വൃക്ഷങ്ങള്‍ സ്വന്തം പേരു പറയുന്ന വനം

അവര്‍ വീടെന്നും
ഞങ്ങള്‍ ഗുഹയെന്നും വിളിക്കുന്ന
മലയിടത്തില്നിന്നാണ് ആദ്യ കൂട്ടുകാരന്.
കാട്ടുമൃഗങ്ങളുടെ കൂടെ
അവനെന്നെ കാണുവാന്‍ വന്നു.
ഞാന്‍ നോക്കിയപ്പോള്‍
വനജീവിതങ്ങള്‍ അവനിലൊളിച്ചു.
മഞ്ഞ് പാദങ്ങളിലലിഞ്ഞു
മലങ്കാറ്റ് ശിരസ്സില്‍ ലയിച്ചു
പൂമരങ്ങള്‍ കൈവിരലുകളിലാഴ്ന്നു.
സൂര്യനെയും ചന്ദ്രനെയും
ഋതുക്കളെയും വലിക്കുന്ന മാന്കൂട്ടങ്ങള്
നെറ്റിയില്‍ തുടിച്ചുനിന്നു.
വൃക്ഷങ്ങളുടെ പേരുകള്‍ സൂക്ഷിക്കലായിരുന്നു
അവരുടെ കുലത്തൊഴില്‍.
പാറത്താളുകളിലും കൈവെള്ളയിലും
കണ്ണുകളിലുമെല്ലാവര് പേരുകളെഴുതി സൂക്ഷിച്ചു.
മുത്തച്ഛനറിയാവുന്ന പേരുകാരില്‍ പാതി
അവന്റെ അച്ഛനറിയില്ലായിരുന്നു,
അച്ഛനറിയാവുന്നതില് പാതി അവനും.
ഒരിക്കല്‍
പേരുകാരെ തിരഞ്ഞുപോകുമ്പോള്‍
അവനെന്നെയും കൊണ്ടുപോയി.
കാറ്റ് ഞങ്ങളെ ചിത്രശലഭങ്ങളുടെ ചിറകുകളിലിരുത്തി
മലഞ്ചെരുവുകളിലേക്ക്, പര്‍വതങ്ങളിലേക്ക് പറത്തിവിട്ടു.
വൃക്ഷങ്ങളുടെ കുഞ്ഞുങ്ങളുമായി
ആനത്തുമ്പികള്‍ പറന്നുപോകുന്നതു കണ്ടു.
ദാഹിച്ചപ്പോള്‍
അവനൊരു പേരുറക്കെ വിളിച്ചു.
മണ്ണിന്നുള്ളില്‍ നിന്നൊരു വേര് പൊന്തിവന്നു
പൂക്കള്‍ തണുപ്പിച്ച ജലം പെയ്തു.
ഒരിക്കല്‍
കാട്ടുവെള്ളച്ചാല്
അവനെഴുതിയ സന്ദേശവുമായി മുറ്റത്തുവന്നു.
ഇലകളിലെഴുതിയ ചിഹ്നങ്ങള്‍ വായിച്ച്
അവനെത്തേടിയിറങ്ങി.
വരകളും നിറങ്ങളും മനസ്സിലാകാതെ നില്ക്കുമ്പോള്
കിളികള്‍ വന്നതു വായിച്ചുതന്നു.
വൃക്ഷശിഖരങ്ങള്കൊണ്ട് മുഖം മറച്ച്
അവന് കാട്ടരുവിയുടെ ഒഴുക്കിലിരിക്കുന്നു.
അവനെന്റെ ശബ്ദം ചോദിച്ചു.
മലിനമായ എന്റെ ശബ്ദം
ജലത്തിലവന്‍ ശുദ്ധീകരിച്ചു.
അവനെന്റെ കൈപിടിച്ചു,
അവന്റെ കൈയൊരു മുളങ്കൂട്ടം ഇഴഞ്ഞുവന്നുപിടിച്ചു.
ഇടവും വലവും മദയാനകളും
പിന്നില്‍ കരടിയും
മുന്നില്‍ കടുവയും പുലിയും നടന്നു.
കണ്ണുകള്‍ വിതച്ച്
അവന് വളര്‍ത്തിയ
വനം
എനിക്കു മുമ്പില്‍ തുറന്നിട്ടു.
വൃക്ഷങ്ങള്‍
സ്വന്തം പേരു പറയുന്നു.