ഒ.പിയിൽ ഒരു ദിവസം

പഴയ കുറിപ്പുകൾ, ‘എക്സ്റേ, ബ്ലഡ് റിസൽട്ടുകൾ രാത്രി തന്നെ ഫയലാക്കി രാവിലത്തെ ബാഗിൽ കരുതിവെക്കണം. കുപ്പിയിൽ വെള്ളം, പാത്രത്തിൽ കാപ്പി, ഉച്ചക്കുള്ള ഊണ് അതീവ രാവിലെ ഒരുക്കിയെടുക്കണം. കിട്ടിയ ടോക്കൺ മുറുകെപ്പിടിക്കണം മുന്നിലത്തെ നമ്പർ കണ്ട് ആശങ്കപ്പെടുമ്പോൾ പുറകിലത്തെ എണ്ണം കണ്ട് ആശ്വാസപ്പെടണം. കാത്തിരിപ്പിന് കാലത്തെ വെല്ലുന്ന മടുപ്പാണ്. ഇന്നലെവരെ സമയം കുതിരകളിച്ച് നടന്നതാണ് ഇപ്പോൾ ഒച്ചിനെപ്പോലും നാണിപ്പിക്കുന്ന മട്ടാണ്. കാത്തിരിപ്പ് തരുന്നു ഭാവവ്യത്യാസങ്ങൾ “ഇപ്പോൾ വിളിക്കുമോ മോനെ?” “കുറേ നേരമായല്ലോ വന്നിട്ട്!” “എനിക്ക് ശേഷം വന്നവരെല്ലാം പോയി” തൂക്കുകയർ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പഴയ കുറിപ്പുകൾ,
‘എക്സ്റേ,
ബ്ലഡ് റിസൽട്ടുകൾ
രാത്രി തന്നെ
ഫയലാക്കി
രാവിലത്തെ ബാഗിൽ
കരുതിവെക്കണം.
കുപ്പിയിൽ വെള്ളം,
പാത്രത്തിൽ കാപ്പി,
ഉച്ചക്കുള്ള ഊണ്
അതീവ രാവിലെ
ഒരുക്കിയെടുക്കണം.
കിട്ടിയ ടോക്കൺ
മുറുകെപ്പിടിക്കണം
മുന്നിലത്തെ നമ്പർ കണ്ട്
ആശങ്കപ്പെടുമ്പോൾ
പുറകിലത്തെ എണ്ണം കണ്ട്
ആശ്വാസപ്പെടണം.
കാത്തിരിപ്പിന്
കാലത്തെ വെല്ലുന്ന
മടുപ്പാണ്.
ഇന്നലെവരെ സമയം
കുതിരകളിച്ച് നടന്നതാണ്
ഇപ്പോൾ ഒച്ചിനെപ്പോലും
നാണിപ്പിക്കുന്ന മട്ടാണ്.
കാത്തിരിപ്പ് തരുന്നു
ഭാവവ്യത്യാസങ്ങൾ
“ഇപ്പോൾ വിളിക്കുമോ മോനെ?”
“കുറേ നേരമായല്ലോ വന്നിട്ട്!”
“എനിക്ക് ശേഷം വന്നവരെല്ലാം പോയി”
തൂക്കുകയർ പ്രതീക്ഷിച്ച്
രാവ് വെളുപ്പിക്കുന്ന
പ്രതികൾപോലും
ഇതിലും ഭേദപ്പെട്ട
മാനസ സഞ്ചാരത്തിലാവാം.
റെക്കമന്റേഷൻ
റിസർവേഷൻ ഒക്കെ
വരുന്നു; പോകുന്നു!
ഇവിടെയിരുന്നിരുന്ന്
കസേരയിൽ
വേരിറങ്ങിയ മട്ടാണ്.
“മോനെ ഷുഗറുണ്ട്;
അടുത്തൊന്ന് വിളിക്കാമോ?’’
‘‘ആഹാരം കഴിച്ചിട്ട് വാ
നമ്പറായിട്ടില്ല.”
ആഹാരം
കഴിച്ചിട്ടിറങ്ങുന്നില്ല
കഴിച്ചുകൊണ്ടിരിക്കുമ്പോൾ
നമ്പർ വിളിക്കുമോ?
വിളിക്കുമ്പോൾ കണ്ടില്ലേൽ
വീണ്ടും അടിയിൽ
തിരുകിവെക്കുമോ?
ഇരുന്നിരുന്ന്
മയങ്ങിപ്പോയി
മയക്കത്തിലൊരു
മഴപെയ്തു
മഴയത്തിറങ്ങിനിന്നു
മഴയോടൊപ്പം നൃത്തം ചെയ്തു
നൃത്തത്തിനിടക്ക്
അമ്മ വിളിച്ചു
തലതടവി ഉച്ചിയിൽ
തിരുന്നൂറ് തിരുമ്മിതന്നു.
അമ്മയുടെ കൈപിടിച്ച്
അഗാധമായ ഇരുട്ടിലേക്ക്
പടവുകളിറങ്ങിപ്പോയി
ശരീരം
ഒരു കരിയിലപോലെ
കനം കുറഞ്ഞു.
ഒരു തണുത്ത കാറ്റ്
അലസമായി എന്നെ തഴുകി
ഞാനതിനോടൊപ്പം
പറന്നു നടന്നു...
സമയം എവിടെയൊക്കെയോ
കറങ്ങിത്തിരിഞ്ഞ്
എന്നെ വന്ന് വിളിച്ചുണർത്തി
കണ്ണ് തുറന്നപ്പോൾ
കയ്യിൽ സൂചി പിടിപ്പിച്ചിട്ടുണ്ട്.
തലക്കു മീതെ തൂങ്ങുന്നുണ്ട്
ഡ്രിപ്പ് കുപ്പി.
വെളുത്ത മാലാഖ ചോദിച്ചു:
“ഇപ്പോഴെങ്ങനെയുണ്ട്?”
‘‘അപ്പോഴെ ഞാൻ പറഞ്ഞതല്ലേ
സിസ്റ്ററേ,
എനിക്ക് ഷുഗർ ഉണ്ടെന്ന്...”


