Begin typing your search above and press return to search.

പൂച്ച

പൂച്ച
cancel

ജനിച്ച ദിവസംതന്നെ ഞങ്ങൾക്കത് തോന്നിയിരുന്നു. പൂച്ചക്കുഞ്ഞുങ്ങളോട് സാമ്യമുള്ള മുഖം. നനുത്ത ചുണ്ടിന്റെ ഇരുവശങ്ങളിലും പൂച്ചമീശ വരച്ചുവെക്കുന്നത് എന്റെ പ്രസവശേഷ വിഷാദങ്ങൾക്ക് കനം കുറച്ചിരുന്നു. കാർട്ടൂൺ കാഴ്ചകളിലേക്ക് ആടുന്നൊരു കസേരയിൽ അവളെ വരിഞ്ഞുകെട്ടി ഉപേക്ഷിക്കുന്ന ജോലിക്കാലങ്ങളിൽ മലയാളവും ആംഗലേയവും പറയുന്ന പലജാതി പൂച്ചകളിലേക്ക് ഞങ്ങളുടെ കുഞ്ഞ് ഭ്രമപ്പെടുകയായിരുന്നു. കാത്തു... ഫിഗാരോ... യസ്മ... എന്റെ ലോകത്തേക്ക് ഇവയൊക്കെയും കൂടിയായിരുന്നു ജനിച്ചുവീണത്. “മമ്മീ മൈ കിറ്റി ലെമ്മീ ബൈ കിറ്റി’’ കുട്ടിക്കടകളിലെ പൂച്ച ശേഖരങ്ങളിലേക്ക് അവളുടെ ഓട്ടമുണ്ട്. ചുമരിലും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ജനിച്ച ദിവസംതന്നെ

ഞങ്ങൾക്കത് തോന്നിയിരുന്നു.

പൂച്ചക്കുഞ്ഞുങ്ങളോട് സാമ്യമുള്ള മുഖം.

നനുത്ത ചുണ്ടിന്റെ ഇരുവശങ്ങളിലും

പൂച്ചമീശ വരച്ചുവെക്കുന്നത്

എന്റെ പ്രസവശേഷ വിഷാദങ്ങൾക്ക്

കനം കുറച്ചിരുന്നു.

കാർട്ടൂൺ കാഴ്ചകളിലേക്ക്

ആടുന്നൊരു കസേരയിൽ

അവളെ വരിഞ്ഞുകെട്ടി

ഉപേക്ഷിക്കുന്ന ജോലിക്കാലങ്ങളിൽ

മലയാളവും ആംഗലേയവും പറയുന്ന

പലജാതി പൂച്ചകളിലേക്ക്

ഞങ്ങളുടെ കുഞ്ഞ് ഭ്രമപ്പെടുകയായിരുന്നു.

കാത്തു...

ഫിഗാരോ...

യസ്മ...

എന്റെ ലോകത്തേക്ക്

ഇവയൊക്കെയും കൂടിയായിരുന്നു

ജനിച്ചുവീണത്.

“മമ്മീ മൈ കിറ്റി

ലെമ്മീ ബൈ കിറ്റി’’

കുട്ടിക്കടകളിലെ

പൂച്ച ശേഖരങ്ങളിലേക്ക്

അവളുടെ ഓട്ടമുണ്ട്.

ചുമരിലും അലമാരയിലും

പുസ്തകത്തിലും വർത്തമാനത്തിലും

അവളുടെ സ്വപ്നത്തിലും

നിറയേ പൂച്ച.

അവന്റെ കണ്ടുപിടിത്തം ഇങ്ങനെയായിരുന്നു.

“കുട്ടികളെ നമുക്ക്

പൂച്ചകളെ സ്നേഹിക്കുന്നവരെന്നും

പട്ടികളെ പ്രേമിപ്പിക്കുന്നവരെന്നും

രണ്ടായി തിരിക്കാം.

