Begin typing your search above and press return to search.
വീടുമാറ്റം
Posted On date_range 22 Jun 2026 4:15 AM GMT
Updated On date_range 2026-06-22T09:45:38+05:30

ഭൂമി
മടുത്തു ഞാൻ
കടലിൽ
ഒരു വീട് പണിയുന്നു
ചങ്ങലകൾ ഒന്നൊന്നായി
അഴിഞ്ഞുവീഴുന്നു
പൂർണമായും
നഗ്നനാകുന്നു.
ഞാൻ എന്നെതന്നെ
കൊതിയോടെ നോക്കുന്നു
ജലപ്പരപ്പിൽ
മുങ്ങിയും പൊങ്ങിയും
ഉറക്കെ പാട്ടുപാടി
നൃത്തം വച്ച്
ചൂളംവിളിക്കുന്നു.
പരൽമീനുകൾ
ശരീരത്തിൽ ടാറ്റു അടിക്കുന്നു
ഇക്കിളിയാകുന്നു.
തൊട്ടുതൊട്ടു പോകുന്നു
സ്രാവുകൾ, തിരണ്ടികൾ തിമിംഗലങ്ങൾ
കനം കുറഞ്ഞ് കുറഞ്ഞ്
ഞാനൊരു കുഞ്ഞുമത്സ്യമാകുന്നു
വെള്ളത്തിൽ വീണ്
ചിരിക്കുന്ന
കുഞ്ഞു സൂര്യനൊപ്പം
കളിക്കുന്നു.
മത്സ്യകന്യകമാർ
നീലവെളിച്ചം പരക്കുന്ന
പവിഴക്കൊട്ടാരത്തിൽ
കൊണ്ടുപോകുന്നു
ജലംകൊണ്ട് തീർത്ത
വീട്ടിൽ
സ്ഫടികക്കട്ടിലിൽ
കിടക്കുന്നു.
ചിപ്പികൾ വിതറുന്ന
മുത്തുകൾ
എണ്ണിയെണ്ണി
മഴക്കാടിന്റെ
സംഗീതം കേൾക്കുന്നു
ശാന്തമായി നിർഭയം
ഉറങ്ങുന്നു.

