ആന

തേറാട്ടില്‍ ഉണ്ണിച്ചേട്ടന്, അച്ഛന്വഴിക്കുള്ള ഒരു ബന്ധു ചിലപ്പോഴെല്ലാം വീട്ടില്‍ വരുമായിരുന്നു. ഉണ്ണിച്ചേട്ടന് വരുമ്പോള്‍ ഞങ്ങള്‍ കളിനിര്‍ത്തി. അയാളെ കാണാനോ അയാളോടു സംസാരിക്കാനോ അല്ല. ആനയെക്കാണാന്‍. ഉണ്ണിച്ചേട്ടന് ഒരിക്കലും ഒറ്റയ്ക്കു വന്നില്ല. എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരാനയുടെ കനമുള്ള ചങ്ങല ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ മുതുമരങ്ങളിലൊന്നില് ചുറ്റിക്കിടന്നു. കുട്ടികള്‍ ആനയെ കാണാന്‍ പോയി. ദൈവം പോലും വിട്ടുപോയ പഴയൊരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തേറാട്ടില്‍ ഉണ്ണിച്ചേട്ടന്,
അച്ഛന്വഴിക്കുള്ള ഒരു ബന്ധു
ചിലപ്പോഴെല്ലാം
വീട്ടില്‍ വരുമായിരുന്നു.
ഉണ്ണിച്ചേട്ടന് വരുമ്പോള്‍
ഞങ്ങള്‍ കളിനിര്‍ത്തി.
അയാളെ കാണാനോ
അയാളോടു സംസാരിക്കാനോ അല്ല.
ആനയെക്കാണാന്‍.
ഉണ്ണിച്ചേട്ടന് ഒരിക്കലും ഒറ്റയ്ക്കു വന്നില്ല.
എപ്പോഴും ഒപ്പമുണ്ടായിരുന്ന
ഒരാനയുടെ കനമുള്ള ചങ്ങല
ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ
മുതുമരങ്ങളിലൊന്നില് ചുറ്റിക്കിടന്നു.
കുട്ടികള്‍ ആനയെ കാണാന്‍ പോയി.
ദൈവം പോലും വിട്ടുപോയ
പഴയൊരു അമ്പലത്തിന്റെ
കൂറ്റന്‍ ആല്മരത്തില്
അതിനെ തളച്ചിരിക്കുന്നു.
തുമ്പി കൊണ്ട് അത് ഓലയെടുത്തു,
കല്ഭരണിയിലെ വെള്ളം കുടിച്ചു
എപ്പോഴും ചിരിക്കുന്ന മുഖത്തോടെ
ഞങ്ങളെ നോക്കി തലയാട്ടി.
സൗമ്യമായ ഇരുട്ടിനെപ്പോലെ
ഹൃദയാലുവായ ഒരു ജന്തു.
മെലിഞ്ഞ്, നീണ്ട ഈ വെറും ഉണ്ണിച്ചേട്ടന്,
ഇത്രയും വലിയ ഒരാനയ്ക്കു പാപ്പാനോ!
അയാള്‍ക്കും വിശക്കുന്നുണ്ട്.
എന്തെങ്കിലും തരൂ, ചേടത്തീ,
അയാള്‍ അമ്മയോടു പറഞ്ഞു.
ഞങ്ങള്‍ ഉണ്ണിച്ചേട്ടന് ഊണു-
കഴിക്കുന്നതു കണ്ടുനിന്നു.
പതുക്കെ, സമയമെടുത്ത്
ആന കഴിക്കുന്നതു മാതിരി.
അപ്പോള്‍ ശ്രദ്ധിച്ചു:
അയാള്‍ക്ക് ആനച്ചൂരുണ്ട്,
എവിടേയും, എപ്പോഴും.
പിന്നെ
ഉച്ചവെയിലും മയക്കമായെന്നു വിചാരിച്ച്
മാവിന്‍ചുവട്ടിലെ നിഴലില്‍
അയാള്‍ മയങ്ങാന്‍ കിടന്നു.
ഒരിക്കല്‍ ഞങ്ങള്‍ ഉണ്ണിച്ചേട്ടനെ വിളിച്ചുണര്‍ത്തി;
അയ്യോ! ആനയുടെ കെട്ടഴിഞ്ഞിരിക്കുന്നു!
മയക്കം വിട്ടുണര്‍ന്ന്
അയാള്‍ ചിരിച്ചു:
സാരമില്ല കുട്ടികളേ,
അക്കാര്യം അതിന് അറിയില്ല.
എമ്പാടും ഭൂമി പിളര്ന്നുപോയാലും
ആന അനങ്ങുകയേയില്ല.
ചിലപ്പോഴെല്ലാം അടിമത്തം
ഒരു സങ്കൽപം മാത്രമാണ്,
സത്യമല്ല.
ഉണ്ണിച്ചേട്ടന് ഞങ്ങള്‍ക്ക് ആനവാലിലെ
രോമം സമ്മാനിച്ചു.
അതു വളച്ചു മോതിരമാക്കി വിരലിലിട്ടാല്‍
പേടിസ്വപ്നങ്ങള്‍ കാണുകയില്ല.
