..,

ചുള്ളി കത്തിയാ ചോറാവൂലെ?!’’

തെന്നിത്തെറിച്ച്

കാതൽ കാണാത്തയാൾ പതിവിലങ്ങാടി പിടിക്കും

എല്ലാ വേനലിലും മഴുവേന്തിയെത്താറുള്ളൊരാളെ കാത്ത്

ചുള്ളിയും ചുള്ളിക്കെട്ടുകളും കത്തിയമരും.

4. അയാളെ കുറിച്ച് അങ്ങാടിയിലാരുമതിശയിക്കില്ല.

‘‘ആ മുട്ടീല് നട്ടം തിരിയാൻ നമ്മക്കുണ്ടോ നേരം!!’’

(‘‘കളയാൻ നേരമുള്ളൊരാൾ വരും’’)-

എല്ലാ വേനലും അയാളെ കാത്തിരുന്നു.

അയാള് കീറുമ്പോൾ

പാൽ പൈതൽ തൊള്ളകീറുംപോലെ

പാൽ മണം തുറക്കുന്നുണ്ടോന്ന്

ഇടനേരത്തെ ചായ ഇടക്കിടെ മുറ്റത്തു വന്നുനിൽക്കും.

പെട്ടെന്ന് പെട്ടെന്ന് പിളരണം,

പോവും മുമ്പ് മേൽപ്പുര മുട്ടുവോളം

അട്ടിയിലൊതുക്കണം.

‘‘നല്ല തേക്കാ/പഴക്കള്ള വീട്ടിയാ/വെട്ടാതെ വെച്ചതാ/’’

കടുപ്പം കൂടിയ കാതൽ പൊളിക്കുമ്പോ

അയാൾക്ക് മടുക്കാതിരിക്കാൻ

ഇട വെള്ളം കൈ നീട്ടും.

5. ‘‘ഊഴിയിൽ അറിയാത്തവർക്കുര-

ചെയ്യാ’’*നെനിക്കറിയില്ല, ഇതിന് തിയറിയില്ല.

എവിടെത്തൊടണമെന്നെനിക്കറിയാം.

മഴു കൊടുത്ത്,

ഇങ്ങനെയെന്നു പഠിപ്പിക്കുമ്പോഴേക്ക്

കടന്നുകളഞ്ഞു

‘‘വല്യ മെനക്കേടാ’’ന്ന്.

6. ആഞ്ഞൊന്നു തൊടണേ..

ഊതി പടർത്താൻ കുനിയുമ്പോൾ

കവിളിൽ മിന്നിയൊലിക്കണം,

തീ ചോപ്പ്.

അതിൽ തുഴഞ്ഞെത്തണം അടുത്ത വേനൽക്കടവ്.

1. (തുടർച്ച)

‘‘പുതിയതാണ്’’

ഞാൻ വായിച്ചു കേൾപ്പിച്ചു.

‘‘ഇതൊരു കീറാമുട്ടിയാണ്’’

അയാളുടെ വാക്ക് കാതലിലെത്താതെ...

ഊരിവീണു.

(കുഴപ്പമില്ല, ഇത് ഞാൻ

വേനൽക്കാലത്തെഴുതിയ കവിതയാണ്.)

================

*ചെത്തൂൾ -മരച്ചീളുകൾ

News Summary - Malayalam poem