Begin typing your search above and press return to search.

രണ്ട് കവിതകൾ

രണ്ട് കവിതകൾ
cancel

1. മുറിത്തുണ്ടുകൾ

മുഖം മുറിഞ്ഞു

വാക്കുകളും

തുട മുറിഞ്ഞു

ജന്മങ്ങളും

കരൾ മുറിഞ്ഞു

കാവ്യങ്ങളും

കര മുറിഞ്ഞു

കടലിനാഴവും.

ഇണ മുറിഞ്ഞൊറ്റ

ഒറ്റയാം

ഉടൽകളും.

പകല് കീറി

മുറിഞ്ഞു

രാത്തുണ്ടുകൾ.

അതിരുകൊണ്ടു

മുറിഞ്ഞ

സാമ്രാജ്യങ്ങൾ.

അവളിൽവീണു

മുറിഞ്ഞെന്റെ

നിദ്രകൾ.

മറവി തീർക്കും

കരകൾക്കിടയ്ക്കിതാ

വരളും ചുണ്ടുമായ്

മുറിവിനോർമകൾ.

2. പാതി പണിതീർന്ന പാലം

ഏതു കരയിലേക്കെന്നറിയാതെ

പാതി

നിന്നുപോയതാണ്.

മുറിഞ്ഞുപോയതെന്നും

മുരടിച്ചുപോയതെന്നും

പഴികൾ

പലതു കേട്ടതാണ്.

ഏതോ ഒരു കര

കാത്തുനിൽപ്പുണ്ടെന്ന്

വെറുതെ മോഹിച്ച്

വിഷാദിച്ച്,

സ്വയം

ഉടലൊടുക്കാനാവാതെ

നദിയുടെ

ഒരു കുത്തൊഴുക്കിൽ

അടിയിളകി

അവസാനിക്കുന്നൊരു

വിധിയിലേക്ക്

നോക്കെറിഞ്ഞു നിൽപ്പാണ്.

പാതിയെത്തി

നിൽക്കുന്നവനെ

പാലമെന്നു

വിളിക്കുന്നതെങ്ങനെ.

Show More expand_more
News Summary - malayalam poem