Begin typing your search above and press return to search.
സീതായനം
Posted On date_range 17 Aug 2026 2:30 AM GMT
Updated On date_range 2026-08-17T08:01:19+05:30

നഗരാരണ്യകത്തിൽ
അകപ്പെട്ട സീത
സ്വയം വരിച്ചതാണെല്ലാം
ദശരഥപുത്രൻ
ദശാസന്ധികൾ.
രാജപാതക്കു മറുപുറം
ദുർഘട വിപിനപാതകൾ
മനംമയക്കും മാരീച വിപണി
സ്വപ്നമരീചിക
കാണാതെ ലക്ഷ്മണരേഖ
മറികടന്നകപ്പെട്ട വിപദ് സന്ധി
പ്രതിരോധമൊക്കെ
ചിറകറ്റ പക്ഷി
ഉടയാത്ത മൗനവല്മീകസമൂഹം
അവളിലേക്കല്ല
നീ ചിറകെട്ടിയെത്തിയതെല്ലാം
നിന്റെ കർമങ്ങൾ
നിയോഗങ്ങൾ
നിന്റെ സിംഹാസനം
നിന്റെ സൗഭാഗ്യങ്ങൾ
പിന്നെയുമെത്ര
അഗ്നിപരീക്ഷകൾ
മണ്ണിലേക്കന്തർധാനം
ചെയ്യുംവരേക്കും
എന്തെന്തപവാദങ്ങൾ
അപരാധിനി
അപഥചാരിണി...
ഒടുങ്ങാത്ത ആരണ്യകാണ്ഡത്തിലിപ്പൊഴും
തിരയുകയാണവൾ
ആശ്രമം
ആശ്രയം...
കണ്ണീരുതൂവാത്ത
കാഞ്ചനവിഗ്രഹം
അമ്മയെപ്പോലെ
സർവംസഹ!

