Begin typing your search above and press return to search.

വരാൽപ്പാർപ്പ്

വരാൽപ്പാർപ്പ്
cancel

ചേറ്റടിയുടെ നടുത്തെളിയിൽ

ഒറ്റയ്ക്കൊരു വീട്

ഉള്ളിൽ തഴുതിട്ട മുറി

ആഴത്തിലൊരു നിശ്ശബ്ദത

മുറിക്കുള്ളിൽ

വാലിളക്കിയൊരുവൾ

വരാൽപ്പാർപ്പുപോലൊരു

ജീവിതം.

ആഴം

ഒച്ചയില്ലാത്ത കനത്ത തണുപ്പ്.

ഇടത്തോട്ട് വാൽ ചുഴറ്റുമ്പോൾ

കൂടെ തുഴയുന്നു

ഓർമകളുടെയായിരം

ഓറഞ്ച് കുഞ്ഞുങ്ങൾ.

വലത്തോട്ട് വാലെറിയുന്നു

മറവിയുടെ വായിലേയ്ക്കവ

പേടിച്ചൊളിക്കുന്നു.

ചേറ് വറ്റുമ്പോഴും പതിഞ്ഞ്

പെറ്റുകൂട്ടിയ മുറി തെളിച്ചത്തിൽ

പാർപ്പിൻ ശാന്തത

കാത്തിരിപ്പിൻ ചലനം.

വെള്ളത്തിന്റെ സ്വപ്നം

വെയിലേറേറ്റ് തിളങ്ങുമ്പോൾ

ജീവിതമെന്ന

കലക്കത്തെളിയിലേയ്ക്ക്

വാതുറക്കുമവൾ

തുടിച്ചുനീന്തും

തിരികെയോർമകൾ.

ചെകിള തുറന്ന്

ഇടത്തും

വലത്തും

വാൽചുഴറ്റിയവൾ

കാത്തിരിക്കുന്നു

പെട്ടെന്നൊരു ചാട്ടത്തിന്

സാധ്യത തിരഞ്ഞ്

അനക്കമറ്റ പാർപ്പിൽ

ആഴത്തിൽ.

=============

(വരാൽപ്പാർപ്പ് –വരാൽ മത്സ്യം കുഞ്ഞുങ്ങളുമായി താമസിക്കുന്ന സ്ഥലം അല്ലെങ്കിൽ വരാൽ മീൻ ധാരാളമായി കാണപ്പെടുന്ന കുളം, ചാൽ, തോട്, വെള്ളക്കെട്ട് എന്ന അർഥം)

Show More expand_more
News Summary - Malayalam poem