Begin typing your search above and press return to search.
വഴികൾ
Posted On date_range 16 Nov 2026 4:15 AM GMT
Updated On date_range 2026-11-16T09:46:16+05:30
camera_altചിത്രീകരണം: പാർഥസാരഥി കെ
കാര്യങ്ങൾ സങ്കീർണമാണ്
എളുപ്പമുള്ള വഴികൾ
നമ്മെ നരകത്തിലേക്ക് തന്നെ
നയിക്കുന്നു
നിറയെ പൂത്തും കായ്ച്ചും നിന്നിട്ടും
ഒരു പഴംപോലും നമുക്ക്
പൊട്ടിച്ചെടുക്കാനാവാത്ത
ഒരിടം
ഇനി സ്വർഗമായാലും
കാര്യങ്ങൾ വ്യത്യസ്തമല്ല എന്ന്
എഴുതിവെച്ച താക്കീതുകൾ പറയുന്നു.
ഇറുത്തെടുക്കുവാൻ ആവാത്ത പഴങ്ങളും
ഇഴഞ്ഞ് കയറുന്ന പാമ്പുകളും
വിഴുങ്ങാൻ കാത്തിരിക്കുന്ന അതിരുകളും.
ചുറ്റിക്കറങ്ങി വരുന്ന കാറ്റു മാത്രം
സത്യത്തിന്റെ മണങ്ങൾ
കൂടെക്കൊണ്ടുവരുന്നു.
കരിഞ്ഞ മാംസം, കണ്ണുമിഴിക്കുന്ന പൂവുകൾ
വെള്ളത്തിനായി പരതുന്ന ജ്വാലകൾ
സങ്കീർണതയുടെ അവശേഷിപ്പുകൾ.
ഇടയിലെവിടെയോ ഭൂമിയുമുണ്ട്
ലളിതമായ ഒരു വഴി
അതിനെ ചുറ്റി മറഞ്ഞുപോകുന്നു
കുരുവികൾ അതിന്റെ മാറിടത്തിൽനിന്നും
തേൻ കുടിക്കുന്നു.