“നിന്റെ കൊച്ച്

പൂച്ചകളെപോലെ

സ്നേഹിക്കുന്നവരുടെ നേർക്ക്

ഗർവ് കാണിക്കുകയും

ഞാൻ ഇങ്ങനെയൊക്കെയാണെന്ന്

ഉദാസീനത കൊണ്ടുരുമ്മുകയും

ചെയ്യുന്നു.

പട്ടികളോട് പ്രേമമുള്ള കുഞ്ഞുങ്ങൾ

മറ്റെല്ലാവരോടും

അതിയായ അനുതാപത്തോടെ

വാലാട്ടുന്നു.’’

അവന്റെ കണ്ടുപിടിത്തമാണ്.

“നിനക്കും പൂച്ചയുടെ

ഛായ ഉണ്ടായിരുന്നിരിക്കണം.”

അവളുടെ കൈയിൽനിന്നും

അഞ്ചു വർഷക്കാലങ്ങളിൽ

ഊർന്നുപോയ

വലുതും ചെറുതുമായ

പൂച്ചപ്പാവകളുണ്ട്.

ടാക്സിയിൽ വെച്ച് അപ്രത്യക്ഷയായിപ്പോയ

വരയൻ പൂച്ച.

ഫ്ലാറ്റിന്റെ മുകൾനിലയിൽനിന്ന്

താഴേക്ക് വീണുപോയ റബർ പൂച്ച.

ഊട്ടിയിലെ തണുപ്പത്ത്

വിറങ്ങലിച്ചിരിപ്പുണ്ടാവും

മുറിവാലൻ പൂച്ച.

എന്റെ കണ്ടുപിടിത്തമാണ്.

ഞങ്ങളുടെ നഷ്ടങ്ങളെയാകെ

അവൾക്കുണ്ടായിരുന്ന പൂച്ച ബൊമ്മകളാൽ

കളംതിരിക്കാവുന്നതാണ്.

വാങ്ങിയ കടകളും നഗരങ്ങളും

അവയുടെ വിലക്കൂടുതലും കുറവും

ഏറ്റവും പ്രിയപ്പെട്ട പൂച്ചകൾ

ഇരുന്നയിടം ഇല്ലാതായ

ദുർവിധികളും.

എന്റെ കണ്ടുപിടിത്തമാണ്.

ഞങ്ങളുടെ കാൽച്ചുവട്ടിൽനിന്ന്

ഒലിച്ചുപോയ

മണ്ണടരുകൾ ഒക്കെയും

ഓരോരോ പൂച്ചക്കാലങ്ങളാണ്.

അവളുടെ രാത്രിയുറക്കങ്ങളിൽ

പഞ്ഞി പിന്നിയ പൂച്ചക്കൂട്ടുകളാണ്.

വാലാട്ടുവാൻ പട്ടികളില്ലാതിരുന്ന

ഭൂത വർത്തമാനങ്ങൾ മുഴുക്കെയും

പൂച്ച പ്രയാണങ്ങളാണ്.

വളരുന്തോറും വലുതായിക്കൊണ്ടിരിക്കുന്ന

അവളുടെ പൂച്ചപ്രേമം

അവന്റെ പഴയ കണ്ടുപിടുത്തത്തിനൊരു

മറുമൊഴി തയ്യാറാക്കുന്നുണ്ട്.

“നിങ്ങളുടെ കുട്ടി കട്ടെടുക്കപ്പെട്ട

ജീവിതത്തിന്റെ നേർക്ക് ഒരു

നായയെപോലെ മോങ്ങാതിരിക്കുകയും

മുറുക്കിപ്പിടിച്ച പഴയൊരു ഗർവിനെ

പൂച്ചയെന്ന് ലാളിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കുട്ടി

സ്നേഹിച്ചുവെന്ന് തോന്നിപ്പിക്കുക മാത്രം ചെയ്ത

മനുഷ്യരുടെ മുന്നിൽ

ശ്വാന ഭാവമില്ലാത്തൊരു

കാട്ടുപൂച്ചയായിതന്നെ തുടരുന്നു.’’

News Summary - Malayalam poem