Begin typing your search above and press return to search.

നിഴൽ

നിഴൽ
cancel

നേർമയുള്ള ഒരു നിഴല്‍

പിന്നിലേക്കെറിഞ്ഞുകൊണ്ടാണ്

അയാള്‍ നടക്കുക

വീഴുന്ന പ്രതലത്തിനൊത്ത്

സ്വയംരൂപാന്തരപ്പെടുത്തിക്കൊണ്ട്

പിന്നാലെ നടക്കുന്ന തന്‍റെ നിഴലിനെ

പറിച്ചെറിയുവാന്‍ ആഗ്രഹിക്കായ്കയാലല്ല,

വെളിച്ചം അതനുവദിക്കുകയില്ല

അത് നിഴലിനെ തന്‍റെ കാലടികളില്‍

തുന്നിച്ചേര്‍ത്തിരിക്കുന്നു.

അളവുകള്‍വെച്ചു കണക്കാക്കിയാല്‍

പ്രായത്തെ പകിടകണക്കെറിഞ്ഞ്

നേരത്തിനൊത്ത് വലുപ്പത്തില്‍ തുടങ്ങി

സമയംപോകവേ ചുരുങ്ങിയൊതുങ്ങി

വീണ്ടും നീളം വീണ്ടെടുത്ത്

അതു ഭിത്തികളില്‍ പിടിച്ചുകയറുന്നു

കുഴികളിലേക്കു വീണുപോകുന്നു

മടങ്ങുകയോ നിവരുകയോ ചെയ്യുന്നു.

യൗവനത്തിലോ മധ്യവയസ്സിലോ ആണ്

അതിന്‍റെ ശൈശവം

എന്നുതോന്നും.

ഇരുളുമ്പോള്‍ ഇതള്‍വിരിഞ്ഞ്

അതു വളര്‍ന്ന്

അയാളുള്‍പ്പെടെ ലോകത്തെയാകെ മൂടുന്നു

സൃഷ്ടിക്കുമുമ്പും ആഴങ്ങള്‍ക്കുമീതെ

താനുണ്ടായിരുന്നുവല്ലോ

എന്ന യുക്തിയിലുറച്ച് ഭദ്രമായി!

Show More expand_more
News Summary - Malayalam poem