Begin typing your search above and press return to search.

അമ്മായി

അമ്മായി
cancel

നല്ല വെളുത്തു തുടുത്ത നിറമുള്ള

ഒരമ്മായിയുണ്ടായിരുന്നു എനിക്ക്

കുടുംബത്തിലേറ്റവും കറുത്തവളായ എന്നെ

അവർക്കിഷ്ടമേയല്ലായിരുന്നു.

എന്റെ കറുപ്പും ഉന്തിയ പല്ലും

അവരെന്നും വെറുപ്പോടെ നോക്കി

അവരുടെ ചുരുണ്ട മുടി വാരിക്കെട്ടി

മുറ്റം തൂക്കുന്നത് കാണുമ്പോൾ

കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്ന്

വൈരൂപ്യങ്ങളുടെ ദൈവവുമായി

ഞാൻ കലഹിക്കാൻ തുടങ്ങും.

അമ്മായിയുടെ മുടിക്കെട്ടിൽനിന്നാണ്

ചുഴലിക്കാറ്റൊക്കെ

പുറപ്പെട്ടതെന്ന് ഞാനെഴുതി

അന്ന് രാത്രികൂടി

കായലിനക്കരെനിന്നും

നിലാവിന്റെ ഒരു തുണ്ട്

അമ്മായിയുടെ

തോളിൽ കയ്യിട്ട്

തെക്കോട്ട് നടക്കുന്നത്

ഞാൻമാത്രം കണ്ടു

പിന്നീടങ്ങോട്ട്

കാറ്റ്

മഞ്ഞ്

മഴ

വേനൽ

എന്നിങ്ങനെ പേരുകളുള്ളവർ

അമ്മായിയുടെ നാട്ടുരാജ്യങ്ങളായി

ഞാൻ മുറിക്ക് വെളിയിലിറങ്ങാതെ

അമ്മായിയെക്കുറിച്ച്

കവിതകളെഴുതിക്കൊണ്ടേയിരുന്നു.

അമ്മാവൻ മരിച്ച്

ഒരാണ്ടു

തികഞ്ഞ ഓർമ ദിവസം

അമ്മായി എന്റെ കറുത്ത കവിളിൽ

തലോടിക്കൊണ്ട് പറഞ്ഞു

‘‘നീ സുന്ദരിയാണ്

കാരണം

രാത്രികൾക്കിപ്പൊ നിന്റെ നിറമാണ്.’’

Show More expand_more
News Summary - malayalam poem