Begin typing your search above and press return to search.

രണ്ട് കവിതകൾ

രണ്ട് കവിതകൾ
cancel

1. ജാവലിൻ

കൺ പൂട്ടി തുറന്നപ്പോൾ പ്രഭാതം

കൈ പൂട്ടി തുറന്നപ്പോൾ ഉണർവ്

കാൽപാദം നോക്കിയപ്പോൾ അഴുക്ക്

എളുപ്പം കഴിഞ്ഞു ഉറക്കം.

കാണാക്കരയുടെ നടുവിൽ

ആരോ എറിഞ്ഞൊരു ജാവലിൻ

ഒരു കുട്ടിയിൽ തുളഞ്ഞേറും

ചെറുസ്വപ്നം കണ്ടതിനോർമ.

എവിടേക്കു പോകുന്ന പോക്കിൽ

അവൻ നരകിക്കലില്ലാതെ ചത്തു?

ഒരു കാൽ വിറച്ചു മറുകാൽ വിറച്ചു

ആ കരതൻ നടുക്കെന്നപോലെ.

ഒരു കൈ തരിച്ചു മറുകൈ തരിച്ചു

ഒരു ജാവലിൻ പിടിവിട്ടപോലെ.

2. ചുളിവ്

എന്തു വരച്ചാലും

അതൊരു വിരലായി മാറുന്നു

എന്തു മായ്ച്ചുകളഞ്ഞാലും

അതൊരു മുഖമായി മാറുന്നു.

എല്ലാ സ്വപ്നത്തിലും

അതേ വിരൽ എന്നെത്തൊടാൻ നീളുന്നു

അതേ മുഖം എന്നെ തിരഞ്ഞുവരുന്നു.

എന്തിന്?

എന്നു ഞാനും

എങ്ങോട്ട്?

എന്ന് അവയും അന്യോന്യം ചോദിക്കുന്നു.

അടഞ്ഞമുറിയിൽ

പഴയൊരു കിടക്കയിൽ

എല്ലാത്തിൽനിന്നും അന്യനാക്കപ്പെട്ടവനായി

ഈയുള്ളവൻ ചെന്നുവീഴുന്നു.

എന്റെ ആകാരം

ഇന്നോളം ചുളിനിവർത്താത്ത

നിഴലിലേക്ക്

അശാന്തിയുടെ ആൾരൂപം വന്ന്

വിലയിക്കുന്നു.


Show More expand_more
News Summary - malayalam poem