Begin typing your search above and press return to search.

പച്ചൈയമ്മാളിന്റെ വെയിൽപ്പൂക്കൾ

പച്ചൈയമ്മാളിന്റെ   വെയിൽപ്പൂക്കൾ
cancel

കറുപ്പായി നടന്നുനീങ്ങുമ്പോൾ

വെയിൽപ്പാതകൾ

പളപള തിളങ്ങും.

നെറ്റിയിൽനിന്ന് കവിളിലേക്ക്

ഊർന്നിറങ്ങുന്ന വിയർപ്പുമഴയിൽ

അവൾ നനഞ്ഞു കുതിരും.

‘കറുപ്പായ്യേ...’

എന്ന് ഗ്രാമം വിളിക്കുമ്പോൾ

അമ്മ മാത്രം

‘പച്ചൈയേ’ന്ന് വിളിക്കും;

ആ വിളി കേൾക്കുമ്പോൾ മാത്രം

അവളിലൊരമ്പിളിച്ചിരി വിടരും.

മുറിവുണങ്ങാത്ത വിരലുകളിലേക്കമ്മ

മരുന്നില്ലേന്ന്

പിന്നെയും കണ്ണു പായിക്കുമ്പോൾ

കറുപ്പായി പറയും:

‘‘ഇന്ത പാത്രത്തിൻ ഓശൈ

താൻ എൻ മരുന്ത്.’’

ഓരോ വട്ടവും

വലക്കീറീന് പുറത്തേക്കുന്തി നോക്കുന്ന

പാത്രങ്ങളിലൊന്ന് വാങ്ങി

അവൾ ഒരു കവിതയാണെന്നമ്മ

ഞങ്ങളോടുരിയും.

പെറുക്കി കൂട്ടിയതൊന്നും

കറുപ്പായിക്ക്

പഴക്കം തോന്നിച്ചില്ല.

നാട്ടാര് പഴയതു തിരഞ്ഞെടുത്തപ്പോൾ

കറുപ്പായി തന്റെ

മക്കളുടെ ഭാഗ്യം തിരഞ്ഞു.

അവസാനം, കറുപ്പായി

തിരിഞ്ഞു നടന്നപ്പോൾ

അമ്മ ‘പച്ചൈയ്’ന്ന് വിളിച്ചു.

അവർ അമ്പിളിച്ചിരി പൊഴിച്ചിട്ട്

പുറത്തേക്ക് കടന്നു.

പച്ചൈയമ്മാളിന്റെ

കുപ്പായത്തിൽ

വെയിൽപ്പൂക്കൾ തിളങ്ങി.

അവൾ

തലയിലേറ്റിയതത്രയും

മക്കളെക്കുറിച്ചുള്ള

സ്വപ്നങ്ങളുടെ അക്ഷരക്കൂട്ടായിരുന്നു!

Show More expand_more
News Summary - Malayalam poem