മോതിരമിട്ടിട്ടും പക്ഷേ, ഉറക്കത്തില്‍നിന്നും
ദു:സ്വപ്നങ്ങള്‍ വിട്ടുപോകാന്‍ മടിച്ചു.
കുറെക്കാലം കഴിഞ്ഞു.
ഒരു ദിവസം ഉച്ചക്ക്
ഉണ്ണിച്ചേട്ടന് വീട്ടില്‍ വന്നു.
ഒറ്റയ്ക്ക്.
എന്തെങ്കിലും കഴിക്കൂ, ഉണ്ണീ
അമ്മ പറഞ്ഞു.
വിശക്കുന്നില്ല, ഉണ്ണിച്ചേട്ടന് അറിയിച്ചു
ഇനി വിശന്നാലും കഴിക്കാനാവുന്നില്ല.
ഒരാഴ്ചമുമ്പ്
എന്റെ ആന മരിച്ചുപോയി.
ഞങ്ങളപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍;
നിശ്ശബ്ദരായി, വയസ്സനൊരാള്
ഒരാനയെയോര്ത്തു കരയുന്നതു
നോക്കിനിന്നു.
താഴെയുള്ള അനിയനും കരഞ്ഞു;
കുറച്ചുനാള്മുമ്പേ
അവന് ആനയെ കല്ലെറിഞ്ഞിരുന്നത്രേ,
അതു മിണ്ടിയില്ല, തടഞ്ഞില്ല,
വെറുതേ തലയാട്ടുകമാത്രം.
പാവമായിരുന്നു അത്.
ഉണ്ണിച്ചേട്ടന് കണ്ണുകള്‍ തുടച്ചു.
അതുപോലൊന്ന് ഇനി ഉണ്ടാവുകയില്ല.
ചെറുപ്പത്തിലേ അതിനെ എനിക്കു കിട്ടി.
എനിക്കറിയാവുന്നതെല്ലാം പഠിപ്പിച്ചു.
അഥവാ,
അറിയേണ്ടതു മാത്രം പഠിപ്പിച്ചു.
ഇടത്താനേ, വലത്താനേ;
ഇടത്തും വലത്തും അതു തിരിഞ്ഞു.
മുമ്പോട്ടും പിമ്പോട്ടും പിച്ചവെച്ചു
കൊമ്പും തുമ്പിയുംകൊണ്ട്
ആര്‍ക്കുമാവാത്ത ക(ദ)നങ്ങള്‍ നിവര്‍ത്തി.
ലോകത്തിനു കുറുകെ
ആനത്താരകള്‍ നിർമിച്ചു.
കാലത്തിന്റെ ശാസനകള്‍ കേട്ടു.
നാട്ടുദൈവത്തിന്റെ തിടമ്പേറ്റി.
ഇടിമുഴക്കങ്ങള്‍ കേട്ടിട്ടും
വെടിക്കോപ്പുകള്‍ ആകാശത്തെ
നിണമണിയിക്കുന്നതു കണ്ടിട്ടും
ആരോടും കലഹിച്ചില്ല.
ഒന്നുമാത്രമേ,
എനിക്കതിനെ പഠിപ്പിക്കാന്‍
സാധിക്കാതിരുന്നുള്ളൂ.
- സ്വയം ഒരാനയാണെന്ന അറിവുമാത്രം.
കാട്ടില്പ്പിറന്ന്
മനുഷ്യര്‍ക്കൊപ്പം പാര്‍ക്കേണ്ടിവന്ന,
നാട്ടുമരങ്ങളില് മാത്രം തളയ്ക്കപ്പെട്ട
ഒരു
കൊടുങ്കാറ്റിന്റെ വന്യതയാണെന്നു മാത്രം.
അതെങ്ങനെ എനിക്കു
പഠിപ്പിച്ചുനൽകാന്‍ കഴിയും?
ഉണ്ണിച്ചേട്ടന് പ്രാർഥിക്കുന്നതുപോലെ
കണ്ണുകളടച്ച് തന്റെയുള്ളിലെ
ദൂരങ്ങളിലേക്കു പോയി.
അയാളില്‍നിന്നും ആനച്ചൂരു പൊയ്പോയിരുന്നു.
എത്രകാലം കഴിഞ്ഞു!
ഇപ്പോഴും ഇടക്കെല്ലാം
ഉച്ചയുറക്കത്തിലെ ദു:സ്വപ്നങ്ങളില്‍
ആള്‍പ്പെരുമാറ്റം കുറഞ്ഞ,
മനുഷ്യര്‍ക്കുതന്നെ നടക്കാനിടമില്ലാത്ത
ഇടുങ്ങിയ തെരുവുകളില്പ്പെട്ടുപോകുമ്പോള്
ആ ചങ്ങലക്കിലുക്കം മാത്രം കേള്‍ക്കാം.
-ആനയില്ല.
പകലുറക്കങ്ങളില്‍ പടരുന്ന
പശിമയില്ലാത്ത ഇരുട്ടുമാത്രം.

